---
title: "ആഴ്ചയില്‍ ഒരു ദിവസം ബിരിയാണിയുമായി വന്മുകം -എളമ്പിലാട് എംഎല്‍പി സ്‌കൂള്‍"
english_title: "Vanmukam - Elambilad MLP School with biryani one day a week"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336101/vanmukam-elambilad-mlp-school-with-biryani-one-day-a-week"
published_at: "2026-01-13T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965e2329a751_GTR.jpg"
keywords: []
---

# ആഴ്ചയില്‍ ഒരു ദിവസം ബിരിയാണിയുമായി വന്മുകം -എളമ്പിലാട് എംഎല്‍പി സ്‌കൂള്‍

> **Lead Summary:** **ചിങ്ങപുരം: **ചിങ്ങപുരം വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ 'അന്നം അമൃതം' പദ്ധതിയിലൂടെ എല്ലാ ആഴ്ചയും പിറന്നാളാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ബിരിയാണി നല്‍കി വരുന്നു. ടീച്ചറേ ഇന്ന് ആരുടെ പിറന്നാളാ , രാവിലെ തന്നെ കുട്ടികളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം ഇന്ന് ബിരിയാണി ഉണ്ടോന്നറിയാനുള്ള ആകാംക്ഷയാണ്.

## Article Content

**ചിങ്ങപുരം: **ചിങ്ങപുരം വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ 'അന്നം അമൃതം' പദ്ധതിയിലൂടെ എല്ലാ ആഴ്ചയും പിറന്നാളാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ബിരിയാണി നല്‍കി വരുന്നു. ടീച്ചറേ ഇന്ന് ആരുടെ പിറന്നാളാ , രാവിലെ തന്നെ കുട്ടികളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം ഇന്ന് ബിരിയാണി ഉണ്ടോന്നറിയാനുള്ള ആകാംക്ഷയാണ്.

സ്‌കൂളിലെ കുട്ടികളും, അധ്യാപകരും തങ്ങളുടെ പിറന്നാള്‍, കൂട്ടുകാര്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കി ആഘോഷമാക്കി മാറ്റി വരുന്നു. ബിരിയാണിയുടെ ചിലവിലേക്കുള്ള ഒരു വിഹിതം പിറന്നാളുകാരനില്‍ നിന്നും, ബാക്കി തുക ഉച്ചഭക്ഷണ കമ്മിറ്റിയും കണ്ടെത്തിയാണ് ആഴ്ചയിലൊരിക്കള്‍ ബിരിയാണി നല്‍കി വരുന്നത്.

ചില ആഴ്ചകളില്‍ ഒന്നില്‍ കൂടുതല്‍ ദിവസവും ഉണ്ടാവും. അടുത്തടുത്ത ദിവസങ്ങളില്‍ ബിരിയാണി വരുമ്പോള്‍ മന്തിയിലേക്കും, നെയ്‌ച്ചോറിലേക്കും മെനു മാറ്റിയും കുട്ടികളുടെ രുചി വൈവിധ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണമൊരുക്കുകയാണീ വിദ്യാലയം.

'അന്നം അമൃതം' പദ്ധതിയിലൂടെ മികച്ച ഭക്ഷണ ശീലം ഉറപ്പാക്കാനുള്ള ഇടപെടലുകളും നടത്തി വരുന്നുണ്ട്. ഓരോ ദിവസവും ഉച്ചഭക്ഷണ സമയത്ത് കുട്ടികളുടെ പ്രത്യേക സംഘം ക്ലാസുകള്‍ സന്ദര്‍ശിച്ച് പുറത്ത് വീണ ചോറ് മണികള്‍ എണ്ണി നോക്കി പ്രത്യേക റജിസ്റ്ററില്‍ രേഖപ്പെടുത്തി മികച്ച ഭക്ഷണ ക്രമം പാലിച്ച കുട്ടികളെയും, ക്ലാസിനെയും ഓരോ മാസവും കണ്ടെത്തി സമ്മാനദാനവും നടത്തി വരുന്നു.

വീട്ടില്‍ കൃഷി ചെയ്ത വിഷരഹിത പച്ചക്കറികള്‍ സമാഹരിച്ച് ഉച്ച ഭക്ഷണ വിഭവങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്താനും ഈ പദ്ധതിയിലൂടെ വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിന് സാധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336101/vanmukam-elambilad-mlp-school-with-biryani-one-day-a-week)