---
title: "എരവട്ടൂരില്‍ കാട്ടുപന്നികള്‍ വാഴകൃഷി നശിപ്പിച്ചു"
english_title: "Wild boars destroy banana crops in Eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331276/wild-boars-destroy-banana-crops-in-eravattur"
published_at: "2025-12-15T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fe2d75bfb2_VAZHA.jpg"
keywords: []
---

# എരവട്ടൂരില്‍ കാട്ടുപന്നികള്‍ വാഴകൃഷി നശിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: എരവട്ടൂരില്‍ കാട്ടുപന്നികള്‍ വാഴകൃഷി നശിപ്പിച്ചു. എരവട്ടൂര്‍ ഏരത്ത് മുക്കില്‍ മുള്ളന്‍ കുന്നുമ്മല്‍ താഴെ പറമ്പില്‍ കൃഷി ചെയ്ത 20 ഓളം വാഴകളാണ് ഇന്നലെ രാത്രിയിലിറങ്ങിയ ഒരുകൂട്ടം കാട്ടുപന്നികള്‍ നശിപ്പിച്ചത്.

## Article Content

പേരാമ്പ്ര: എരവട്ടൂരില്‍ കാട്ടുപന്നികള്‍ വാഴകൃഷി നശിപ്പിച്ചു. എരവട്ടൂര്‍ ഏരത്ത് മുക്കില്‍ മുള്ളന്‍ കുന്നുമ്മല്‍ താഴെ പറമ്പില്‍ കൃഷി ചെയ്ത 20 ഓളം വാഴകളാണ് ഇന്നലെ രാത്രിയിലിറങ്ങിയ ഒരുകൂട്ടം കാട്ടുപന്നികള്‍ നശിപ്പിച്ചത്.

പുതിയോട്ടില്‍ ബാലകൃഷ്ണന്‍, മുള്ളന്‍ കുന്നുമ്മല്‍ ഭാസ്‌കരന്‍ എന്നിവരുടെ വാഴത്തോട്ടത്തിലാണ് കൃഷിനാശമുണ്ടായത്. 3 മാസത്തോളം വളര്‍ച്ചയെത്തിയ 70 നേന്ത്രവാഴകള്‍ ആണ് തോട്ടത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ വാഴ നനക്കാന്‍ പോയപ്പോഴാണ് വാഴകള്‍ അധികവും നശിപ്പിച്ചതായി കണ്ടത്. വാഴകള്‍ എല്ലാം തന്നെ ചുവടോടെ പിഴുതുമാറ്റി നശിപ്പിച്ച നിലയിലാണുള്ളത്.

ബാങ്കില്‍ നിന്നും കടമെടുത്തും വായ്പവാങ്ങിയും എടുത്ത പണം മുടക്കി കന്നുകള്‍ വാങ്ങി കൃഷിയിറക്കിയ വാഴകളാണ് ഇപ്പോള്‍ നശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളതും നശിപ്പിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

തോട്ടത്തിന്റെ താഴേയുള്ള വയലില്‍ പന്നിക്കൂട്ടം സ്ഥിരമായി എത്താറുണ്ടെന്നും പന്നി ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331276/wild-boars-destroy-banana-crops-in-eravattur)