---
title: "പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പ്രതിജ്ഞ; നടപടി വേണമെന്ന് യുവമോര്‍ച്ച"
english_title: "Insulting oath against the Prime Minister; Yuva Morcha demands action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334893/insulting-oath-against-the-prime-minister-yuva-morcha-demands-action"
published_at: "2026-01-05T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bf735b0947_yove.JPG"
keywords: []
---

# പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പ്രതിജ്ഞ; നടപടി വേണമെന്ന് യുവമോര്‍ച്ച

> **Lead Summary:** **ചങ്ങരോത്ത്: **യുഡിഎഫ് ഭരണസമിതിക്ക് കീഴിലുള്ള ചങ്ങരോത്ത് പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ജോലി സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ അധിക്ഷേപകരമായ പ്രതിജ്ഞ ചൊല്ലിച്ചതായി പരാതി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിഷ്ണു അരീക്കണ്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

## Article Content

**ചങ്ങരോത്ത്: **യുഡിഎഫ് ഭരണസമിതിക്ക് കീഴിലുള്ള ചങ്ങരോത്ത് പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ജോലി സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ അധിക്ഷേപകരമായ പ്രതിജ്ഞ ചൊല്ലിച്ചതായി പരാതി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിഷ്ണു അരീക്കണ്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ചങ്ങരോത്ത് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് പാലേരി പാറക്കടവില്‍ ഇന്ന് രാവിലെ 9.45-ഓടെയാണ് വിവാദ സംഭവം നടന്നത്. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളുടെ ഫോട്ടോ എടുത്തതിനുശേഷമാണ് പ്രധാനമന്ത്രിയെയും കേന്ദ്ര ഗവണ്‍മെന്റിനെയും അവഹേളിക്കുന്ന രീതിയിലുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തതെന്ന് പരാതിയില്‍ പറയുന്നു.

തൊഴിലിടങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അധിക്ഷേപകരമായ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന സമയത്ത് ഒരു വിഭാഗം തൊഴിലാളികള്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയപ്രേരിത പ്രതിജ്ഞ എടുത്തതുമായി ബന്ധപ്പെട്ട സംഭവം പഞ്ചായത്ത് ഭരണസമിതി അറിഞ്ഞു കൊണ്ടല്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നസീമ വാഴയില്‍, വൈസ് പ്രസിഡണ്ട് എസ് സുനന്ദ് എന്നിവര്‍ അറിയിച്ചു. പഞ്ചായത്തിന് പരാതി കിട്ടിയാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334893/insulting-oath-against-the-prime-minister-yuva-morcha-demands-action)