---
title: " ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നിയമപോരാട്ടത്തിന് ഒറ്റക്കെട്ടായി നില്‍ക്കും;  പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍"
english_title: "Perambra Estate workers will stand united in legal battle to obtain benefits;"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339826/perambra-estate-workers-will-stand-united-in-legal-battle-to-obtain-benefits"
published_at: "2026-02-03T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819b8a7a33b_YOGAM.jpg"
keywords: []
---

#  ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നിയമപോരാട്ടത്തിന് ഒറ്റക്കെട്ടായി നില്‍ക്കും;  പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍

> **Lead Summary:** **പെരുവണ്ണാമൂഴി : **പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനു കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ കൂലി വര്‍ധനവ് അടക്കമുള്ള തങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ രാഷ്ട്രീയ ഭേദമന്യേ ഒരു കുടക്കീഴില്‍ അണിനിരന്ന് നിയമപ്പോരാട്ട മടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി.

## Article Content

**പെരുവണ്ണാമൂഴി : **പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനു കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ കൂലി വര്‍ധനവ് അടക്കമുള്ള തങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ രാഷ്ട്രീയ ഭേദമന്യേ ഒരു കുടക്കീഴില്‍ അണിനിരന്ന് നിയമപ്പോരാട്ട മടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കി.

കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയും നിത്യ നിദാന ചെലവുകളും 100% ത്തിലധികം വര്‍ധിച്ചിട്ടും വെറും 52 രൂപയുടെ കൂലിവര്‍ധനവാണ് ഈ മേഖലയിലുണ്ടായിട്ടുള്ളതെന്നും തോട്ടംതൊഴില്‍ മേഖലയിലൊഴിച്ച് മറ്റെല്ലാ മേഖലയിലും ജീവിത വില സൂചിക്കനുസരിച്ച് കൂലി, ശമ്പളനിര്‍ണയം ചെയ്യാറുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.

ഒരു വര്‍ഷം 5% വിലവര്‍ധനവ് കണക്കാക്കിയാല്‍പ്പോലും ആ നിലയില്‍ കൂലി കൂട്ടിത്തരുവാന്‍ മാനേജ്‌മെന്റും സര്‍ക്കാരും തയ്യാറായിട്ടില്ല എന്നും കാട്ടാനയുള്‍പ്പെടെ വന്യമൃഗ ഭീഷണിയില്‍ ജീവന്‍ പണയം വെച്ചാണ് ടാപ്പിംഗ് തൊഴിലാളികള്‍ പുലര്‍ച്ചെ എസ്റ്റേറ്റില്‍ ജോലിക്കെത്തുന്നതെന്നും അവര്‍ പറഞ്ഞു.

500 ഓളം രൂപ മാത്രം ദിവസക്കൂലിയില്‍ ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള പ്രയാസങ്ങളൊന്നും പരിഹരിക്കാന്‍ പിഎല്‍സി അംഗത്വമുള്ള യൂണിയന്‍ നേതൃത്ത്വങ്ങള്‍ തയ്യാറല്ലാത്ത സാഹചര്യത്തിലാണ് 150 ഓളം പേര്‍ യോഗം ചേര്‍ന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ രൂപീകരിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ രവി ഉള്ള്യേരി യോഗം ഉദ്ഘാടനം ചെയ്തു. കെ.ജെ ജോഷി അധ്യക്ഷത വഹിച്ചു. സി.കെ ബാലന്‍, കെ.ജി രാമനാരായണന്‍, വിജു ചെറുവത്തൂര്‍, എം.കെ രാജീവന്‍, കെ.ജി ബിനു, ശ്രീജിത്ത് കുറ്റ്യാടി, കെ.പി അശോകന്‍, കെ.ജി ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

പൊതുമേഖല തോട്ടം തൊഴിലാളികളെ സ്വകാര്യ തോട്ടം മാനേജ്‌മെന്റിന്റെ ചൊല്‍പ്പടിയിലുള്ള പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കുക, ദിവസക്കൂലിയായി 1000/ രൂപയെങ്കിലും അനുവദിക്കുക, കാലഹരണപ്പെട്ടതും നീതിയുക്തവുമല്ലാത്ത 1964 ലെ സ്റ്റാന്റിംഗ് ഓര്‍ഡര്‍ നീക്കം ചെയ്ത് പുതിയത് നിര്‍മ്മിക്കുക, തൊഴിലിടങ്ങളിലെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ഹൈക്കോടതി സമീപിക്കാനും തീരുമാനിച്ചു.

സംയുക്ത തൊഴിലാളി യൂണിയന്‍ ഭാരവാഹികളായി കെ.ജെ ജോഷി ചെയര്‍മാന്‍, എം.കെ രാജീവന്‍ കണ്‍വീനര്‍, കെ.ജി ബിനു ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339826/perambra-estate-workers-will-stand-united-in-legal-battle-to-obtain-benefits)