---
title: "കൂത്താളിയെ നയിക്കാന്‍ ഇനി ഉമ്മര്‍ തണ്ടോറ "
english_title: "Ummer Thandora to lead Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333001/ummer-thandora-to-lead-koothali"
published_at: "2025-12-25T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cee1239f2a_sewy.JPG"
keywords: []
---

# കൂത്താളിയെ നയിക്കാന്‍ ഇനി ഉമ്മര്‍ തണ്ടോറ 

> **Lead Summary:** **പേരാമ്പ്ര : **കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്ത് ഇടത് ഭരണത്തിന് വിരാമമിട്ട് യുഡിഎഫ് കൂത്താളിയുടെ ഭരണ സിരാകേന്ദ്രത്തില്‍ എത്തിയപ്പോള്‍ നയിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സഹകാരിയും ജീവകാരുണ്യ പാലിയേറ്റീവ് പ്രവര്‍ത്തകനുമായ ഉമ്മര്‍ തണ്ടോറ തന്നെയാവുമെന്ന് ഉറപ്പായി.

## Article Content

**പേരാമ്പ്ര : **കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്ത് ഇടത് ഭരണത്തിന് വിരാമമിട്ട് യുഡിഎഫ് കൂത്താളിയുടെ ഭരണ സിരാകേന്ദ്രത്തില്‍ എത്തിയപ്പോള്‍ നയിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സഹകാരിയും ജീവകാരുണ്യ പാലിയേറ്റീവ് പ്രവര്‍ത്തകനുമായ ഉമ്മര്‍ തണ്ടോറ തന്നെയാവുമെന്ന് ഉറപ്പായി.

ഇടതു മുന്നണിയുടെ ഉറച്ച പഞ്ചായത്തുകളിലൊന്നായി മാറിയ കൂത്താളി ഇത്തവണ ഭരണമാറ്റമുണ്ടാവുമെന്ന സൂചന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പലഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. കരുത്തരെയും പരിചയ സമ്പന്നരെയും മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങിയ ഐക്യ ജനാധിപത്യ മുന്നണിക്ക് കൈവിട്ട് പോയ തങ്ങളുടെ ആധിപത്യം കൂത്താളിയില്‍ തിരിച്ച് പിടിക്കുക എന്ന ഏക ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഗ്രാമപഞ്ചായത്തിലെ 16 ല്‍ 12 വാര്‍ഡുകളും വാശിയേറിയ മത്സരത്തിനൊടുവില്‍ കൈപ്പിടിയിലാക്കിയ മുന്നണിക്ക് പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഏകകണ്ഠമായി ഉമ്മറിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയുമായ ഉമ്മര്‍ തണ്ടോറ പത്തു വര്‍ഷക്കാലം കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു.

കൂത്താളി കിഴക്കന്‍ പേരാമ്പ്രയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഉമ്മര്‍ പേരാമ്പ്രയിലെ ജീവകാരുണ്യ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍, കൂത്താളി പഞ്ചായത്ത് ആസൂത്രണ സമിതി അംഗം, പഞ്ചായത്ത് പാലിയേറ്റിവ് സമിതി ട്രെഷറര്‍, മഹാത്മാജി ലൈബ്രറി പ്രസിഡന്റ്, കിഴക്കന്‍ പേരാമ്പ്ര പടശേഖര സമിതി പ്രസിഡന്റ്, പേരാമ്പ്ര ആര്‍.പിഎഫ് ഡയറക്ടര്‍, പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

ജനങ്ങള്‍ക്കിടയില്‍ മികച്ച പൊതുപ്രവര്‍ത്തകനെന്ന അംഗീകാരം നേടിയ ഉമ്മര്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ശക്തി കേന്ദ്രമായ ഏഴാം വാര്‍ഡില്‍ നിന്ന് 205 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 1995 ല്‍ ഇതേ വാര്‍ഡില്‍ നിന്ന് വിജയിച്ച് ഗ്രാമപഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവവും ഇദ്ദേഹത്തിന് മുതല്‍ക്കൂട്ടാവുന്നു. അന്ന് എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റകളാിരുന്നു ലഭിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മര്‍ മത്സരിച്ചിരുന്നെങ്കിലും വോടളടുകള്‍ തുല്യമായതോടെ നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചില്ല. ജനങ്ങള്‍ നല്‍കിയ മികച്ച വിജയത്തിന് മികച്ച ഭരണത്തിലൂടെ നന്ദിയറിയിക്കാനാണ് ഉമ്മര്‍ തണ്ടോറയുടെയും യുഡിഎഫിന്റെയും തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333001/ummer-thandora-to-lead-koothali)