---
title: "വിചിന്തന കലാ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം ജനുവരി 25 ന്"
english_title: "The anniversary celebration of the Vichinthana Kala Cultural Center will be held on January 25 th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337549/the-anniversary-celebration-of-the-vichinthana-kala-cultural-center-will-be-held-on-january-25-th"
published_at: "2026-01-21T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970f4b9c45a5_YUU.JPG"
keywords: []
---

# വിചിന്തന കലാ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം ജനുവരി 25 ന്

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ 48 വര്‍ഷക്കാലമായി എരവട്ടൂരിന്റെ കലാ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ വിചിന്തന കലാ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം ജനുവരി 25 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലിയേറ്റീവ് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി ധനസമാഹരണം നടത്തുക എന്നതുകൂടി വാര്‍ഷികാഘോഷത്തിന്റെ ലക്ഷ്യമാണ്.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ 48 വര്‍ഷക്കാലമായി എരവട്ടൂരിന്റെ കലാ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ വിചിന്തന കലാ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷം ജനുവരി 25 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലിയേറ്റീവ് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി ധനസമാഹരണം നടത്തുക എന്നതുകൂടി വാര്‍ഷികാഘോഷത്തിന്റെ ലക്ഷ്യമാണ്.

1978 ആയിരുന്നു വിചിന്തനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രതിഭകളെ ഈ കൊച്ചു ഗ്രാമത്തിലേക്കെത്തിക്കുവാന്‍ ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട്. കേരളം കണ്ട മികച്ച വാഗ്മിയും എഴുത്തുകാരനുമായ സുകുമാര്‍ അഴിക്കോട്, പ്രൊഫസര്‍ എം.എന്‍ കാരശ്ശേരി, കടത്തനാട്ട് നാരായണന്‍, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ.ഇ.എന്‍, യു.കെ കുമാരന്‍, അജിത, സിവിക് ചന്ദ്രന്‍, കാനേഷ് പൂനൂര്‍ തുടങ്ങിയവരുടെ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്.

ഇബ്രാഹിം വേങ്ങരയുടെ പടനിലം, വടകര കുഞ്ഞി രാമന്‍ നമ്പ്യാരുടെ പൂമാതെയ് പൊന്നമ്മ വടകര വി. അശോകന്റെ തേവര്‍ വെള്ളന്‍, വടകര കൃഷ്ണദാസ്, വി.ടി മുരളിയുടെ സിനിമാപാട്ടുകള്‍, സ്പാര്‍ട്ടക്കസ് നാടകം തുടങ്ങിയ കലാരൂപങ്ങള്‍ ഈ മണ്ണില്‍ അവതരിപ്പിക്കുവാനും വിചിന്തനക്ക് സാധിച്ചു.

സാമൂഹ്യ- ചാരിറ്റി മേലകളിലും സംഘടന തനതായ ഇടപെടലുകള്‍ നടത്തി. സ്‌നേഹ ചാരിറ്റബിള്‍ സൊസൈറ്റി വഴി നിസ്വരും നിരാലംബരുമായ രോഗികള്‍ക്ക് അനല്‍പമായ സഹായമേകി. കമ്യൂണിറ്റി നെറ്റ്വര്‍ക്ക് ഇന്‍ പാലിയേറ്റീവ് കെയര്‍ എന്ന സാമൂഹിക കൂട്ടായ്മ വഴി ഏതാനും കുടുംബങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും ഏര്‍പ്പെട്ടുവരുന്നു. പരിസ്ഥിതി സംരക്ഷണത്തിനും, മാനവിക ഐക്യത്തിനുമുള്ള ഒട്ടേറെ കാര്യങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. എരവട്ടൂര്‍ നരിക്കിലാപ്പുഴയുടെ നവീകരണത്തില്‍ ഉണ്ടായ അഴിമതി പുറത്തു കൊണ്ടുവരുന്നതില്‍ മുഖ്യപങ്കു വഹിച്ചു. എരവട്ടൂര്‍ ജ്ഞാനോദയ വിലാസം എല്‍. പി സ്‌കൂളിന്റെ ശോച്യാവസ്ഥക്ക് പരിഹാരമേകാന്‍ സുപ്രീം കോടതിവരെ നിയമയുദ്ധം നടത്തി. എരവട്ടൂര്‍ വായന ശാലയുടെ നിര്‍മിതിയിലും നിര്‍ണായകമായ പങ്കുവഹിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് നിര്‍വ്വഹിക്കും. ഇ.പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിക്കും. ഐഎഫ്എഫ്‌കെ യില്‍ ജനപ്രിയ സിനിമയ്ക്കുള്ള രജതചകോരം കരസ്ഥമാക്കിയ പ്രശസ്ത സിനിമാ സംവിധായകനും സാഹിത്യകാരനുമായ ഉണ്ണികൃഷ്ണന്‍ ആവള മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുയും സാന്നിദ്ധ്യമുണ്ടാകും.

 പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം സി പത്മകല, മോഹനന്‍ ചേനോളി തുടങ്ങിയവര്‍ സംസാരിക്കും. സാന്ത്വന രംഗത്തെ നിത്യവിസ്മയമായ ദിനേശന്‍ പേരാമ്പ്രക്കും, മദ്രാസ് ഐഐടി യില്‍ നിന്ന് ഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ സിന്ദൂരി ആര്‍ നായര്‍ എന്നിവര്‍ക്ക് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സ്‌നേഹോപഹാരം സമര്‍പ്പിക്കും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിചിന്തന പ്രവര്‍ത്തകരായ സി. ബിജു, കെ.വി. വത്സന്‍ നായര്‍ എന്നിവരെ ആദരിക്കും.

സി ബിജു സ്വാഗതം പറയുന്ന ചടങ്ങില്‍ വിചിന്തന ട്രഷറര്‍ വിശ്വന്‍ മഠത്തില്‍ നന്ദിയും പറയും.സേവന കോഴിക്കോടന്‍ ഹല്‍വ, രേവമ്മ പറയുന്നത് എന്നീ ശ്രദ്ധേയമായ നാടകങ്ങള്‍ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി കുഞ്ഞബ്ദുള്ള, സി. ബിജു, ഇ.കെ ശശിധരന്‍, എം. വിശ്വന്‍, ഒ. മനോജന്‍, ടി.പി. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337549/the-anniversary-celebration-of-the-vichinthana-kala-cultural-center-will-be-held-on-january-25-th)