---
title: "സ്ഥാനമേറ്റ ഉടന്‍ ജനസേവനം; കുടിവെള്ള ടാങ്ക് ക്ലീന്‍ ചെയ്ത് മാതൃകയായി ഉബൈദ് വാഴയില്‍ "
english_title: "Public service immediately after assuming office; Ubaid Vazhayil sets an example by cleaning the drinking water tank"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333343/public-service-immediately-after-assuming-office-ubaid-vazhayil-sets-an-example-by-cleaning-the-drinking-water-tank"
published_at: "2025-12-27T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f8fb3ad00f_FTR.jpg"
keywords: []
---

# സ്ഥാനമേറ്റ ഉടന്‍ ജനസേവനം; കുടിവെള്ള ടാങ്ക് ക്ലീന്‍ ചെയ്ത് മാതൃകയായി ഉബൈദ് വാഴയില്‍ 

> **Lead Summary:** **ചെറിയകുമ്പളം: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പറായി സ്ഥാനമേറ്റ ഉടന്‍ തന്നെ ജനസേവനം തന്റെ പ്രവര്‍ത്തന ശൈലിയാക്കി മാറ്റി ഉബൈദ് വാഴയില്‍ മാതൃകയായി. തന്റെ വാര്‍ഡിലെ ആദ്യ സേവന പ്രവര്‍ത്തനമായി കട്ടന്‍കോട് കുടിവെള്ള ടാങ്ക് ക്ലീന്‍ ചെയ്ത് തന്റെ സേവനത്തിന് തുടക്കം കുറിച്ചു.

## Article Content

**ചെറിയകുമ്പളം: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പറായി സ്ഥാനമേറ്റ ഉടന്‍ തന്നെ ജനസേവനം തന്റെ പ്രവര്‍ത്തന ശൈലിയാക്കി മാറ്റി ഉബൈദ് വാഴയില്‍ മാതൃകയായി. തന്റെ വാര്‍ഡിലെ ആദ്യ സേവന പ്രവര്‍ത്തനമായി കട്ടന്‍കോട് കുടിവെള്ള ടാങ്ക് ക്ലീന്‍ ചെയ്ത് തന്റെ സേവനത്തിന് തുടക്കം കുറിച്ചു.

കുറ്റ്യാടി നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായ ഉബൈദ് വാഴയില്‍, പൊതുസേവന രംഗത്ത് വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. 2010-15 കാലയളവില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കാവില്‍ പി. മാധവന്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിപ്പിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി സമഗ്രമായി ശുചീകരിച്ചുകൊണ്ടാണ് വാര്‍ഡിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

67 വീടുകളിലേക്കും ഒരു അങ്കണ്‍വാടിയിലേക്കുമാണ് ഈ ടാങ്കില്‍ നിന്നുള്ള കുടിവെള്ള വിതരണം നടക്കുന്നത്. 15000 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ നിന്ന് പ്രതിദിനം ഏകദേശം 45,000 ലിറ്റര്‍ വെള്ളമാണ് ഈ കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. ഏറെക്കാലമായി ശുചീകരണമില്ലാതെ നിലനിന്നിരുന്ന ടാങ്കിന്റെ ശുചീകരണം നാട്ടുകാരില്‍ ആശ്വാസവും സന്തോഷവും ഉണ്ടാക്കി.

സ്ഥാനമേറ്റ് ആദ്യ പ്രവര്‍ത്തിയായി കുടിവെള്ള ശുചിത്വത്തിനാണ് മുന്‍ഗണന നല്‍കിയതെന്ന ഉബൈദ് വാഴയിലിന്റെ നടപടി പൊതുസേവന രംഗത്ത് മാതൃകയാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. ഗ്രാമത്തിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333343/public-service-immediately-after-assuming-office-ubaid-vazhayil-sets-an-example-by-cleaning-the-drinking-water-tank)