---
title: "പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്തരിച്ചു"
english_title: "Renowned actor, director and screenwriter Sreenivasan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332075/renowned-actor-director-and-screenwriter-sreenivasan-passed-away"
published_at: "2025-12-20T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69461d1a8eeeb_fret.JPG"
keywords: []
---

# പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്തരിച്ചു

> **Lead Summary:** കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.1956 ഏപ്രില്‍ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു.

## Article Content

കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.1956 ഏപ്രില്‍ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു.

നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍ മകനാണ്. തന്റെ സ്‌കൂള്‍ ജീവിതം ശ്രീനി കതിരൂര്‍ ഗവ സ്‌കൂളിലും, കലാലയജീവിതം പഴശ്ശിരാജ എന്‍ എസ്സ് എസ്സ് കോളേജിലുമാണ് പൂര്‍ത്തിയാക്കിയത്.

പിന്നീട് അദ്ദേഹം മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് സഹപാഠിയായിരുന്നു. സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977-ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന് അഭിനയപാഠങ്ങള്‍ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിന്‍സിപ്പള്‍ ആയിരുന്ന എ പ്രഭാകരന്‍ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു.

കുറച്ചു ചെറിയ വേഷങ്ങള്‍ക്കു ശേഷം ശ്രീനി 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. അഭിനയത്തില്‍ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങള്‍ താഴെ പറയുന്ന ചിത്രങ്ങളിലാണ്. ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ.

പിതാവ് ഉണ്ണി സ്‌കൂള്‍ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി. ഭാര്യ വിമല. മക്കൾ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332075/renowned-actor-director-and-screenwriter-sreenivasan-passed-away)