---
title: "ചക്കിട്ടപാറയില്‍ യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു"
english_title: "UDF manifesto released in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330016/udf-manifesto-released-in-chakkittapara"
published_at: "2025-12-08T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936806eb7787_qwa.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു

> **Lead Summary:** **ചക്കിട്ടപാറ: **കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനും വളര്‍ച്ചക്കും ഊന്നല്‍ നല്‍കി ചക്കിട്ടപാറയില്‍ യുഡിഎഫ് പ്രകടനപത്രിക ഗിരിജ ശശിക്ക് നല്‍കി ഡിസിസി ജനറല്‍ സെക്രട്ടറി പി. വാസു പ്രകാശനം ചെയ്തു. ബാബു കൂനന്തടം അധ്യക്ഷത വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനും വളര്‍ച്ചക്കും ഊന്നല്‍ നല്‍കി ചക്കിട്ടപാറയില്‍ യുഡിഎഫ് പ്രകടനപത്രിക ഗിരിജ ശശിക്ക് നല്‍കി ഡിസിസി ജനറല്‍ സെക്രട്ടറി പി. വാസു പ്രകാശനം ചെയ്തു. ബാബു കൂനന്തടം അധ്യക്ഷത വഹിച്ചു.

ജിതേഷ് മുതുകാട് പ്രകടന പത്രികയുടെ വിശദീകരണം നല്‍കി. ആവള ഹമീദ്, ജോര്‍ജ് മുക്കള്ളില്‍, ഗിരിജ ശശി, പാപ്പച്ചന്‍ കൂനന്തടത്തില്‍, അഹമ്മദ് പെരിഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. മുഴുവന്‍ സ്ഥാനാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

അതിരൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്നതിനായി കൃഷി ഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തെരഞ്ഞു പിടിച്ച് വെടി വെച്ച് കൊല്ലുന്നതിനായി വാര്‍ഡ് തലത്തില്‍ ദൈനംദിന എം. പാനല്‍ ഷൂട്ടര്‍മാരെ നിയോഗിക്കുമെന്നതാണ് ഇതില്‍ പ്രധാന പ്രഖ്യാപനം. കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യത്തിനറുതി വരുത്താനായി വിവിധ തരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമായി ഏര്‍പ്പെടുത്തും.

ചക്കിട്ടപാറ ടൗണില്‍ ഉള്‍പ്പടെ വൃത്തിയുള്ള പൊതു ശൗചാലയങ്ങള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. നിലവിലുള്ള ശൗചാലയം വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇതിനു മാറ്റം വരുത്തും. വര്‍ഷം തോറും ലക്ഷങ്ങള്‍ വകയിരുത്തി നവീകരിച്ചിട്ടും നന്നാവാത്ത ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഉപയോഗ യോഗ്യമാക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കും.

വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം ഉറപ്പു വരുത്തും. പകല്‍ വീടുകള്‍ കാര്യക്ഷമമാക്കും. ചക്കിട്ടപാറ ടൗണിലെ ഗതാഗത വികസനത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വര്‍ഷങ്ങളായി ഫ്‌ളക്‌സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം എന്ന ചക്കിട്ടപാറയിലെ കായിക പ്രേമികളുടെ സ്വപ്നം യുഡിഎഫ് യാഥാര്‍ത്ഥ്യമാക്കും.

സഞ്ചരിക്കാന്‍ സുഗമമായ വഴി പോലുമില്ലാത്ത പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തെ ആകര്‍ഷകമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. കുടിവെള്ളം, വിദ്യാഭ്യാസം, പട്ടികജാതി-പട്ടികവര്‍ഗ മേഖലകളുടെ വികസനത്തിനോടൊപ്പം തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലും ശ്രദ്ധ പുലര്‍ത്തും എന്നീ കാര്യങ്ങളടങ്ങിയതാണ് പ്രകടന പത്രിക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330016/udf-manifesto-released-in-chakkittapara)