---
title: "വിലങ്ങാട്ടെ പുനരധിവാസ ഫണ്ട് തടഞ്ഞതായി ആരോപിച്ച് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ് ഉപരോധിച്ചു"
english_title: "Tribal Extension Office under siege, alleging that Vilangatte rehabilitation funds were withheld"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334235/tribal-extension-office-under-siege-alleging-that-vilangatte-rehabilitation-funds-were-withheld"
published_at: "2026-01-01T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69564922ef098_cheruvannur.JPG"
keywords: []
---

# വിലങ്ങാട്ടെ പുനരധിവാസ ഫണ്ട് തടഞ്ഞതായി ആരോപിച്ച് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ് ഉപരോധിച്ചു

> **Lead Summary:** **പേരാമ്പ്ര: **വിലങ്ങാട് അടുപ്പില്‍ ഉന്നതിയിലെ പുനരധിവാസ ഫണ്ട് തടഞ്ഞതായി ആരോപിച്ച് പേരാമ്പ്രയിലെ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ് ഉപരോധിച്ച് ബിജെപി.

## Article Content

**പേരാമ്പ്ര: **വിലങ്ങാട് അടുപ്പില്‍ ഉന്നതിയിലെ പുനരധിവാസ ഫണ്ട് തടഞ്ഞതായി ആരോപിച്ച് പേരാമ്പ്രയിലെ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ് ഉപരോധിച്ച് ബിജെപി.

ട്രൈബല്‍ വകുപ്പ് ഒരു വര്‍ഷമായി തടഞ്ഞു വെച്ച പുനരധിവാസ ഫണ്ട് അനുവദിക്കുക അകാരണമായി ഫണ്ട് തടഞ്ഞു വെച്ച ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്.

2019 ല്‍ തകര്‍ന്ന വീടുകള്‍ പുര്‍നിര്‍മ്മിച്ച് നല്‍കുന്നതില്‍ ഉടമകള്‍ നേരിട്ട് നിര്‍മ്മിച്ച വീടുകളുടെ തുക നിര്‍മ്മാണം പൂര്‍ത്തിയായിട്ടും നല്‍കാന്‍ വകുപ്പ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായി സമരക്കാര്‍ ആംേരാപിച്ചു. ഇവിടെ ആകെ നിര്‍മ്മിക്കുന്ന 65 വീടുകളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 38 വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.

ബാക്കി 27 വീടുകളാണ് സ്വന്തം നിലക്ക് ഇവര്‍ നിര്‍മ്മിക്കുന്നത്. ഇതിനായി വീടുകള്‍ക്ക് 6 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ 5 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും മുഴുവന്‍ തുകയും നല്‍കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. 4 ലക്ഷം രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചതെന്നും ബാക്കി തുക നല്‍കാതെ ഉദ്യോഗസ്ഥര്‍ ഫണ്ട് തടഞ്ഞതായും ഇവര്‍ ആരോപിച്ചു. കാലത്ത് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പേ അടുപ്പില്‍ ഉന്നതിയിലെ വീടുകളുടെ തുക ലഭിക്കാത്തവരും ബിജെപി നേതാക്കളും പേരാമ്പ്രയിലെ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ് ഉപരോധം ആരംഭിച്ചു. ഇതോടെ ജീവനക്കാര്‍ ഓഫീസില്‍ കയറാനാകെ പുറത്ത് നില്‍ക്കേണ്ട അവസ്ഥ ഉണ്ടായി.

ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. ഷമീര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാതെ തങ്ങള്‍ പിരിഞ്ഞ് പോകില്ലെന്ന് സമരക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ജില്ല ഓഫീസറുമായി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ജില്ല ഓഫീസര്‍ സമര നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പണിപൂര്‍ത്തിയായ 5 വീടുകള്‍ക്ക് ഫണ്ട് കൈമാറാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

എസ്.സി. മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി വി.സി. ബിനീഷ്, ബി.ജെ.പി കോഴിക്കോട് നോര്‍ത്ത് ജില്ല ട്രഷറര്‍ സി.പി. വിപിന്‍ ചന്ദ്രന്‍, എം.സി അനീഷ്, ഡി.കെ മനു, നിഖില്‍ പേരാമ്പ്ര, അഖില്‍ നാളോം കണ്ടി, അനീഷ് മാത്യു, സുരേഷ്, പ്രിന്‍സി, ചന്ദ്രി, പ്രമീള സുഭാഷ്, ജാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334235/tribal-extension-office-under-siege-alleging-that-vilangatte-rehabilitation-funds-were-withheld)