---
title: "എല്‍ഡിഎഫ് കണ്‍വീനറുടെ നാട്ടിലെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് കനത്ത പരാജയം"
english_title: "LDF suffers heavy defeat in gram panchayats in LDF convener's hometown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330956/ldf-suffers-heavy-defeat-in-gram-panchayats-in-ldf-conveners-hometown"
published_at: "2025-12-13T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d409331cac_udf.JPG"
keywords: []
---

# എല്‍ഡിഎഫ് കണ്‍വീനറുടെ നാട്ടിലെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് കനത്ത പരാജയം

> **Lead Summary:** **പേരാമ്പ്ര **: എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ നാടായ പേരാമ്പ്രയില്‍ കനത്ത പരാജയം ഏറ്റുവാങ്ങി എല്‍ഡിഎഫും സിപിഐഎമ്മും. കഴിഞ്ഞ തവണ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഒരു പഞ്ചായത്ത് ഒഴികെ ആറു പഞ്ചായത്തുകളിലും ഭരണ നേതൃത്വത്തിലുണ്ടായിരുന്നത് എല്‍ഡിഎഫായിരുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വര്‍ഷങ്ങളായി ഭരിച്ചിരുന്നത് എല്‍ഡിഎഫാണ്. എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രമായി അറിയപ്പെട്ടിരുന്ന പേരാമ്പ്ര ഇത്തവണ യുഡിഎഫിന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്.

## Article Content

**പേരാമ്പ്ര **: എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ നാടായ പേരാമ്പ്രയില്‍ കനത്ത പരാജയം ഏറ്റുവാങ്ങി എല്‍ഡിഎഫും സിപിഐഎമ്മും. കഴിഞ്ഞ തവണ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഒരു പഞ്ചായത്ത് ഒഴികെ ആറു പഞ്ചായത്തുകളിലും ഭരണ നേതൃത്വത്തിലുണ്ടായിരുന്നത് എല്‍ഡിഎഫായിരുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വര്‍ഷങ്ങളായി ഭരിച്ചിരുന്നത് എല്‍ഡിഎഫാണ്. എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രമായി അറിയപ്പെട്ടിരുന്ന പേരാമ്പ്ര ഇത്തവണ യുഡിഎഫിന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ള പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, നൊച്ചാട്, കായണ്ണ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം കയ്യാളിയപ്പോള്‍ ചെറുവണ്ണൂര്‍ മാത്രമാണ് യുഡിഎഫിന്റെ കൈവശമുണ്ടായിരുന്നത്. ചെറുവണ്ണൂരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് വിജയിച്ചിരുന്നത്. അവിടുത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇ.ടി രാധയുടെ നിര്യാണത്തെ തുടര്‍ന്ന് ഇരുമുന്നണികള്‍ക്കും ഏഴ് സിറ്റുകള്‍ വീതമായി സമാസമമാവുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പില്‍ യുഡിഎഫിലെ എന്‍.ടി. ഷിജിത്ത് പ്രസിഡന്റാവുകയുമായിരുന്നു.

ഇ.ടി. രാധയുടെ നിര്യാണത്തെ തുടര്‍ന്ന് 15 ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എം. മുംതാസ് വിജയിച്ചതോടെ ഇവിടെ യുഡിഎഫ് ഭരണം ഉറപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇത്തവണ ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ചങ്ങരോത്ത്, കൂത്താളി ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ഈ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങി.

നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരു വാര്‍ഡ് മാത്രം കൈവശമുണ്ടായിരുന്ന യുഡിഎഫ് തങ്ങളുടെ സീറ്റ് ആറാക്കി ഉയര്‍ത്തി നിലമെച്ചപ്പെടുത്തി. കായണ്ണയില്‍ മാത്രമാണ് കഴിഞ്ഞ തവണത്തെ നില നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്. ബ്ലോക്ക് പഞ്ചായത്ത് നിലവില്‍ വന്ന ആദ്യ തവണ മാത്രം യുഡിഎഫ് ഭരിച്ചെങ്കിലും തുടര്‍ന്ന് കാലാകാലങ്ങളായി ഇവിടെ എല്‍ഡിഎഫാണ് ഭരണ സാരഥ്യത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഇരുമുന്നണികളും ഏഴ് സീറ്റുകള്‍ വീതം നേടി തുല്യ നിലയിലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330956/ldf-suffers-heavy-defeat-in-gram-panchayats-in-ldf-conveners-hometown)