---
title: "ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു"
english_title: "Local people's representatives take oath and assume office at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332299/local-peoples-representatives-take-oath-and-assume-office-at-perambra"
published_at: "2025-12-21T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947cbdfedb86_sder.JPG"
keywords: []
---

# ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

> **Lead Summary:** **പേരാമ്പ്ര **: തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും ഇന്ന് കാലത്ത് 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്കും വിവിധ ഗ്രാമപഞ്ചായത്ത് ഭരണസമിതികളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് അതാത് പഞ്ചായത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ സത്യവാചകം ചൊല്ലികൊടുത്തു.

## Article Content

**പേരാമ്പ്ര **: തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും ഇന്ന് കാലത്ത് 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്കും വിവിധ ഗ്രാമപഞ്ചായത്ത് ഭരണസമിതികളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് അതാത് പഞ്ചായത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ സത്യവാചകം ചൊല്ലികൊടുത്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യ പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് നടന്നത്. മുതിര്‍ന്ന അംഗം രാജന്‍ മരുതേരിക്ക് റിട്ടേണിംഗ് ഓഫീസര്‍ സി. അജയന്‍ സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് രാജന്‍ മരുതേരിയും സത്യ വാചകം ചൊല്ലി കൊടുത്തു.

14 ഭരണസമിതി അംഗങ്ങളില്‍ 7 പേര്‍ ദൃഢപ്രതിജ്ഞയും 6 പേര്‍ ദൈവനാമത്തിലും ഒരംഗം അല്ലാഹുവിന്റെ നാമത്തിലുമാണ് പ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ബന്ധുക്കളും ഉള്‍പ്പെടെ വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പ്രതിഞ്ജ ചടങ്ങിന് ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി യോഗവും ചേര്‍ന്നു. പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പ് അജണ്ടയിലാണ് യോഗം ചേര്‍ന്നത്. അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തലും നടത്തി യോഗം അവസാനിപ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം കെ.വി വത്സന്‍ നായര്‍ ആദ്യം സത്യവാചകം ചൊല്ലുകയും മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം നളിനി നെല്ലൂരും, നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ എസ്.കെ അസ്സയിനാറും, കൂത്താളി ഗ്രാമ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം പി.കെ. ശ്രീധരനും, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം മണ്ടയുള്ളതില്‍ ബാലനും നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം സി.കെ. ബാലകൃഷ്ണനും കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം സുജാത ടീച്ചറും ആദ്യം സത്യവാചകം ചൊല്ലുകയും മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332299/local-peoples-representatives-take-oath-and-assume-office-at-perambra)