---
title: "യാത്രാദുരിതം; 12 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കും"
english_title: "Travel disruption; 12 KSRTC services will be allowed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/336210/travel-disruption-12-ksrtc-services-will-be-allowed"
published_at: "2026-01-13T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6966860192865_kkki.jpg"
keywords: []
---

# യാത്രാദുരിതം; 12 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കും

> **Lead Summary:** **കോഴിക്കോട്: **യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ അധ്യക്ഷതയില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വി.എം ഷാജി, എ.ടി.ഒ രഞ്ജിത്ത്, ഇന്‍സ്പെക്ടര്‍ ഇന്‍-ചാര്‍ജ് എസ് ഷിബു എന്നിവര്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ബസ് സര്‍വീസുകള്‍ക്ക് ധാരണയായത്.

## Article Content

**കോഴിക്കോട്: **യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ അധ്യക്ഷതയില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വി.എം ഷാജി, എ.ടി.ഒ രഞ്ജിത്ത്, ഇന്‍സ്പെക്ടര്‍ ഇന്‍-ചാര്‍ജ് എസ് ഷിബു എന്നിവര്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ബസ് സര്‍വീസുകള്‍ക്ക് ധാരണയായത്.

വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടുകളില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെ വടകരയില്‍നിന്ന് ആരംഭിച്ച് രാവിലെ 10 മണിയോടെ മൈസൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിക്കുക.

മണിയൂര്‍, വേളം ഗ്രാമപഞ്ചായത്തുകളിലെ ഗതാഗത പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാവിലെ വടകരയില്‍നിന്ന് മണിയൂരിലേക്ക് പുതുതായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചതായി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തില്‍ ഗ്രാമവണ്ടി സര്‍വീസ് നടപ്പാക്കിയതോടെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുറ്റ്യാടി റൂട്ടിലെ രാത്രികാല യാത്രാദുരിതം പരിഹരിക്കാന്‍ ബസ് സര്‍വീസുകളുടെ ആവശ്യകത എം.എല്‍.എ ഗതാഗത വകുപ്പ് മന്ത്രി ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വടകരയില്‍നിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് ബസ് സര്‍വീസുകള്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/336210/travel-disruption-12-ksrtc-services-will-be-allowed)