---
title: "സര്‍ഗാലയയില്‍ വര്‍ണ്ണക്കാഴ്ചകളുടെ പൂക്കാലം; വര്‍ണ്ണവിസ്മയമൊരുക്കി ഫ്‌ളവര്‍ഷോ"
english_title: "A colorful spectacle of flowers in Sargalaya; Flower Show creates a colorful spectacle"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334022/a-colorful-spectacle-of-flowers-in-sargalaya-flower-show-creates-a-colorful-spectacle"
published_at: "2025-12-31T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954d0574ce6b_cheruvannur.JPG"
keywords: []
---

# സര്‍ഗാലയയില്‍ വര്‍ണ്ണക്കാഴ്ചകളുടെ പൂക്കാലം; വര്‍ണ്ണവിസ്മയമൊരുക്കി ഫ്‌ളവര്‍ഷോ

> **Lead Summary:** **പേരാമ്പ്ര: **ഇരിങ്ങല്‍ സര്‍ഗാലയയിലെ കരകൗശല ഗ്രാമത്തില്‍ ഇപ്പോള്‍ പൂക്കളുടെയും വര്‍ണ്ണങ്ങളുടെയും ഉത്സവമാണ്. പ്രകൃതിഭംഗിയും പൂക്കളുടെ ഗന്ധവും നിറഞ്ഞ ഒരു സ്വപ്നഭൂമിയായി ഇവിടം മാറിയിരിക്കുന്നു.

## Article Content

**പേരാമ്പ്ര: **ഇരിങ്ങല്‍ സര്‍ഗാലയയിലെ കരകൗശല ഗ്രാമത്തില്‍ ഇപ്പോള്‍ പൂക്കളുടെയും വര്‍ണ്ണങ്ങളുടെയും ഉത്സവമാണ്. പ്രകൃതിഭംഗിയും പൂക്കളുടെ ഗന്ധവും നിറഞ്ഞ ഒരു സ്വപ്നഭൂമിയായി ഇവിടം മാറിയിരിക്കുന്നു.

പതിനായിരം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഒരു വലിയ നഴ്‌സറിയാണ് ഇവിടെ യുള്ളത്. കേവലം ചെടിച്ചട്ടികള്‍ നിരത്തി വെക്കുകയല്ല, മറിച്ച് കയറ്റവും ഇറക്കവും പുല്‍ത്തകിടികളുമുള്ള ഒരു ഉദ്യാനം പോലെയാണ് ഇത് ഒരുക്കിയിരിക്കുന്നത്. കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ള ഈ മേളയില്‍ ഫോട്ടോ എടുക്കാന്‍ ഒട്ടേറെ സ്‌പോട്ടുകള്‍, ഊഞ്ഞാലുകള്‍, കാളവണ്ടി, സൈക്കിള്‍, ജലധാരകള്‍ എന്നിവയുണ്ട്. രാത്രിയായാല്‍ വര്‍ണ്ണവിളക്കുകളാല്‍ പ്രദേശം കൂടുതല്‍ സുന്ദരമാകും.

ആസ്റ്റര്‍, ഡയാന്തസ്, ജമന്തി, ഡാലിയ, റോസാപ്പൂക്കള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ക്കൊപ്പം മനോഹരമായ ഇലച്ചെടികളും ഇവിടെ വിരിഞ്ഞുനില്‍ക്കുന്നു. വിവിധ ഇനം മാവ്, പ്ലാവ് ,പേര, തുടങ്ങിയ ഫലവൃക്ഷത്തൈകളും, ഗുണമേറിയ വിത്തുകളും ഇവിടെ ലഭ്യമാണ്. ഇവ വളര്‍ത്തിയെടുക്കാനുള്ള വിദഗ്ധ സഹായവും കൃഷിഭവന്‍ അധികൃതര്‍ നല്‍കുന്നുണ്ട്.

പിണറായി കൃഷിഭവന് കീഴിലുള്ള 'പിണറായി പൂക്കള്‍ കൃഷിക്കൂട്ടം' ആണ് ഈ മനോഹരമായ ഫ്‌ലവര്‍ ഷോ ഒരുക്കിയിരിക്കുന്നത്. പ്രകൃതിഭംഗിയും കരവിരുതും ഒത്തുചേരുന്ന ഈ മേള സന്ദര്‍ശകര്‍ക്ക് പുതിയൊരു അനുഭവം നല്‍കുന്നത് തന്നെയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334022/a-colorful-spectacle-of-flowers-in-sargalaya-flower-show-creates-a-colorful-spectacle)