---
title: "ശ്രദ്ധ 24 x 7 കര്‍മ്മ പദ്ധതി ഫെബ്രുവരി ഒന്ന് മുതല്‍"
english_title: "Shraddha 24 x 7 action plan from February 1st"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337349/shraddha-24-x-7-action-plan-from-february-1st"
published_at: "2026-01-20T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f720ecdd86_dre.jpg"
keywords: []
---

# ശ്രദ്ധ 24 x 7 കര്‍മ്മ പദ്ധതി ഫെബ്രുവരി ഒന്ന് മുതല്‍

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് (കെഐപി) പേരാമ്പ്ര സോണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ 'ശ്രദ്ധ 24 ഃ 7' എന്ന പേരിലുള്ള കര്‍മ്മ പദ്ധതി, കുന്നുമ്മല്‍ മുതല്‍ നടുവണ്ണൂര്‍ വരെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ 2026 ഫെബ്രുവരി ഒന്നാം തീയതി മുതല്‍ നടപ്പിലാക്കപ്പെടുകയാണെന്നും ഗ്രാമപഞ്ചായത്തും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടതായും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് (കെഐപി) പേരാമ്പ്ര സോണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ 'ശ്രദ്ധ 24 ഃ 7' എന്ന പേരിലുള്ള കര്‍മ്മ പദ്ധതി, കുന്നുമ്മല്‍ മുതല്‍ നടുവണ്ണൂര്‍ വരെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ 2026 ഫെബ്രുവരി ഒന്നാം തീയതി മുതല്‍ നടപ്പിലാക്കപ്പെടുകയാണെന്നും ഗ്രാമപഞ്ചായത്തും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടതായും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തീവ്രമായ രോഗപീഢയും യാതനയും അനുഭവിക്കുന്ന കിടപ്പിലായ രോഗികള്‍ക്ക് രാത്രി - പകല്‍ ഭേദമന്യേ ആഴ്ചയില്‍ ഏഴ് ദിവസവും വൈദ്യശുശ്രൂഷയും പരിചരണവും ലഭ്യമാക്കുക എന്നതാണ് 'ശ്രദ്ധ '24 ഃ 7' പദ്ധതി വഴി ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ അകപ്പെടുന്ന രോഗികളുടെ അടുത്ത്, രോഗവിവരം അറിയുന്ന മുറക്ക് (പരമാവധി ഒരു മണിക്കൂറിനകം) എത്തി സാന്ത്വന പരിചരണം നല്‍കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്.

കുന്നുമ്മല്‍ മുതല്‍ നടുവണ്ണൂര്‍ വരെയുള്ള കെഐപിയിലെ പന്ത്രണ്ട് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ ഈ പദ്ധതിയില്‍ കണ്ണിചേരും. 'സമഗ്രവും സാര്‍വത്രികവുമായ സാന്ത്വനപരിചരണം' എന്ന ഐഎപിസി (ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍) യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ചുവട് വെപ്പാണ് പേരാമ്പ്ര സോണില്‍ നടപ്പിലാക്കപ്പെടുന്നത്. പന്ത്രണ്ട് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ യോജിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഇങ്ങനെയൊരു സംരംഭം ജില്ലയില്‍ ആദ്യത്തേതാണ്.

മാനവികതയുടെ പ്രകാശം പരത്തുന്ന ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ജനങ്ങളുടെ ക്രിയാത്മക പങ്കാളിത്തവും സഹകരണവും അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. പേരാമ്പ്ര സോണിന്റെ പരിധിയില്‍ വരുന്ന സ്‌നേഹ കക്കട്ടില്‍, കെയിന്‍ കായക്കൊടി, സ്പര്‍ശം കായക്കൊടി, സാന്ത്വന മരുതോങ്കര, വേളം പാലിയേറ്റീവ്, കരുണ കുറ്റ്യാടി, ദയ പേരാമ്പ്ര, ക്രസന്റ്‌റ് മുയിപ്പോത്ത്, കൂട്ടാലിട പാലിയേറ്റീവ്, നടുവണ്ണൂര്‍ പാലിയേറ്റീവ്, ശാന്തി ചക്കിട്ടപാറ, സാന്ത്വനം കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള ട്രസ്റ്റ് ബോര്‍ഡിന്റെ നിയന്ത്രണത്തിലും നേതൃത്വത്തിലുമായിരിക്കും പദ്ധതി നടപ്പിലാക്കപ്പെടുക. സേവനനിരതരായ രണ്ട് ഹോം കെയര്‍ ടീമുകള്‍ കുറ്റ്യാടി, പേരാമ്പ്ര കേന്ദ്രങ്ങളില്‍ രോഗികളുടെ സാന്ത്വന പരിചരണത്തിനായി ഒരുങ്ങി നില്‍ക്കും. അതത് സ്ഥലത്തെ പാലിയേറ്റീവ് യൂണിറ്റുകള്‍ അറിയിക്കുന്ന മുറക്ക് ഹോം കെയര്‍ ടീമുകള്‍ സേവനരംഗത്തിറങ്ങും. സാന്ത്വന സേവനം തികച്ചും സൗജന്യമായിരിക്കും.

നഴ്സുമാര്‍, ഡ്രൈവര്‍മാര്‍, അടിയന്തിര സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ ഹോം കെയര്‍ ടീമില്‍ ഉണ്ടായിരിക്കും. മനുഷ്യത്വ പൂര്‍ണമായ ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ജനങ്ങളുടെ സംഘടനയുടെ/സ്ഥാപനത്തിന്റെ പൂര്‍ണ പങ്കാളിത്തവും പിന്‍ബലവും ഉണ്ടാകണമെന്നും സംഘാടകര്‍ പറഞ്ഞു. ഈ പ്രൊജക്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ രോഗികളില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ വിശദീകരണം ആവശ്യമാകുന്ന പക്ഷം ശ്രദ്ധയുടെ പ്രവര്‍ത്തകര്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ്. 2026 ഫിബ്രവരി ഒന്നിന് വൈകീട്ട് 4 മണിക്ക് പദ്ധതിയുടെ ഉദ്ഘാടനം കുറ്റ്യാടിയില്‍ നടക്കും. അതിന് മുമ്പ് ജനവരി 23 ന് കുറ്റ്യാടിയില്‍ നടക്കുന്ന പാലിയേറ്റീവ് ജില്ലാ സംഗമത്തില്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഫിബ്രവരി ഒന്നിന് തന്നെ പേരാമ്പ്ര ഏരിയയിലും പദ്ധതി ആരംഭിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ശ്രദ്ധ കോഡിനേറ്റര്‍ വി.പി. രജീഷ് കുമാര്‍, കെഐപി സോണല്‍ ചെയര്‍മാന്‍ കെ.എം മുഹമ്മദലി, എന്‍.കെ മജീദ്, ഇ.പി കുഞ്ഞബ്ദുള്ള, പി.പി. ഉണ്ണികൃഷ്ണന്‍, ശ്രീധരന്‍ പെരുവണ്ണാമൂഴി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337349/shraddha-24-x-7-action-plan-from-february-1st)