---
title: "വാളൂര്‍ എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച വിഷന്‍ സെന്റര്‍ ഉദ്ഘാടനം "
english_title: "Vision Center built by Valoor Educational and Charitable Trust to be inaugurated tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331843/vision-center-built-by-valoor-educational-and-charitable-trust-to-be-inaugurated-tomorrow"
published_at: "2025-12-18T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943e5f86be7b_PPPPPPPPPPPPP.jpg"
keywords: []
---

# വാളൂര്‍ എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച വിഷന്‍ സെന്റര്‍ ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര :** വാളൂര്‍ എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കായണ്ണയില്‍ പുതുതായി നിര്‍മിച്ച വിഷന്‍ സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ സാഹിബ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** വാളൂര്‍ എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കായണ്ണയില്‍ പുതുതായി നിര്‍മിച്ച വിഷന്‍ സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ സാഹിബ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യതീംഖാന കമ്മിറ്റി പുനരധിവാസപദ്ധതിയുടെ ഭാഗമായി കായണ്ണയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനവും പുതുതായി നിര്‍മിക്കുന്ന രണ്ടുവീടുകളുടെ ശിലാസ്ഥാപനവും അമീര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജില്ലാ പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി മുഖ്യ പ്രഭാഷണം നടത്തും.

മലയോര മേഖലയായ കായണ്ണയുടെ വിദ്യാഭ്യാസ വളര്‍ച്ച ലക്ഷ്യം വെച്ച് കൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സംരംഭകത്വ പരിശീലനം, കൗണ്‍സിലിംഗ് സെന്റര്‍, ലൈബ്രറി ആന്‍ഡ് റീഡിങ് റൂം തുടങ്ങി നാനാവിധത്തിലുള്ള ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് വിഷന്‍ സെന്ററിന്റെ കീഴില്‍ ഉദ്ദേശിക്കുന്നതെന്നും കൂടാതെ കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ പ്രദേശങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സിറൈസ് പദ്ധതിയുടെ കീഴിലുള്ള കനിവ് സബ് സെന്ററിന്റെ പ്രഖ്യാപനവും ശനിയാഴ്ച നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

രാവിലെ 9 30 ന് ആരംഭിക്കുന്ന ചടങ്ങ് സിറൈസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യും. ജമാ അത്തെ ഇസ്ലാമി ഹിന്ദ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സഈദ് എലങ്കമല്‍ മുഖ്യ പ്രഭാഷണം നടത്തും.

രാവിലെ 9 30 മുതല്‍ ശാന്തി ഹോസ്പിറ്റല്‍ ഓമശ്ശേരിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് പരിപാടികളിലും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ മുബീര്‍, ജനറല്‍ കണ്‍വീനര്‍ പി ഇബ്രാഹിം, വാളൂര്‍ എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ.സി പക്രന്‍, ഹല്‍ഖ നാസിം ഇബ്രാഹിം കുതിരോട്ട്, കനിവ് സബ് സെന്റര്‍ അസിസ്റ്റന്റ് കണ്‍വീനര്‍ കുഞ്ഞബ്ദുള്ള പുലൂക്കില്‍, ട്രസ്റ്റ് അംഗം പി.പി ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331843/vision-center-built-by-valoor-educational-and-charitable-trust-to-be-inaugurated-tomorrow)