---
title: "കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ സ്‌നേഹസ്പര്‍ശം - 2026 സംഘടിപ്പിച്ചു"
english_title: "Calicut Defence Trust and Care organized Snehasparsham - 2026"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338716/calicut-defence-trust-and-care-organized-snehasparsham-2026"
published_at: "2026-01-28T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979ccbeed09a_wee.jpg"
keywords: []
---

# കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ സ്‌നേഹസ്പര്‍ശം - 2026 സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്:** റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ദേശസ്‌നേഹത്തിന്റെയും സമൂഹബോധത്തിന്റെയും മാതൃകയായി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ 'സ്‌നേഹസ്പര്‍ശം - 2026 സംഘടിപ്പിച്ചു. രാവിലെ 8.45 ന് കോഴിക്കോട് എസ്.കെ പൊറ്റക്കാട് ഓഡിറ്റോറിയത്തില്‍ വെച്ച് ക്യാപ്റ്റന്‍ അര്‍ജുന്‍ ദാസ് പതാക നിവര്‍ത്തികൊണ്ട് ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു.

## Article Content

**കോഴിക്കോട്:** റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ദേശസ്‌നേഹത്തിന്റെയും സമൂഹബോധത്തിന്റെയും മാതൃകയായി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ 'സ്‌നേഹസ്പര്‍ശം - 2026 സംഘടിപ്പിച്ചു. രാവിലെ 8.45 ന് കോഴിക്കോട് എസ്.കെ പൊറ്റക്കാട് ഓഡിറ്റോറിയത്തില്‍ വെച്ച് ക്യാപ്റ്റന്‍ അര്‍ജുന്‍ ദാസ് പതാക നിവര്‍ത്തികൊണ്ട് ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു.

പരിപാടിയുടെ ഭാഗമായി രാജ്യത്തിനായി വീരമൃത്യു വരിച്ച സായുധ സേനാനികളുടെ ഓര്‍മ്മക്കായി നിശ്ശബ്ദ പ്രാര്‍ഥന നടത്തി. വീര്‍ നാരിമാര്‍, ഗാലന്‍ട്രി അവാര്‍ഡ് ജേതാവ്, 26 മുതിര്‍ന്ന വിമുക്തഭടന്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

രണ്ടും അതിലധികവും കുട്ടികളെ സേനയില്‍ അയച്ച ഏഴോളം മാതാപിതാക്കളെ പ്രത്യേകം ആദരിച്ചു. കഠിനമായ ജീവിതസാഹചര്യങ്ങളോട് പടപൊരുതി ജീവിതം തള്ളി നീക്കുന്ന നിരാലംബരായ 26 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കികൊണ്ട് സമൂഹത്തിന്റെ ഉറച്ച പിന്തുണയുടെ പ്രതീകമായി.

കാലിക്കറ്റ് ഡിഫെന്‍സിന്റെ ഔദ്യോഗിക തീം സോങ് 'കാവലായ്...' യുടെ ഔദ്യോഗിക പ്രകാശനം പ്രശസ്ത ഫോക് ലോര്‍ കലാകാരന്‍ അജീഷ് മുചുകുന്ന് നിര്‍വ്വഹിച്ചു. വജ്ര പ്രൊഡക്ഷന്‍സ് സംവിധാനം ചെയ്ത ഈ ഗാനം, രാജ്യരക്ഷകരുടെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും ഒപ്പം കാലിക്കറ്റ് ഡിഫെന്‍സിന്റെ പ്രവര്‍ത്തനങ്ങളുടെ നേര്‍ ചിത്രമായും മാറി.

കൂടാതെ ട്രസ്റ്റിന്റെ നിയുക്ത ഓഫീസ് കോംപ്ലക്‌സിന്റെ ത്രീ ഡി പ്ലാന്‍ പരിപാടിയില്‍ പ്രശസ്ത റേഡിയോ ജോക്കി മനു പ്രകാശനം ചെയ്തു. വാര്‍വെറ്ററന്‍മാര്‍ക്കുള്ള സഹായ കേന്ദ്രം, വാര്‍ മ്യൂസിയം, സ്‌കില്‍ ഡവലപ്‌മെന്റ് ഹാള്‍, കമ്മ്യൂണിറ്റി ലൈബ്രറി, ദുരന്ത നിവാരണ ഡെപ്പോട് തുടങ്ങി സേവനത്തിനും സമൂഹ ബന്ധത്തിനുമായുള്ള ഒരു സമഗ്ര കേന്ദ്രമായി ഈ സമുച്ചയം മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പ്രശസ്ത സിനിമ സംവിധായകനും അവാര്‍ഡ് വിന്നറുമായ ഉണ്ണികൃഷ്ണന്‍ ആവള ഉദ്ഘാടനം നിര്‍വഹിച്ചു. 400 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ കാലിക്കറ്റ് ഡിഫെന്‍സ് പ്രസിഡന്റ് മണികണ്ഠന്‍ മുത്താമ്പി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി കെ.പി മഹേഷ് കുറ്റ്യാടി ആമുഖ പ്രഭാഷണം നടത്തി. ക്യാപ്റ്റന്‍ അര്‍ജുന്‍ ദാസ്, അജീഷ് മുചുകുന്ന്, ആര്‍.ജെ മനു തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി നിപുണ്‍ കടിയങ്ങാട് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മനോജ് വൃന്ദാവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338716/calicut-defence-trust-and-care-organized-snehasparsham-2026)