---
title: "വിവരം നല്‍കാന്‍ ആര് തടസ്സം നിന്നാലും നടപടി; വിവരാവകാശ കമ്മീഷണര്‍"
english_title: "Action will be taken against anyone who obstructs the provision of information; Right to Information Commissioner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338699/action-will-be-taken-against-anyone-who-obstructs-the-provision-of-information-right-to-information-commissioner"
published_at: "2026-01-28T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979baa0f2420_rama.jpg"
keywords: []
---

# വിവരം നല്‍കാന്‍ ആര് തടസ്സം നിന്നാലും നടപടി; വിവരാവകാശ കമ്മീഷണര്‍

> **Lead Summary:** **കോഴിക്കോട്: **വിവര മടങ്ങിയ ഫയല്‍ മേല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏത് ഉദ്യോഗസ്ഥര്‍ നല്‍കാതിരുന്നതിനാലും വിവരം നല്‍കുന്നതിത് വിലക്കേര്‍പ്പെടുത്തിയാലും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍.

## Article Content

**കോഴിക്കോട്: **വിവര മടങ്ങിയ ഫയല്‍ മേല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏത് ഉദ്യോഗസ്ഥര്‍ നല്‍കാതിരുന്നതിനാലും വിവരം നല്‍കുന്നതിത് വിലക്കേര്‍പ്പെടുത്തിയാലും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍.

ഫയല്‍ ഓഫീസിലെ ആരുടെ കയ്യിലാണെങ്കിലും അവരില്‍ നിന്നും വിവരം ലഭ്യമാക്കി നല്‍കേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസര്‍ക്ക് ആണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. വിവരം ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ നല്‍കാത്ത ഉദ്യോഗസ്ഥരെ ഡീംഡ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രഖ്യാപിച്ച് നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

എസ്.ബി. സജിത്ത് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ വയനാട് ജില്ല ഫയര്‍ ഓഫീസറുടെ കാര്യാലയത്തിലെ പൊതു വിവരാവകാശ ഓഫീസറോട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

മലയാളം സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രവേശത്തിനായി നടത്തിയ ഇന്റര്‍വ്യൂവിന് ശേഷം തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പ് ആവശ്യപ്പെട്ട് ശ്രീനാഥ് നല്‍കിയ അപേക്ഷയില്‍ പ്രസ്തുത മാര്‍ക്കും റാങ്കും രേഖപ്പെടുത്തിയ രേഖയുടെ പകര്‍പ്പുകള്‍ നല്‍കണമെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

ഒരു സൊസൈറ്റിയുടെ ബൈലോയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ജ്യോതി പവിത്രന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ആവശ്യപ്പെട്ട രേഖയുടെ പകര്‍പ്പ് കാണാനില്ലെന്ന മറുപടിയാണ് നല്‍കിയത്. ഇത് കമ്മീഷന്‍ അംഗീകരിച്ചില്ല. ഒരു ടീമിനെ വെച്ച് തിരച്ചില്‍ നടത്തി ബൈലോ കണ്ടെത്തി പകര്‍പ്പ് നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

മാനന്തവാടിയില്‍ കടുവ ആക്രമിച്ച് സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ ഇനി വല്ല വിവരവും നല്‍കാനുണ്ടെങ്കില്‍ അത് ഉടന്‍ നല്‍കണമെന്ന് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ വിവരാവകാശ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹിയറിങ്ങില്‍ 16 ഹര്‍ജികള്‍ തീര്‍പ്പാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338699/action-will-be-taken-against-anyone-who-obstructs-the-provision-of-information-right-to-information-commissioner)