---
title: "യൂത്ത് ലീഗ് പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണം സിപിഎം സഹായത്തോടെ; സാജിദ് നടുവണ്ണൂര്‍"
english_title: "Attack on Youth League activist with CPM's help; Sajid Naduvannoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337801/attack-on-youth-league-activist-with-cpms-help-sajid-naduvannoor"
published_at: "2026-01-23T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69730cf178bba_ytr.jpg"
keywords: []
---

# യൂത്ത് ലീഗ് പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണം സിപിഎം സഹായത്തോടെ; സാജിദ് നടുവണ്ണൂര്‍

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ മാഹി ടൈല്‍സിലെ ജീവനക്കാരന്‍ വടകര - അഴിയൂര്‍ സ്വദേശിയും പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ സെക്രട്ടറിയുമായ തെരുവങ്കൂര്‍ ഷക്കീറിന് നേരെയുണ്ടായ എസ്ഡിപിഐ ആക്രമണം സിപിഎം സഹായത്തോടെയാണെന്ന് സാജിദ് നടുവണ്ണൂര്‍.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ മാഹി ടൈല്‍സിലെ ജീവനക്കാരന്‍ വടകര - അഴിയൂര്‍ സ്വദേശിയും പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ സെക്രട്ടറിയുമായ തെരുവങ്കൂര്‍ ഷക്കീറിന് നേരെയുണ്ടായ എസ്ഡിപിഐ ആക്രമണം സിപിഎം സഹായത്തോടെയാണെന്ന് സാജിദ് നടുവണ്ണൂര്‍.

എസ് ഡി പി ഐ ഗുണ്ടകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളുമൊരുക്കി സ്ഥാപനവും വഴിയും കാണിച്ചു കൊടുത്തത് നടുവണ്ണൂരിലെ സി പി എം നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിയൂരില്‍ മുസ്ലിം ലീഗ് പരാജയപ്പെടുകയും എസ് ഡി പി ഐ വിജയിക്കുകയും ചെയ്ത വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് കേവലം ഏഴ് വോട്ടുകള്‍ മാത്രമാണെന്നും നടുവണ്ണൂര്‍ പഞ്ചായത്തില്‍ സിപിഎം ചെങ്കോട്ട എന്ന് വിളിക്കുകയും ഗുണ്ടാ ആക്രമണങ്ങളിലൂടെ കുപ്രസിദ്ധി ആര്‍ജ്ജിക്കുകയും ചെയ്ത മന്ദങ്കാവിലെ കേരഫെഡ് ഉള്‍പ്പെടുന്ന വാര്‍ഡ് 15 വര്‍ഷം മുമ്പ് മുസ്ലിം ലീഗ് നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചതിനെ തുടര്‍ന്ന് സി.പി.എം ഗുണ്ടകള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി കത്തിക്കുത്ത് നടത്തി വധിക്കാന്‍ ശ്രമിക്കുകയും കള്ളക്കേസുണ്ടാക്കി മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഒന്നരമാസക്കാലം കോടിയേരി ബാലകൃഷ്ണന്റെ സ്വാധീനത്തില്‍ ജയിലിലിടുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണസ്വാധീനം ഉപയോഗിച്ച് വെട്ടിമുറിച്ചുണ്ടാക്കിയ മന്ദങ്കാവിലെ മൂന്ന് സി.പി എം കുത്തക വാര്‍ഡുകളും ഈ പ്രദേശം ഉള്‍പ്പെടുന്ന ബ്ലോക് - ജില്ല ഡിവിഷനുകളും യു ഡി എഫി ന് വേണ്ടി മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ പിടിച്ചടക്കിയതിലുള്ള നിരാശയും വൈരാഗ്യവുമാണ് ഈ പ്രദേശത്ത് ജോലി ചെയ്യുന്ന അഴിയൂര്‍ക്കാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകനെ ജോലിസ്ഥലത്ത് എസ് ഡി. പി ഐ ഗുണ്ടാസംഘത്തിന് കാട്ടിക്കൊടുക്കാന്‍ അഴിയൂരിലെയും നടുവണ്ണൂരിലേയും സി പി എം നേതൃത്വം അവസരമൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ നല്കിയ പരാതിയില്‍ അക്രമം മാത്രമല്ല ഗൂഢാലോചനയും അന്വേഷിക്കാന്‍ പൊലീസ് അധികൃതര്‍ തയ്യാറാവണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്കുമെന്നും യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337801/attack-on-youth-league-activist-with-cpms-help-sajid-naduvannoor)