---
title: "സംസ്ഥാന ബജറ്റില്‍ പേരാമ്പ്രക്ക് വിദ്യാഭ്യാസ ഗതാഗത ടൂറിസം മേഖലകള്‍ക്കായി 23 കോടി"
english_title: "23 crores for education, transport, tourism sectors in Perambalur in the state budget"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/338959/23-crores-for-education-transport-tourism-sectors-in-perambalur-in-the-state-budget"
published_at: "2026-01-29T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b41505224a_bjat.jpg"
keywords: []
---

# സംസ്ഥാന ബജറ്റില്‍ പേരാമ്പ്രക്ക് വിദ്യാഭ്യാസ ഗതാഗത ടൂറിസം മേഖലകള്‍ക്കായി 23 കോടി

> **Lead Summary:** **പേരാമ്പ്ര: **ഇന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ ഗതാഗത ടൂറിസം മേഖലകള്‍ക്കായി 23 കോടി രൂപ വകയിരുത്തി.

## Article Content

**പേരാമ്പ്ര: **ഇന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ ഗതാഗത ടൂറിസം മേഖലകള്‍ക്കായി 23 കോടി രൂപ വകയിരുത്തി.

പേരാമ്പ്ര പോളിടെക്‌നിക്, പേരാമ്പ്ര ഹൈസ്‌കൂള്‍- ചേര്‍മല- ചെലമ്പവളവ്-ബൈപ്പാസ് റോഡ്, പാറക്കടവ് - തോട്ടത്താം കണ്ടി റോഡ് എന്നിവയ്ക്കായാണ് തുക വകയിരുത്തിയത്.

പേരാമ്പ്രയിലെ സാങ്കേതികവിദ്യാഭ്യസ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനുള്ള പുതിയ ചുവടുവെപ്പുമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ആരംഭിക്കുന്ന പോളിടെക്‌നിക് കോളെജിനായി 5 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. പേരാമ്പ്രയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു പോളിടെക്‌നിക് എന്നത് വളരെക്കാലത്തെ ആവശ്യമായിരുന്നു.

പോളിടെക്‌നിക് നിര്‍മ്മിക്കുന്നതിനായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂരിലെ സ്ഥലത്തിന്റെ രേഖ ഗ്രാമ പഞ്ചായത്ത് സംസ്ഥാന സര്‍ക്കാറിന് കൈമാറിയിരുന്നു. ഇവിടെ കെട്ടിട നിര്‍മ്മാണത്തിനായാണ് തുക വകയിരുത്തിയത്. നിലവില്‍ അനുവദിച്ച 5 കോടിക്ക് പുറമേയാണ് ഇന്ന് 5 കോടികൂടി അനുവദിച്ചിട്ടുള്ളത്.

പോളിടെക്‌നിക്കിന്റെ പ്രവര്‍ത്തനം താല്ക്കാലികമായി വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിടത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

മേപ്പയ്യൂര്‍ ചാനിയം കടവ് റോഡുകളെ ബന്ധിപ്പിച്ച് പുതിയ ബൈപ്പാസ് റോഡിന് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി. പേരാമ്പ്ര ഹൈസ്‌ക്കൂള്‍, ചേര്‍മല, ചിലമ്പ വളവ് റോഡാണ് ബൈപ്പാസായി ഉയര്‍ത്തുന്നത്. ഇതിനായി 3 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ ഇരു റോഡുകളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പേരാമ്പ്ര പട്ടണത്തില്‍ പ്രവേശിക്കാതെ യാത്ര ചെയ്യാനാവും.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാറക്കടവിനെയും തോട്ടത്താം കണ്ടിയെയും ബന്ധിപ്പിക്കുന്ന റോഡ് നവീകരണത്തിന് 5 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. സംസ്ഥാന പാതയില്‍ പാറക്കടവില്‍ നിന്ന് ആരംഭിച്ച് തോട്ടത്താം കണ്ടി വരെ എത്തുന്ന രണ്ടര കിലോമീറ്റര്‍ റോഡ് പൊട്ടി പൊളിഞ്ഞ് കാല്‍ നടയാത്ര പോലും ദുര്‍ഘടമായ അവസ്ഥയിലായിരുന്നു.

റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരങ്ങളും നടത്തിയിരുന്നു. കുറ്റ്യാടി പുഴക്ക് തോട്ടത്തും കണ്ടിയില്‍ പുതിയ പാലം വന്നതോടെ ഈ റോഡില്‍ വാഹനങ്ങളും വര്‍ദ്ധിച്ചു. എന്നാല്‍ റോഡിന്റെ ശോച്യാവസ്ഥ ഗതാഗതത്തിന് തടസ്സമായി മാറിയ അവസ്ഥയിലായിരുന്നു. ബജറ്റില്‍ റോഡ് നവീകരണത്തിന് തുക വകയിരുത്തിയതോടെ ഏറെ ആശ്വാസത്തിലാണ് തോട്ടത്താം കണ്ടി നിവാസികള്‍.

പെരുവണ്ണാമൂഴി സഫാരി പാര്‍ക്കിന് ബജറ്റ് പ്രസംഗത്തില്‍ 5 കോടി രൂപ അനുവദിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവില്‍ സഫാരി പാര്‍ക്കിനായി 13 കോടി അനുവദിച്ചിട്ടുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ നവീകരണത്തിനായി 5 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/338959/23-crores-for-education-transport-tourism-sectors-in-perambalur-in-the-state-budget)