---
title: "പുറയങ്കോട് മഹാ ശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും"
english_title: "This year's Aarattu festival at the Purayangode Maha Shiva Temple will be held tomorrow."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334444/this-years-aarattu-festival-at-the-purayangode-maha-shiva-temple-will-be-held-tomorrow"
published_at: "2026-01-02T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957b9b8aac77_moli_thomas.JPG"
keywords: []
---

# പുറയങ്കോട് മഹാ ശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും

> **Lead Summary:** **പേരാമ്പ്ര:** പുറയങ്കോട് മഹാ ശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം 2026 ജനുവരി 2 മുതല്‍ 8 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പുറയങ്കോട് മഹാ ശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം 2026 ജനുവരി 2 മുതല്‍ 8 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പാക്കനാരാല്‍ പ്രതിഷ്ഠിതമായ പൗരാണിക ക്ഷേത്രം. രണ്ട് ശ്രീകോവില്‍, രണ്ടിലും ശിവ പ്രതിഷ്ഠ, മധ്യത്തില്‍ രഹസ്യ വിധാനത്തില്‍ പൂജിക്കുന്ന ദേവ സങ്കല്‍പ്പം, ഹനുമാന്‍ സ്വാമിക്ക് പ്രതിഷ്ഠ, അവില്‍ നിവേദ്യം എന്നിവ നടക്കുന്നു.

മണിക്കിണര്‍ ഇല്ലാത്ത ഇവിടെ പ്രകൃതി ദത്തമായ വറ്റാത്ത നീരുറവയാണ് പുണ്യ തീര്‍ത്ഥമായ് ഉപയോഗിക്കുന്നത്. ഈ തീര്‍ത്ഥത്തിന് കാവേരി സംക്രമവുമായി ബന്ധമുണ്ടന്ന് ഐതിഹ്യങ്ങളുണ്ട്.

സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം നടക്കുന്ന രണ്ടാമത്തെ കൊടിയേറ്റ് ആറാട്ട് മഹോത്സവമാണ്. തുടര്‍ച്ചയായ് 12 ഭാഗവത സപ്താഹങ്ങളും 2024 ല്‍ നവീകരണ കശവും നടത്തപ്പെട്ടു. സന്താന സൗഭാഗ്യത്തിനും, സന്താന ഐശ്വര്യത്തിനുമായ് അടിമ മുട്ടല്‍ എന്ന വഴിപാട് നടക്കുന്ന പടിഞ്ഞാറ് ദര്‍ശനമായ അപൂര്‍വം ശിവക്ഷേത്രങ്ങളില്‍ ഒന്നാണീ ക്ഷേത്രം.

ഇന്ന് വൈകീട്ട് കലവറ നിറയ്ക്കല്‍, ആചാര്യ വരണം, ശുദ്ധിക്രിയകള്‍ എന്നിവ നടക്കും.തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രശസ്ത ഗായിക ആര്‍ജിതാ രതീഷ് മുഖ്യ അതിഥിയായി സംബന്ധിക്കും. ചടങ്ങില്‍ അഖിലേഷ് എന്‍ എം ക്ഷേത്രത്തില്‍ സമര്‍പ്പിച്ച എല്‍ഇഡി പാനല്‍ ബോര്‍ഡിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി ഡോ.ഏളപ്പിലഇല്ലം ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിക്കും.

രണ്ടാം ദിവസമായ നാളെ കാലത്ത് നടതുറക്കല്‍, ശുദ്ധി ക്രിയകളുടെ തുടര്‍ച്ച എന്നിവ നടക്കും. വൈകുന്നേരം മുളയിടല്‍ തുടര്‍ന്ന് ക്ഷേത്രം തന്ത്രി ഡോ. ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് ആറാട്ട് മഹോത്സവത്തിന് കൊടിയേറ്റം നിര്‍വഹിക്കും. മൂന്നാം ദിവസമായ ഞായറാഴ്ച കാലത്ത് നട തുറക്കല്‍ അഭിഷേകം മലര്‍ നിവേദ്യം, ഉഷ പൂജ, ഗണപതി ഹോമം, ശ്രീഭൂതബലി, മുളപൂജ, ഉച്ച പുജ, വൈകീട്ട് ദീപാരാധന, മുള പൂജ, അത്താഴ പൂജ, വിളക്കാചാരം, തൃപ്പുക തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ നടക്കും.

നാലാം ദിവസമായ തിങ്കളാഴ്ച ചെറുകൊടി സ്ഥാപനവും ക്ഷേത്ര ചടങ്ങുകളും നടക്കും. അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ പ്രശസ്തമായ ഉത്സവബലി നടക്കും. വൈകുന്നേരം വെള്ളൂര്‍ക്കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്നും ആരംഭിക്കുന്ന ആറാട്ട് എഴുന്നള്ളത്ത്. ആറാം ദിവസമായ ജനുവരി ഏഴ് ബുധനാഴ്ച ക്ഷേത്ര ചടങ്ങുകളും പള്ളിവേട്ട, പള്ളിക്കുറിപ്പ്, അഖണ്ഡനാമ ജപയജ്ഞം എന്നിവയും അവസാന ദിനമായ വ്യാഴാഴ്ച കാലത്ത് പള്ളിയുണര്‍ത്തല്‍, ഉഷ പൂജ തുടര്‍ന്ന് കുളിച്ചാറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. കൊടിയിറക്കലിനും കലശ പൂജ, ഉച്ച പൂജ, ശ്രീഭൂതബലി, ആചാര്യ ദക്ഷിണ എന്നിവക്ക് ശേഷം നടക്കുന്ന ആറാട്ട് സദ്യയോടെ ഉത്സവാഘോഷത്തിന് സമാപനമാവും.

എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് ശേഷം ക്ഷേത്ര സന്നിധിയില്‍ നൃത്ത സംഗീത പരിപാടികള്‍ ഉണ്ടാ യിരിക്കുന്നതാണന്നും ഭാര വാഹികള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഉത്സവ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ കേളോത്ത്, ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ഇ.ടി. ശ്രീനിവാസന്‍, പി.എം. ബിന്ദു എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334444/this-years-aarattu-festival-at-the-purayangode-maha-shiva-temple-will-be-held-tomorrow)