---
title: "കോട്ടൂരില്‍ ഭാഗ്യദേവത ആരെ തുണയ്ക്കും; പ്രതീക്ഷയില്‍ മുന്നണികള്‍"
english_title: "Who will the goddess of luck support in Kottoor? Fronts are hopeful"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332431/who-will-the-goddess-of-luck-support-in-kottoor-fronts-are-hopeful"
published_at: "2025-12-22T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69490c7bf290a_nen.jpg"
keywords: []
---

# കോട്ടൂരില്‍ ഭാഗ്യദേവത ആരെ തുണയ്ക്കും; പ്രതീക്ഷയില്‍ മുന്നണികള്‍

> **Lead Summary:** **കൂട്ടാലിട: **കോട്ടൂരിലെ ഇടത് കോട്ട ഇത്തവണ ഒപ്പത്തിനൊപ്പം. ഗ്രാമപഞ്ചായത്തിലെ 20 സീറ്റുകളില്‍ 10 സീറ്റുകള്‍ വിതം നേടിയ ഇരുമുന്നണികളും ആകാംക്ഷയുടെ മുള്‍മുനയിലാണ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി പോരുന്ന ഗ്രാമപഞ്ചായത്താണ് കോട്ടൂര്‍. 1961 ല്‍ രൂപീകൃതമായ പഞ്ചായത്തില്‍ 1963 ല്‍ 7 വാര്‍ഡുകളിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സപ്ത മുന്നണിയിലെ ആര്‍.കെ. ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായി വന്നതൊഴിച്ചാല്‍ പിന്നീട് ഇതുവരെ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഇവിടെ ഭരണം നടത്തിയത്.

## Article Content

**കൂട്ടാലിട: **കോട്ടൂരിലെ ഇടത് കോട്ട ഇത്തവണ ഒപ്പത്തിനൊപ്പം. ഗ്രാമപഞ്ചായത്തിലെ 20 സീറ്റുകളില്‍ 10 സീറ്റുകള്‍ വിതം നേടിയ ഇരുമുന്നണികളും ആകാംക്ഷയുടെ മുള്‍മുനയിലാണ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി പോരുന്ന ഗ്രാമപഞ്ചായത്താണ് കോട്ടൂര്‍. 1961 ല്‍ രൂപീകൃതമായ പഞ്ചായത്തില്‍ 1963 ല്‍ 7 വാര്‍ഡുകളിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സപ്ത മുന്നണിയിലെ ആര്‍.കെ. ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായി വന്നതൊഴിച്ചാല്‍ പിന്നീട് ഇതുവരെ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഇവിടെ ഭരണം നടത്തിയത്.

1979 ല്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ 5 സീറ്റുകള്‍ വീതം വിജയിച്ച് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. അന്ന് നറുക്കെടുപ്പില്‍ വിജയം എല്‍ഡിഎഫിന് അനുകൂലമായിരുന്നു. സിഐ(എം)ലെ ടി.കെ ശ്രീധരനും കോണ്‍ഗ്രസിലെ മങ്ജാടന്‍ കണ്ടി ഗോവിന്ദന്‍ കുട്ടിയുമായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. നറുക്കെടുപ്പിലൂടെ ടി.കെ ശ്രീധരന്‍ പ്രസിഡന്റാവുകയായിരുന്നു.

1995 ല്‍ പതിനൊന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് 6 സീറ്റും യുഡിഎഫ് 5 സീറ്റും നേടിയിരുന്നു. 2000 ത്തില്‍ വാര്‍ഡുകളുടെ എണ്ണം 15 ആക്കി ഉയര്‍ത്തി. 2010 ല്‍ യഥാക്രമം 11-8 എന്ന നിലയിരുന്നു ഇവിടെത്തെ കക്ഷിനില. 2015 ല്‍ വാര്‍ഡുകളുടെ എണ്ണം 19 ആയി വര്‍ദ്ധിച്ചു. അന്ന് എല്‍ഡിഎഫ് 13 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ യുഡിഎഫിന് 6 വാര്‍ഡുകളിലേ വിജയം കണ്ടെത്താനായുള്ളൂ. 2020 ല്‍ എല്‍ഡിഎഫിന്റെ വാര്‍ഡുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് തങ്ങളുടെ സീറ്റുകള്‍ 8 ആക്കി ഉയര്‍ത്തി. കഴിഞ്ഞ തവണ യുഡിഎഫിന്റെ പക്കലുണ്ടായിരുന്ന 2 സീറ്റുകള്‍ ഇടതുമുന്നണി തിരിച്ചു പിടിച്ചെങ്കിലും എല്‍ഡിഎഫിന്റെ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫും പിടിച്ചെടുത്തതോടെ ഇത്തവണ ഇവിടെ 20 ല്‍ 10 സീറ്റുകള്‍ വീതം നേടി സമാസമം ആയിരിക്കുകയാണ്.

കോട്ടൂരിന്റെ മണ്ണില്‍ ഒരിക്കല്‍പോലും ഭരണം കിട്ടാത്ത യുഡിഎഫ് ഇത്തവണ 10 സീറ്റിലാണ് വിജയിച്ചത്. ഇക്കുറി ഇരു മുന്നണികളും ഒപ്പത്തിനൊപ്പം വന്നതിനാല്‍ ഭാഗ്യം ആരുടെ കൂടെയാകുമെന്നുള്ള ആകാംക്ഷയിലാണ് കോട്ടൂരിലെ ജനങ്ങള്‍. ഡിസംബര്‍ 27 നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നറുക്കെടുപ്പിലൂടെയായിരിക്കും അധികാരം ആര്‍ക്കാണെന്ന് തീരുമാനിക്കുക. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം സീറ്റുകള്‍ വിജയിച്ചു കയറിയതിനാല്‍ എല്ലാ കണ്ണുകളും ഇനി നറുക്കെടുപ്പിലേക്കാണ് തിരിയുന്നത്. അടുത്ത അഞ്ചുവര്‍ഷം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്ന തിയ്യതിക്കായി ഇരുമുന്നണികളും നെഞ്ചിടിപ്പോടുകൂടിയാണ് കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332431/who-will-the-goddess-of-luck-support-in-kottoor-fronts-are-hopeful)