---
title: "ചെറുപുഴ വീണ്ടെടുപ്പ്: നാളെ 5000 പേരുടെ സന്നദ്ധ ശ്രമദാനം ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗുരി ടി എന്‍ റെഡ്ഢി ഉദ്ഘാടനം"
english_title: "Cherupuzha recovery: District Collector Dr. Inauguration of Narasimhaghuri TN Reddy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33082/cherupuzha-recovery-district-collector-dr-inauguration-of-narasimhaghuri-tn-reddy"
published_at: "2022-03-21T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62388a2b49826_vvvv - Copy (3) - Copy.JPG"
keywords: []
---

# ചെറുപുഴ വീണ്ടെടുപ്പ്: നാളെ 5000 പേരുടെ സന്നദ്ധ ശ്രമദാനം ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗുരി ടി എന്‍ റെഡ്ഢി ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് ചെറുപുഴ ജനകീയ വീണ്ടെടുപ്പ് കടിയങ്ങാട് പാലത്തിന് സമീപം നാളെ രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന ശ്രമദാനം ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗുരി ടി എന്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് ചെറുപുഴ ജനകീയ വീണ്ടെടുപ്പ് കടിയങ്ങാട് പാലത്തിന് സമീപം നാളെ രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന ശ്രമദാനം ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗുരി ടി എന്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും.

5000 സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തിറങ്ങി പുഴ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കും. തുടര്‍ന്ന് കണ്ടല്‍ക്കാടുകളും മുളങ്കൂട്ടവും വെച്ചു പിടിപ്പിച്ചും.

കുളിക്കടവുകള്‍ ഒരുക്കിയും പുഴയെ പരിപാലിക്കും. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയുമായികൂടി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

501 അംഗ സര്‍വകക്ഷി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ദൗത്യം വിജയിപ്പിക്കാന്‍ അതിവിപുലമായ ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുഴയോര വാര്‍ഡുകളിലും കടിയങ്ങാട് - കൊളക്കണ്ടം മേഖലകളിലും വര്‍ണാഭമായ വിളംബര യാത്ര നടത്തി.

പല ഭാഗങ്ങളിലായി 700-ല്‍പരം പ്രചാരണ യോഗങ്ങളുമുണ്ടായി. ജലാശയ വീണ്ടെടുപ്പ് സന്ദേശം ലഘുലേഖകളിലൂടെ 9000 ത്തില്‍പരം വീടുകളില്‍ എത്തിച്ചു. വളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള വിഭവങ്ങള്‍ സംഭാവനയായി സമാഹരിച്ചു.

ശുചീകരണത്തിനുള്ള സാധന സാമഗ്രികള്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും ലഭ്യമാക്കും. കൂത്താളി പഞ്ചായത്ത് അതിര്‍ത്തിയോട് ചേര്‍ന്ന ഏരന്‍തോട്ടം പര്യയി കോവുപ്പുറം മുതല്‍ കല്ലൂര്‍ മൂഴി വരെയുള്ള ഏഴ് കിലോമീറ്റര്‍ വരുന്ന പുഴയാണ് മാലിന്യമുക്തമാക്കുന്നത്.

ഇരു കരഭാഗവും അളന്നു വിഭജിച്ച് 19 വാര്‍ഡു കമ്മിറ്റികള്‍ക്കായി ശ്രമദാനച്ചുമതല നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും വിവിധ സന്നദ്ധ സാംസ്‌ക്കാരിക സംഘടനകളും ഈ പ്രവര്‍ത്തനത്തില്‍ ഒപ്പം അണിചേര്‍ന്നിട്ടുണ്ട്.

എംഎല്‍എ മാരായ ടി.പി രാമകൃഷ്ണന്‍, കെ.പി കുഞ്ഞമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവരടക്കമുള്ള ജനപ്രതിനിധികളും സാംസ്‌ക്കാരിക നായകരും ഈ മാതൃകാ ദൗത്യത്തിന് ആശംസ നേരാനെത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33082/cherupuzha-recovery-district-collector-dr-inauguration-of-narasimhaghuri-tn-reddy)