---
title: "വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയില്‍ കര്‍ശന നിയന്ത്രണങ്ങള്‍"
english_title: "Strict restrictions in Perambra regarding voting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330788/strict-restrictions-in-perambra-regarding-voting"
published_at: "2025-12-12T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693c37663c99f_phsc.JPG"
keywords: []
---

# വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്‌ളാദ പ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്‌ളാദ പ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പ്രകടനങ്ങളുടെ റൂട്ട്, സമയം, തുടങ്ങിയവ മുന്‍കൂട്ടി പൊലീസില്‍ അറിയിച്ച് അനുമതി വാങ്ങിയശേഷം മാത്രം നടത്തേണ്ടതാണ്. ബൂത്ത് തലത്തില്‍ മാത്രം നടത്തുന്ന പ്രകടനങ്ങളുടെ, റൂട്ട് ,സമയം എന്നിവയും കൂടാതെ വാര്‍ഡ് തലത്തില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയുടെ പ്രകടനവും, മറ്റുതലത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പ്രകടനവും ഒരേ റൂട്ടില്‍ നടത്തുന്നുണ്ടെങ്കില്‍ പോലീസിന്റ അനുമതി വാങ്ങി റൂട്ട്, സമയം എന്നിവ പരസ്പര ധാരണയോടെ തീരുമാനിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ.

പൊലീസിന്റ അനുമതിയുള്ള വാഹനങ്ങളില്‍ മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളൂ. ഉച്ചഭാഷിണിയില്‍ അനുവദനീയമായ ശബ്ദത്തിലും, പൊതു ജനങ്ങള്‍ക്ക് അലോസരമുണ്ടാകാത്ത വിധത്തിലും മാത്രമേ ഉച്ഛഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളൂ. വിജയാഹ്‌ളാദ പ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മോട്ടോര്‍ വാഹന നിയമം പാലിച്ച് മാത്രമേ ആളുകളെ കയറ്റാന്‍ പാടുള്ളൂ (എം.സി വാഹനങ്ങളില്‍ രണ്ടുപേരും, തുറന്ന വാഹനങ്ങളില്‍ കേബിനില്‍ മാത്രമേ ആളുകളെ കയറ്റാന്‍ പാടുള്ളൂ).

സ്ഥാനാര്‍ത്ഥിയെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങളില്‍ മൂന്നുപേരില്‍ കൂടുതല്‍ ആളുകള്‍ കയറാന്‍ പാടുള്ളതല്ല. ഗുഡ്‌സ് വാഹനങ്ങളിലും മറ്റ് തുറന്ന വാഹനങ്ങളിലും ആളുകളെ കയറ്റി പ്രകടനങ്ങള്‍ നടത്താന്‍ പാടുള്ളതല്ല. കൗണ്ടിംഗ് സെന്റ്ററില്‍ നിന്നും ഏതെങ്കിലും പ്രകടനങ്ങള്‍ തുടങ്ങുന്നുണ്ടെങ്കില്‍ അവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും പ്രകടനം തുടങ്ങുന്ന സമയം, റൂട്ട് എന്നിവ അറിയിച്ചതിനു ശേഷം പൊലീസിന്റെ അനുമതി വാങ്ങി മാത്രമേ പ്രകടനം തുടങ്ങാന്‍ പാടുള്ളൂ.

പൊതുസ്ഥലങ്ങളിലും, പബ്ലിക് റോഡുകളിലും, ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലങ്ങളിലും, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. എതിര്‍കക്ഷികളുടെ വീടുകളുടേയോ, ഓഫീസുകളുടെയോ മുന്‍പില്‍ വെച്ച് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുത്. ഏതെങ്കിലും നിര്‍ദേശം ലംഘിച്ച് അശ്രദ്ധമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സ്‌കൂള്‍ ഗ്രൌണ്ടില്‍ മാത്രമേ നില്‍ക്കുവാന്‍ പാടുള്ളൂ. ഫയര്‍ഫോഴ്‌സ് ഗ്രൌണ്ടില്‍ നില്‍ക്കാന്‍ പാടില്ലാത്തതാണ്.

നാലുമണി മുതല്‍ 6 മണി വരെയുള്ള സമയത്ത് മറ്റു കക്ഷികളുടെ വിജയാഹ്ലാദപ്രകടനം നടത്താവുന്നതും പ്രകടനം ആരംഭിക്കുന്ന സമയം പൊലീസിനെ അറിയിച്ചു നിശ്ചയിച്ച സമയത്ത് മാത്രം പ്രകടനം നടത്തുകയും ചെയ്യേണ്ടതാണ്. മേല്‍ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ പൊലീസ് കര്‍ശനമായി നിയമനടപടി സ്വീകരിക്കുന്നതാണെന്നും പേരാമ്പ്ര ഡിവൈഎസ്പി എം.പി രാജേഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330788/strict-restrictions-in-perambra-regarding-voting)