---
title: "കാര്‍ഷിക മേഖലക്കും ഭവന നിര്‍മ്മാണത്തിനും തൊഴിലുറപ്പിനും ഊന്നല്‍ നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് "
english_title: "Perambra Block Panchayat Budget with emphasis on Agriculture, Housing and Employment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33913/perambra-block-panchayat-budget-with-emphasis-on-agriculture-housing-and-employment"
published_at: "2022-03-25T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dd7574aadc_vvvv - Copy (3) - Copy.JPG"
keywords: []
---

# കാര്‍ഷിക മേഖലക്കും ഭവന നിര്‍മ്മാണത്തിനും തൊഴിലുറപ്പിനും ഊന്നല്‍ നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 

> **Lead Summary:** **പേരാമ്പ്ര : **കാര്‍ഷിക മേഖലക്കും ഭവന നിര്‍മ്മാണത്തിനും തൊഴിലുറപ്പിനും ഊന്നല്‍ നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 ബജറ്റ്.

## Article Content

**പേരാമ്പ്ര : **കാര്‍ഷിക മേഖലക്കും ഭവന നിര്‍മ്മാണത്തിനും തൊഴിലുറപ്പിനും ഊന്നല്‍ നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 ബജറ്റ്.

പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനുതകുന്ന വിധത്തിലുളള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കലാണ് ഈ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ ബജറ്റ് അവതരണത്തില്‍ അറിയിച്ചു.

കാര്‍ഷിക മേഖലയ്ക്ക് നല്‍കിവരുന്ന പ്രാധാന്യം കൊണ്ടുതന്നെ നമ്മുടെ ബ്ലോക്ക് പരിധിയിലെ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കാനുള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രതിദിന പാലുല്‍പാദനം 14483 ലിറ്ററില്‍ നിന്നും വര്‍ദ്ധിപ്പിച്ച് 16238 ലിറ്ററായി ഉയര്‍ത്താന്‍ കഴിഞ്ഞു. തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കി.

വെറ്ററിനറി പോളിക്ലിനിക്കില്‍ 24 മണിക്കൂറും ഒ.പി. സൗകര്വവും പോളിക്ലിനിക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികളും നടപ്പിലാക്കാന്‍ കഴിഞ്ഞതായും ബജറ്റില്‍ പറയുന്നു.

ക്ഷീരമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ പുത്തന്‍ പദ്ധതികളും നടപ്പിലാക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഉള്‍നാടന്‍ മാത്സ്യോദ്പാദനത്തിനുവേണ്ടി ക്ലസ്റ്റര്‍ രൂപീകരിക്കും.

ഗുണനിലവാരം കൂടിയ മത്സ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ലഭ്യമാക്കുന്നതോടൊപ്പം കര്‍ഷകര്‍ക്കു പുതിയൊരു മേഖലയിലേക്ക് കടന്നുചെല്ലാനും ഇതുവഴി അവസരമൊരുങ്ങും.

സുഭിക്ഷ കേരളം പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ കൂടുതല്‍ മികവോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കും.

ഗവണ്‍മെന്റ് പ്രഖ്യാപിച്ച 12 ഇന പരിപാടി, 4 പ്രത്യേക പദ്ധതികള്‍ ദാരിദ്ര്യ ലഘുകരണ പദ്ധതികള്‍, പ്രാദേശിക സാമ്പത്തിക വികസനത്തിനുതകുന്ന പദ്ധതികള്‍, ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവ ബ്ലോക്ക് പരിധിയില്‍ മികവാര്‍ന്ന രീതിയില്‍ നടപ്പിലാക്കും.

സംരംഭകത്വ വികസനത്തിനു മികച്ച പരിശീലനങ്ങളും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങളും നല്‍കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

താലൂക്ക് ആശുപത്രിയുടെ സേവനങ്ങള്‍ മികവാര്‍ന്നതാക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ പാലിക്കുന്നതിനുവേണ്ടി നൈപുണ്യ വികസന പദ്ധതികള്‍ ബഡ്ജിന്റെ ഭാഗമായി നടപ്പിലാക്കും.

ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളില്‍ പി.എം.എ.വൈ. പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിനു ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയില്‍ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 28620 കുടുംബങ്ങള്‍ക്ക് 25 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനുള്ള ആക്ഷന്‍ പ്ലാനിന് അംഗീകാരം ലഭ്യമായിട്ടുണ്ട്. വിവിധകാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്നതായ ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്.

ഭവന നിര്‍മ്മാണ ധനസഹായം ലഭിച്ചിട്ടും അസുഖങ്ങള്‍കൊണ്ടും, മുഖ്യവരുമാനദായകന്റെ മരണംകൊണ്ടും, ശാരീരിക മാനസിക വെല്ലുവിളികള്‍ കൊണ്ടും ഒക്കെ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ സന്നദ്ധസേനക്ക് കഴിയും.

ഖരദ്രവ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമമായ പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബഡ്ജറ്റില്‍ പറയുന്നു. പേരാമ്പ്രയുടെ ഹൃദയത്തിലൂടെയൊഴുകുന്ന മരക്കാടി തോട് അതിഭീകരമായ മലിനീകരണത്തിനു പരിഹാരം കാണുന്നതിന് ആവശ്യമായ തുക വകയിരുത്തി പദ്ധതി പൂര്‍ത്തീകരിക്കും.

പാര്‍പ്പിടത്തിനും, ശുചിത്വത്തിനും, ആരോഗ്യത്തിനും, കുടിവെള്ളത്തിനും, പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കും, കാര്‍ഷിക മേഖലയ്ക്കും, പ്രാദേശിക സാമ്പത്തിക വികസനത്തിനും തുല്യ പ്രാധാന്യം നമ്മുടെ ബജറ്റിലുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ജനങ്ങളുടെ പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ചാണ്, 2022 23 വര്‍ഷത്തെ ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

അതിനായി വിവിധ സ്രോതസ്സുകളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഫണ്ട് ഉപയോഗിച്ച് ഉല്‍പാദന മേഖലയില്‍ കൃഷി മൃഗസംരക്ഷണം, ക്ഷീരവികസനം, സംരംഭകത്വ പ്രോത്സാഹനം സ്വയംതൊഴില്‍ എന്നിവയ്ക്ക് 75 ലക്ഷം രൂപയും, സേവന മേഖലയില്‍ കുടിവെളളം ശുചിത്വം പട്ടികജാതി ക്ഷേമം എന്നിവയ്ക്കായി 92 ലക്ഷം രൂപയും, ആരോഗ്വമേഖല, ശിശുവികസനം, യുവജനക്ഷേമം, വനിതാക്ഷേമം, വൃദ്ധര്‍, കുട്ടികള്‍ എന്നിവര്‍ക്കായി 1,14,51,080 രൂപയും, ഭവന പദ്ധതിക്കായി 92 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 4,14,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

പശ്ചാത്തലമേഖലയില്‍ റോഡ്, കെട്ടിടം എന്നിവയ്ക്കായി 1,37,78,000 രൂപയും വകയിരുത്തിയിട്ടുണ്ട്. 16,22,60,446 രുപ വരവും 15,80,21,000 രൂപ ചെലവും 42, 39,446 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അവതരിപ്പിച്ചത്.

ബ്ലോക്ക് സെക്രട്ടറി പി.വി. ബേബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സജീവന്‍, പി.കെ. രജിത, കെ.അജിത, കെ.കെ. ലിസി, പി.ടി. അഷറഫ്, വഹീദ പാറേമ്മല്‍, കെ.കെ. വിനോദന്‍, ഗിരിജ ശശി, സി.എം. സനാതനന്‍, ശശികുമാര്‍ പേരാമ്പ്ര, പ്രഭാ ശങ്കര്‍, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, കെ.കെ. ബിന്ദു, സി.കെ. ശശി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33913/perambra-block-panchayat-budget-with-emphasis-on-agriculture-housing-and-employment)