---
title: "തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടം കൈവരിച്ച് കിഴക്കയില്‍ സഹോദരിമാര്‍"
english_title: "Sisters in the East achieve historic victory in local elections"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331019/sisters-in-the-east-achieve-historic-victory-in-local-elections"
published_at: "2025-12-13T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693da4587620e_saho.JPG"
keywords: []
---

# തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടം കൈവരിച്ച് കിഴക്കയില്‍ സഹോദരിമാര്‍

> **Lead Summary:** പേരാമ്പ്ര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് പേരാമ്പ്ര എരവട്ടൂരിലെ കിഴക്കയില്‍ വീട്ടിലെ സഹോദരിമാര്‍. കിഴക്കയില്‍ ഓമന അമ്മയുടെ മൂന്ന് പെണ്‍മക്കളായാണ് ഈ വിജയം സ്വന്തമാക്കിയത്.

## Article Content

പേരാമ്പ്ര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് പേരാമ്പ്ര എരവട്ടൂരിലെ കിഴക്കയില്‍ വീട്ടിലെ സഹോദരിമാര്‍. കിഴക്കയില്‍ ഓമന അമ്മയുടെ മൂന്ന് പെണ്‍മക്കളായാണ് ഈ വിജയം സ്വന്തമാക്കിയത്.

ഒരേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച വനജ, സരിതാ മുരളി, സജിത എന്നീ സഹോദരിമാരാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയക്കൊടി പാറിച്ചിരിക്കയാണ്. ഒരു വീട്ടിലെ മൂന്ന് പേര്‍ ഒരുമിച്ച് മത്സരിക്കുകയും മൂവരും വിജയിക്കുകയും ചെയ്യുന്നത് കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. ദേശീയതലത്തില്‍ പോലും അപൂര്‍വമായ ഈ നേട്ടം സംസ്ഥാനതലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

അച്ഛന്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ പൊതുപ്രവര്‍ത്തന പാത പിന്‍തുടര്‍ന്നാണ് മൂവരും സജീവ രാഷ്ട്രീയത്തിലെത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അമ്മ ഓമനയുടെ അനുഗ്രഹവും വാങ്ങി പോയവരാണ് വിജയം കൊയ്ത് തിരിച്ചെത്തിയത്. `

പ്രമുഖ മഹിളാ അസോസിയേഷന്‍ നേതാവായ വനജ (56) പേരാമ്പ്ര പഞ്ചായത്ത് 17-ാം വാര്‍ഡ് കന്നി അംഗത്തില്‍ വിജയിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണായിരുന്ന സരിതാ മുരളി (50) കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്, കൈവേലി ഡിവിഷന്‍ കായക്കൊടി പഞ്ചായത്തില്‍ ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സജിത (46) മണിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡിലാണ് മത്സര വിജയിയായത്.

യുഡിഎഫ് തരംഗത്തെ പോലും മറികടന്ന് വ്യക്തിപരമായ ജനസമ്മതിയും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവര്‍ത്തനവുമാണ് വിജയം കൈവരിക്കാന്‍ സഹായിച്ചതെന്ന് മൂന്ന് പേരും ഒരുപോലെ പറഞ്ഞു. നാടിന്റെ വികസനത്തോടൊപ്പം നാട്ടുകാരുടെ ക്ഷേമത്തിനായി പ്രയത്‌നിക്കുമെന്നും, അവരുടെ പ്രയാസത്തിലും സന്തോഷത്തിലും കൂടെയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331019/sisters-in-the-east-achieve-historic-victory-in-local-elections)