---
title: "കടിയങ്ങാട് ഇലക്ട്രിക്കല്‍ കടയിലെ മോഷണം; പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍"
english_title: "Theft at Katiyangad electrical shop; Perambra police arrest the accused within days"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329885/theft-at-katiyangad-electrical-shop-perambra-police-arrest-the-accused-within-days"
published_at: "2025-12-07T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69356a418504a_KADIKALLA.jpg"
keywords: []
---

# കടിയങ്ങാട് ഇലക്ട്രിക്കല്‍ കടയിലെ മോഷണം; പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍

> **Lead Summary:** പേരാമ്പ്ര: കടിയങ്ങാട് ഇലക്ട്രിക്കല്‍ കടയില്‍ മോഷണം നടത്തിയ പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കാരപ്പറമ്പില്‍ കോട്ടേഴ്സില്‍ താമസിക്കുന്ന മണിക്കുട്ടന്‍, മലപ്പുറം താനൂരില്‍ താമസിക്കുന്ന അജയന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

## Article Content

പേരാമ്പ്ര: കടിയങ്ങാട് ഇലക്ട്രിക്കല്‍ കടയില്‍ മോഷണം നടത്തിയ പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കാരപ്പറമ്പില്‍ കോട്ടേഴ്സില്‍ താമസിക്കുന്ന മണിക്കുട്ടന്‍, മലപ്പുറം താനൂരില്‍ താമസിക്കുന്ന അജയന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

നവംബര്‍ 29 ന് കടിയങ്ങാട് മലബാര്‍ ഇലക്ട്രിക്കല്‍സില്‍ നിന്നും ഏഴു ലക്ഷം രൂപയുടെ ചെമ്പുവയറുകളും എര്‍ത്ത് വയറുമാണ് മോഷണം പോയത്. പ്രതികള്‍ തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ വളരെ സമര്‍ത്ഥമായി നടത്തിയ മോഷണത്തില്‍ കയ്യറകള്‍, മഴക്കോട്ട്, മാസ്‌ക് എന്നിവ ധരിച്ചും, മോഷണം നടത്തിയ ഭാഗങ്ങളില്‍ മുളകു സ്‌പ്രേ അടിച്ചും, സിസിടിവ ക്യാമറകളും ഡിസ്‌പ്ലേയും നശിപ്പിച്ചതും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പൊലീസിനെ വലച്ചിരുന്നു.

തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പി രാജേഷ് എംപി യുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ജംഷിദിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സനദ് എന്‍ പ്രദീപ്, സജി ഷിനോബ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി വിനീഷ്, സിഞ്ചുദാസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജയേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു കണ്ടെത്തുകയും തുടര്‍ന്ന് പ്രതികള്‍ കുറുവാ സംഘവുമായി ബന്ധമുള്ളവരാണെന്നു മനസിലാക്കുകയും ചെയ്തു.

ഇവര്‍ കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനടുത്ത് തമിഴ് കോളനിയിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ അവിടെ നിന്നും കടന്നുകളഞ്ഞു. പിന്നീട് ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ നീക്കത്തില്‍ ഇന്‍സ്‌പെക്ടര്‍ ജംഷിദ്, എസ് ഐ സനദ് എന്‍ പ്രദീപ് , വിനീഷ് ,സിഞ്ചു ദാസ് ,ബോബി എന്നിവര്‍ ചേര്‍ന്ന് റോഡില്‍ വെച്ച് നടത്തിയ മല്‍പിടുത്തത്തിലൂടെയാണ് പ്രതികളെ പിടികൂടി കീഴടക്കിയത്.

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷണം നടത്തിയ ചില കേസുകള്‍ ഇവരെ പിടിച്ചതിലൂടെ തെളിഞ്ഞെന്നും മോഷണമുതലുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കാറുണ്ടെന്നും പ്രതികള്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ക്രിമിനല്‍ പാശ്ചാത്തലമുള്ള ഇവര്‍ക്ക് മുമ്പും സമാനമായ കളവു കേസുകളുള്ളതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329885/theft-at-katiyangad-electrical-shop-perambra-police-arrest-the-accused-within-days)