---
title: "കിഴക്കന്‍ പേരാമ്പ്രയിലെ അക്രമം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു"
english_title: "Violence in East Perambra; Action Committee formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/337862/violence-in-east-perambra-action-committee-formed"
published_at: "2026-01-23T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973343d2ec26_gf.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ അക്രമം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ സി.വി സൂപ്പിയുടെ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കിഴക്കന്‍ പേരാമ്പ്രയില്‍ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ സി.വി സൂപ്പിയുടെ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കിഴക്കന്‍ പേരാമ്പ്രയില്‍ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

13 വര്‍ഷം മുമ്പ് വിവാഹിതയായ കിഴക്കന്‍ പേരാമ്പ്ര വിളയാട്ടുകണ്ടിമുക്ക് കൈപ്പാങ്കണ്ടി വീട്ടില്‍ സി.വി സൂപ്പിയുടെ മകള്‍ ഷഹനി, ഭര്‍തൃവീട്ടില്‍ ഭര്‍ത്താവ് മുഹമ്മദാലി, ഭര്‍ത്യമാതാവ് സാറ. സഹോദരി സാലിഹ എന്നിവരുടെ നിരന്തര മാനസിക ശാരീരിക പീഡനത്തിനു വിധേയയായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ഷഹനിയുടെ ഭര്‍ത്താവ് മുഹമ്മദാലി രാത്രി 2 മണിക്ക് മകളെയും സൂപ്പിയേയും വധിക്കാനുള്ള ഉദ്ദേശത്തോടുകൂടി ചെറിയകുഞ്ഞുങ്ങള്‍ അടക്കമുള്ള സി.വി സൂപ്പിയുടെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയും ഭീകാന്തരീക്ഷം സൃഷ്ട്ടിച്ച് വീടും ജനാലകളും അടിച്ച് തകര്‍ക്കുകയും സിസിടിവി നശിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.

പ്രസ്തുത വിവരം പെരുവണ്ണാമുഴി പൊലീസില്‍ നേരിട്ട് രേഖാമൂലം പരാതി നല്‍കി. പ്രസ്തുത പരാതിയില്‍ പ്രതിയായ മുഹമ്മദാലിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല എന്നും ഇതിനുശേഷവും നിരന്തരം ഫോണിലൂടെ പ്രതി മുഹമ്മദാലി വധ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ കാര്യങ്ങളെല്ലാം യഥാസമയം പൊലീസിനെ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടി ഉണ്ടായിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9 മണിയോടുകൂടി പ്രതി മുഹമ്മദാലി തന്റെ കാര്‍ റോഡില്‍ നിര്‍ത്തി വീട്ടിലേക്ക് കയറി വരുകയും ഷഹനിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ആ സമയം വീട്ടിലുണ്ടായിരുന്ന ബാപ്പയുടെ അനുജന്‍ സി.വി ഹമീദ് മുഹമ്മദാലിയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പ്രതി അരയില്‍ വലിയ അറയില്‍ സൂക്ഷിച്ച വടിവാള്‍ ഊരി ഹമീദിനെ വെട്ടുകയാണ് ഉണ്ടായതെന്നും ഈ സമയം ഓടിയെത്തിയ പിതാവ് സി വി സൂപ്പിയെയും ഇയാള്‍ വെട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച സൂപ്പിയുടെ കാലിനാണ് വെട്ട് ഏറ്റത് ബോധപൂര്‍വ്വം ഇവരെ വധിക്കുക എന്ന് തന്നെയായിരുന്നു പ്രതിയുടെ ഉദ്ദേശം എന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു.

ഈ വിവരവും അപ്പോള്‍ തന്നെ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെന്നല്ലാതെ പ്രതിയെ പിടിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചില്ല എന്നും കുത്തേറ്റ സി.വി ഹമീദ് ഗുരുതരമായി പരിക്കേറ്റ് 3 സര്‍ജറിക്ക് വിധേയമായ്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ പ്രതിയെ പൊലീസ് പിടിക്കാത്തതില്‍ പ്രതിഷേധിച്ചും ഷഹാനിയ്ക്കും സിവി സൂപ്പിയുടെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ കേളോത്ത്, മുഹമ്മദ് പൊയില്‍, സി.കെ ഷംനാദ്, മുഹമ്മദ് ഷാഫി, കെ.പി. സിറാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/337862/violence-in-east-perambra-action-committee-formed)