---
title: "രതീഷിനും കുടുംബത്തിനും വീടുവെക്കാന്‍ ഭൂമിയുടെ തരം മാറ്റി കിട്ടണം"
english_title: "Ratheesh and his family need to change the type of land to build a house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33744/ratheesh-and-his-family-need-to-change-the-type-of-land-to-build-a-house"
published_at: "2022-03-24T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# രതീഷിനും കുടുംബത്തിനും വീടുവെക്കാന്‍ ഭൂമിയുടെ തരം മാറ്റി കിട്ടണം

> **Lead Summary:** ** പേരാമ്പ്ര : **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 8 ാം വാര്‍ഡില്‍ താമസിക്കുന്ന കേളോത്ത് താഴ രതീഷിനും കുടുംബത്തിനും വീട് വെക്കണമെങ്കില്‍ അധികൃതരുടെ കൃപയുണ്ടാകണം.

## Article Content

** പേരാമ്പ്ര : **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 8 ാം വാര്‍ഡില്‍ താമസിക്കുന്ന കേളോത്ത് താഴ രതീഷിനും കുടുംബത്തിനും വീട് വെക്കണമെങ്കില്‍ അധികൃതരുടെ കൃപയുണ്ടാകണം.

ലൈഫ് മിഷനില്‍ നിന്നും വീട് നിര്‍മ്മാണത്തിന് രുപ അനുവദിച്ച് കിട്ടിയെങ്കിലും സ്വന്തം ഭൂമിയില്‍ വീട് വെക്കാനാവാത്ത സ്ഥിതിയിലാണുള്ളത്.

പതിമൂന്ന് വര്‍ഷം മുമ്പ് വാങ്ങിയ 10 സെന്റ് സ്ഥലത്തില്‍ കുടില്‍കെട്ടിയാണ് ഈ കുടുംബം താമസിച്ചുവരുന്നത്. പ്രായമായ നിത്യരോഗിയായ അമ്മയും ഭാര്യയും മകളുമടങ്ങുന്ന കുടുംബം താമസിച്ചു വരുന്ന കൂര മാറ്റി നല്ലൊരു വീട് എന്നത് ചെത്ത് തൊഴിലാളിയായ രതീഷിന്റെ സ്വപ്‌നമായിരുന്നു.

ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചതിനെ തുടര്‍ന്ന് തറയുടെ നിര്‍മ്മാണം നടത്തുകയും ബില്‍ഡിംഗ് പെര്‍മിറ്റിന് അനുവദിക്കായി 2018 ജൂണ്‍ 16 അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് ഭൂമി തരം മാറ്റാതെ പെര്‍മിറ്റ് ലഭിക്കുകയില്ലെന്ന് അറിയുന്നത്.

തുടര്‍ന്ന് ഭൂമി തരം മാറ്റുന്നതിനായി ആര്‍ഡിഒക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ കൃഷി ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രസ്തുത സ്ഥലത്ത് നീര്‍ച്ചാലുണ്ടെന്ന കാരണത്താല്‍ ഭൂമി തരം മാറ്റികിട്ടിയില്ലെന്ന് രതീഷ് പറഞ്ഞു.

തങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ തെങ്ങും കവുങ്ങും മാവും പ്ലാവുമൊക്കെ ഉള്ള സ്ഥലമാണിതെന്നും ഇതേ പ്രദേശത്ത് മറ്റ് പലര്‍ക്കും കെട്ടിട നിര്‍മ്മാണം നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും അവരൊക്കെ കെട്ടിടങ്ങള്‍ ഉണ്ടാക്കിയതായും രതീഷ് പറഞ്ഞു.

ചെറുവണ്ണൂര്‍ അങ്ങാടി മുതല്‍ ഇതേ വയലും നിര്‍ച്ചാലുമാണുള്ളത്. ഇവിടങ്ങളിലൊക്കെ നിര്‍ച്ചാല്‍ കാണാനുമില്ലെന്നും ഇവര്‍ പറഞ്ഞു.

തങ്ങളുടെ സ്ഥലത്തിന്റെ പിന്‍വശത്തുകൂടിയാണ് പ്രധാന തോട് കടന്ന് പോയിരുന്നത്. ഇത് പലയിടത്തും നികത്തിയ നിലയിലുമാണ്. ആ തോട് സംരക്ഷിക്കാനോ പുനര്‍ നിര്‍മ്മിക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ല.

റോഡില്‍ നിന്നും നിശ്ചിത അകലം പാലിച്ചാണ് വീടിന്റെ തറ കെട്ടിയതെന്നും തറയുടെ പിന്‍വശത്തു കൂടിയാണ് നീര്‍ച്ചാല്‍ കടന്നു പോവുന്നതെന്നും രതീഷും ഭാര്യ സുധയും പറഞ്ഞു.

നിരവധി അദാലത്തുകളില്‍ പോയി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ആയില്ലെന്നും തങ്ങള്‍ പാപപ്പെട്ടവരായതിനാലാണോ അനുമതി ലഭിക്കാത്തതെന്നും ഇവര്‍ ചോദിക്കുന്നു.

എന്നാല്‍ രതീഷ് ഭൂമി തരം മാറ്റുന്നതിനായി ആര്‍ഡിഒക്ക് അപേക്ഷ സമര്‍പ്പിക്കുകയും കൃഷി ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡാറ്റ ബാങ്കില്‍ ഉര്‍പ്പെട്ടതാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ഡിഒ അപേക്ഷ തള്ളിയതെന്നും രതീഷിന് വീണ്ടും ജില്ല കലക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്നും ജില്ല കലക്ടറാണ് തീരുമാനമെടുക്കേണ്ടതെന്നും ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ അറിയിച്ചു. RATHEESH Ph 9539601465

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33744/ratheesh-and-his-family-need-to-change-the-type-of-land-to-build-a-house)