---
title: "ഭീതി പരത്തി ഭീമന്‍ തേനീച്ചക്കൂട്ടം"
english_title: "Giant swarm of bees spreads fear at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331609/giant-swarm-of-bees-spreads-fear-at-meppayoor"
published_at: "2025-12-17T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69427610ebb59_awee.JPG"
keywords: []
---

# ഭീതി പരത്തി ഭീമന്‍ തേനീച്ചക്കൂട്ടം

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയൂര്‍ മഠത്തും ഭാഗത്തെ നരിയാം പുറത്ത് ഷൈലജയുടെ വീട്ടുപറമ്പില്‍ ഭീതി പരത്തി ഭീമന്‍ തേനീച്ചക്കൂട്ടം. യന്ത്രം ഉപയോഗിച്ച് കാടുവെട്ടിതെളിക്കുന്നതിനിടയില്‍ ചങ്ങരം വെള്ളി സ്വദേശി രാമചന്ദ്രന്‍ നമ്പ്യാര്‍ ആണ് തേനീച്ചക്കൂട്ടത്തെ ആദ്യം കണ്ടത്.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയൂര്‍ മഠത്തും ഭാഗത്തെ നരിയാം പുറത്ത് ഷൈലജയുടെ വീട്ടുപറമ്പില്‍ ഭീതി പരത്തി ഭീമന്‍ തേനീച്ചക്കൂട്ടം. യന്ത്രം ഉപയോഗിച്ച് കാടുവെട്ടിതെളിക്കുന്നതിനിടയില്‍ ചങ്ങരം വെള്ളി സ്വദേശി രാമചന്ദ്രന്‍ നമ്പ്യാര്‍ ആണ് തേനീച്ചക്കൂട്ടത്തെ ആദ്യം കണ്ടത്.

കാടുവെട്ടുമ്പോള്‍ യന്ത്രം തേനീച്ചക്കൂടില്‍ തട്ടാതിരുന്നത് രക്ഷയായി. ഏകദേശം രണ്ട് മീറ്റര്‍ വിസ്തൃതിയിലാണ് തേനീച്ചക്കൂട് കണ്ടെത്തിയത്. തറനിരപ്പില്‍ നിന്ന് ഒരു അടിയോളം ഉയരത്തില്‍ കശുമാവിന്‍ തടിയോട് ചേര്‍ന്നാണ് തേനീച്ചക്കൂടുള്ളത്.

17-20 മില്ലിമീറ്റര്‍ നീളമുള്ളവയാണ് ഭീമന്‍ തേനീച്ചകളുടെ സാധാരണ വലുപ്പം. ഇതും അത്തരത്തിലുള്ളവയാണ്. മരങ്ങളുടെ കടകള്‍, പാറക്കെട്ടുകളുടെ താഴെ ഭാഗം, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് താഴെ തുറന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ഇവ കൂടുകള്‍ നിര്‍മ്മിക്കാറുള്ളത്. പൊതുവെ ശാന്തമാണെങ്കിലും പ്രതിരോധഘട്ടങ്ങളിലും ഭീഷണി നേരിടുമ്പോഴും ആക്രമണകാരികളാണിവ.

തേനീച്ച, കടന്നല്‍, വേഴാമ്പല്‍ തുടങ്ങിയ സാമൂഹിക പ്രാണികളെയും അവയുടെ ലാര്‍വകളെയും തേനും ഭക്ഷണമാക്കുന്ന തേന്‍ കൊതിച്ചി പരുന്ത് ആണ് ഇവയുടെ ശത്രുക്കള്‍. പരുന്തിന്റെ ആക്രമണം ഉണ്ടാവുമ്പോള്‍ പലപ്പോഴും ഇവ മനുഷ്യരെയടക്കം ആക്രമിക്കാറുണ്ട്.

സ്വാഭാവികമായി രൂപപ്പെടുന്നവയാണ് ഇവയുടെ കൂടുകള്‍. ഈ ഇനത്തെ പൊതുവെ വളര്‍ത്താറില്ല. തേന്‍, മെഴുക് എന്നിവയുടെ ഉറവിടമായി തേന്‍ വേട്ടക്കാര്‍ ഇവയെ പരിഗണിച്ചും ഉപയോഗിച്ചും വരുന്നു.

സാധാരണയായി 20-30 അടി ഉയരത്തിലാണ് ഈ ഇനത്തില്‍പ്പെട്ട തേനീച്ചകള്‍ കൂട് ഒരുക്കാറുള്ളതെന്ന് പ്രകൃതി നിരീക്ഷകന്‍ സത്യന്‍ മേപ്പയൂര്‍ പറഞ്ഞു. പാറ തേനീച്ച അല്ലെങ്കില്‍ ഭീമന്‍ തേനീച്ച എന്നൊക്കെ പറയാറുള്ള ഈ തേനീച്ചയുടെ ശാസ്തീയ നാമം ആപിസ് ഡോര്‍സാറ്റ എന്നാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331609/giant-swarm-of-bees-spreads-fear-at-meppayoor)