---
title: "എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം"
english_title: "LDF Development Movement Jatha receives a warm welcome in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340724/ldf-development-movement-jatha-receives-a-warm-welcome-in-perambra"
published_at: "2026-02-07T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698710fe3ab44_ffffffffffffffffffffffffffffffffffffff.JPG"
keywords: []
---

# എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം

> **Lead Summary:** പേരാമ്പ്ര: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ടാക്‌സി സ്റ്റാന്റ് പരിസരത്തു നിന്നും വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് ജാഥയെ മാര്‍ക്കറ്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്വീകരണ കേന്ദ്രത്തില്‍ എത്തിച്ചത്. പേരാമ്പ്രയില്‍ എല്‍ഡിഎഫ് ജനകീയ മുന്നേറ്റ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിന്റെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍വ്വഹിച്ചു.

## Article Content

പേരാമ്പ്ര: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ടാക്‌സി സ്റ്റാന്റ് പരിസരത്തു നിന്നും വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് ജാഥയെ മാര്‍ക്കറ്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്വീകരണ കേന്ദ്രത്തില്‍ എത്തിച്ചത്. പേരാമ്പ്രയില്‍ എല്‍ഡിഎഫ് ജനകീയ മുന്നേറ്റ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിന്റെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍വ്വഹിച്ചു.

കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണോ എന്ന കാര്യത്തില്‍ വി.ഡി.സതീശന്‍ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ പലരും പറഞ്ഞു ഒന്നും നടക്കില്ലെന്ന്. എന്നാല്‍ നടക്കുമെന്ന് എല്‍ഡിഎഫ് തെളിയിച്ചു. കേരളത്തില്‍ മറ്റൊരിടത്തും നടക്കാത്ത വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്നും അവസാനമായി അവയവമാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിനായി വന്‍ തുകയാണ് മുടക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് കേന്ദ്രം അര്‍ഹതപ്പെട്ട പണം തരുന്നില്ല. എല്ലാം ചെയ്യുന്നത് കിഫ്ബി മുഖേനയാണ്. പിന്നെ എങ്ങനെയാണ് കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നം ആകുന്നതെന്നു വി.ഡി.സതീശന്‍ മറുപടി പറയണം. കള്ളങ്ങള്‍ മാത്രം പറയുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിന് ഉള്ളത് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സതീശന്‍ മാത്രമാണ്. ഇത് വര്‍ഗീയത വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മുസ്ലിം ലീഗിന് ഭരിക്കണം എന്ന ആവശ്യം മാത്രമാണ് ഉള്ളത്. അതിന് ആരെ കൂട്ടിയാലും പ്രശ്നമില്ല. അതാണ് പഴയ കോലിബി സഖ്യത്തിനൊപ്പം ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ കൂടി കൂട്ടിപ്പിടിക്കാന്‍ തയാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 44 നദികളിലും വിഷം കലര്‍ത്താനുള്ള ശ്രമത്തിലാണ് വര്‍ഗീയ വാദികള്‍. അത് ചെറുക്കേണ്ടത് അത്യാവശ്യമാണ്. വര്‍ഗീയ വാദികളെ ചെറുക്കാന്‍ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ ശക്തികള്‍ക്ക് കഴിയും. അതിന് എല്‍ഡിഎഫിന്റെ പിന്‍തുണ ഉണ്ടാകും. കേരളത്തിന്റെ പഴയ കാലം അത്ര നല്ലതല്ല. ഇതു പുതിയ തലമുറയ്ക്ക് അറിയില്ല. അന്ന് ഉണ്ടായിരുന്ന പട്ടിണിയും മറ്റും മാറ്റി എടുത്തത് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയ്യപ്പന്റെ സ്വര്‍ണം കട്ടത് സഖാക്കളാണ് എന്ന വാദം പൊളിയാന്‍ പോകുകയാണ്. ഇപ്പോള്‍ എസ്‌ഐടി അടൂര്‍ പ്രകാശിനെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. യുഡിഎഫും തന്ത്രിയും എല്ലാം ചേര്‍ന്ന് കൊടിമരം മാറ്റാനുള്ള പദ്ധതിയും ഇട്ടിരുന്നു. അതിന് പിരിച്ച പണവും കാണാനില്ല. ഇതില്‍ ഏറ്റവും വലിയ കള്ളന്‍ തന്ത്രി തന്നെയാണ്. തന്ത്രിയെ പിടിച്ചപ്പോള്‍ ബിജെപിയും പിന്നോട്ട് പോയ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം കേരളത്തിന് ഒന്നും തരുന്നില്ല. 29 പദ്ധതികള്‍ ചോദിച്ചതിനു തന്നത് ആമയും മുട്ടയും മാത്രം. പണം തരണമെങ്കില്‍ എന്‍ഡിഎയുടെ ഭാഗമാകണം എന്ന ഒരു കേന്ദ്ര മന്ത്രിയുടെ വാദം മനസ്സില്ല എന്ന മറുപടി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബിജെപിയും എല്ലാം ചേര്‍ന്ന് കേരളത്തെ നശിപ്പിക്കും. കേരളം നിലനില്‍ക്കണോ വേണ്ടയോ എന്ന കാര്യം ജനം തീരുമാനിക്കണം. കേരളം നിലനില്‍ക്കണമെങ്കില്‍ എല്‍ഡിഎഫ് വരണം. വികസന മുന്നേറ്റത്തില്‍ എല്‍ഡിഎഫ് 3-ാം തവണയും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ കെ സലീഖ, പി. സന്തോഷ് കുമാര്‍ എംപി, അഡ്വ മാത്യു കുന്നപ്പള്ളി, പി.പി ദിവാകരന്‍, അഡ്വ പി.എം. സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, യു ബാബു ഗോപിനാഥ്, വടകോട് മോനച്ചന്‍, അഡ്വ എ. ജെ ജോസഫ്, കാസിം ഇരിക്കൂര്‍, അഡ്വ നൈസ് മാത്യു, എല്‍ഡിഎഫ് നേതാക്കളായ സത്യന്‍ മൊകേരി, കെ.കെ ലതിക, വി.ജെ ജോസഫ്, അഡ്വ മുഹമ്മദ് ഇഖ്ബാല്‍, മാത്യു കുന്നപ്പള്ളി, പി. ഗവാസ് എന്നിവര്‍ സംസാരിച്ചു.

എസ്.കെ സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.കെ.എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340724/ldf-development-movement-jatha-receives-a-warm-welcome-in-perambra)