---
title: "ഉണ്ണികൃഷ്ണന്‍ ആവളക്ക് ജന്മനാടിന്റെ സ്‌നേഹാദരം"
english_title: "Unnikrishnan Avala receives love and respect from her hometown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341168/unnikrishnan-avala-receives-love-and-respect-from-her-hometown"
published_at: "2026-02-10T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ac4e196c92_unni.jpg"
keywords: []
---

# ഉണ്ണികൃഷ്ണന്‍ ആവളക്ക് ജന്മനാടിന്റെ സ്‌നേഹാദരം

> **Lead Summary:** **ആവള **: 'തന്തപ്പേര്' എന്ന മലയാള സിനിമയിലൂടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച മലയാള ചിത്രമടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളക്ക് ജന്മനാടിന്റെ സ്‌നേഹാദരം. ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തില്‍ ആവള യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച അനുമോദന പരിപാടി പ്രശസ്ത സിനിമാ സംവിധായകന്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ആവള **: 'തന്തപ്പേര്' എന്ന മലയാള സിനിമയിലൂടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച മലയാള ചിത്രമടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളക്ക് ജന്മനാടിന്റെ സ്‌നേഹാദരം. ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തില്‍ ആവള യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച അനുമോദന പരിപാടി പ്രശസ്ത സിനിമാ സംവിധായകന്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്തു.

ഗോത്ര വിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിന് പുറമെ അവരുടെ വികാര വിചാരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന 'തന്തപ്പേര്' എന്ന സിനിമ അന്താരാഷ്ട്ര സിനിമാ വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്. 150 അന്താരാഷ്ട്ര സിനിമകളില്‍ നിന്നാണ് 'തന്തപ്പേര്' സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹമായത്. 2018 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ഉണ്ണികൃഷ്ണന്‍ ആവളയുടെ 'ഉടലാഴം' സിനിമ പ്രത്യേക ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത സംവിധായകന്‍ കമല്‍ ഉപഹാരം നല്‍കി. സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ കോല്‍ക്കളി കലാകാരന്‍ വി. നാരായണന്‍ നായര്‍, സൗത്ത് ഏഷ്യന്‍ കോംപാക്ട് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അലന്റബാ റോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മുംതാസ്, വി.കെ നാരായണന്‍, നഫീസ കൊയിലോത്ത്, പ്രമോദ് ദാസ്. എന്‍, എം. കുഞ്ഞമ്മത്, വിജയന്‍ ആവള, ആദില നിമ്പ്രാസ്, എ.ബി ബിനോയ്, ടി.കെ രജീഷ്, കൊറ്റോത്ത് അപ്പുക്കുട്ടി, ജി സ്മിത, ടി രജീഷ്, വിജേഷ് നിരാമയം, കെ.കെ ചന്ദ്രന്‍, വി.കെ വിനോദ്, ശശിധരന്‍ തേറമ്പത്ത്, പി.എം സുധാകരന്‍ എന്നിവര്‍  സംസാരിച്ചു. 

സ്വാഗത സംഘം കണ്‍വീനര്‍ എം.പി രവി സ്വാഗതവും പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ ഷാനവാസ് കൈവേലി നന്ദിയും പറഞ്ഞു. ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തിരുവാതിരക്കളി, ഒപ്പന, കൈകൊട്ടിക്കളി, കോല്‍ക്കളി, ഗ്രൂപ്പ് ഡാന്‍സ്, സബര്‍മതി തിയേറ്റര്‍ വില്ലേജ് അവതരിപ്പിച്ച ഒരു കോയിക്കോടന്‍ ഹല്‍വ എന്ന നാടകവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341168/unnikrishnan-avala-receives-love-and-respect-from-her-hometown)