---
title: "ചങ്ങരോത്ത് പ്രസിഡന്റ് സ്ഥാനം ആദ്യം മുസ്ലീം ലീഗിന്"
english_title: "The post of Changaroth president goes to the Muslim League first"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333261/the-post-of-changaroth-president-goes-to-the-muslim-league-first"
published_at: "2025-12-26T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ed1dc7449f_NQASRRRR.JPG"
keywords: []
---

# ചങ്ങരോത്ത് പ്രസിഡന്റ് സ്ഥാനം ആദ്യം മുസ്ലീം ലീഗിന്

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ആദ്യം മുസ്ലീം ലീഗിന്. ഗ്രാമഞ്ചായത്തിലെ 20 സീറ്റുകളില്‍ 17 ലും വിജയിച്ച യുഡിഎഫില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം തുടരുകയായിരുന്നു. കോണ്‍ഗ്രസ് മത്സരിച്ച 11 സീറ്റില്‍ 10 സീറ്റിലും മുസ്ലീം ലീഗ് മത്സരിച്ച 7 സീറ്റിലും വിജയിച്ചിരുന്നു. രണ്ട് സീറ്റില്‍ യുഡിഎഫിന്റെ സഹകരണത്തോടെ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളും വിജയിച്ചിരുന്നു.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ആദ്യം മുസ്ലീം ലീഗിന്. ഗ്രാമഞ്ചായത്തിലെ 20 സീറ്റുകളില്‍ 17 ലും വിജയിച്ച യുഡിഎഫില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം തുടരുകയായിരുന്നു. കോണ്‍ഗ്രസ് മത്സരിച്ച 11 സീറ്റില്‍ 10 സീറ്റിലും മുസ്ലീം ലീഗ് മത്സരിച്ച 7 സീറ്റിലും വിജയിച്ചിരുന്നു. രണ്ട് സീറ്റില്‍ യുഡിഎഫിന്റെ സഹകരണത്തോടെ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളും വിജയിച്ചിരുന്നു.

കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫിന് ഒരംഗത്തിനെ മാത്രമേ വിജയിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. ഇത്രയും വലിയ വിജയം നേടിയിട്ടും പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഇവിടെ മുന്നണികള്‍  പ്രസിഡന്റ് സഥാനത്തിനായി തര്‍ക്കം തുടരുകയായിരുന്നു.

കോണ്‍ഗ്രസും ലീഗും പ്രസിഡന്റുമാരെ രണ്ടര വര്‍ഷം വീതം വെച്ച് എടുക്കലാണ് പതിവ്. അതില്‍ ആദ്യ തവണ ആര്‍ക്കെന്ന കാര്യത്തിലായിരുന്നു ഇരു പാര്‍ട്ടികളിലെയും പ്രാദേശിക നേതാക്കള്‍ തമ്മില്‍ തര്‍ക്കം.

കൂടുതല്‍ സീറ്റ് ലഭിച്ചത് തങ്ങള്‍ക്കാണെന്നും അതിനാല്‍ ആദ്യ ടേം തങ്ങള്‍ക്ക് വേണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ സമീപത്തെ പഞ്ചായത്തുകളിലെല്ലാം പ്രസിഡന്റ് പദവി കോണ്‍ഗ്രസിനാണെന്നും ഇവിടെ തങ്ങള്‍ക്ക് ലഭിക്കണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടതാണ് തര്‍ക്കം നീണ്ടു പോവാന്‍ കാരണമായത്.

യുഡിഎഫ് പഞ്ചായത്ത് തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫലം കണാതെ വന്നതോടെ വിഷയം ജില്ല കമ്മിറ്റിക്ക് വിടുകയായിരുന്നു. ഇന്ന് രാത്രി വൈകിയും ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയായിരുന്നു.

ഒടുവില്‍ ലീഗിന് വഴങ്ങി കോണ്‍ഗ്രസ് ആദ്യത്തെ രണ്ട് വര്‍ഷക്കാലം ലീഗിനും തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലം കോണ്‍ഗ്രസിനും എന്ന നിലയില്‍ തീരുമാനമായി.

പ്രസിഡന്റ് വനിത സംവരണമായ ഇവിടെ 11 ാം വാര്‍ഡില്‍ നിന്നുള്ള നസീമ വാഴയില്‍ പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവും 10 ാം വാര്‍ഡ് മെമ്പര്‍ എസ്. സുനന്ദ് വൈസ് പ്രസിഡന്റുമാവും എന്നാണ് സൂചന

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333261/the-post-of-changaroth-president-goes-to-the-muslim-league-first)