---
title: "പച്ചക്കറി വിളവെടുപ്പും വനിത കര്‍ഷകര്‍ക്ക് അനുമോദനവും"
english_title: "Vegetable harvest and felicitation of women farmers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342861/vegetable-harvesting-and-appreciation-ceremony-held"
published_at: "2026-02-19T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b9eb000da_0000_ATTACH_ACCI.jpg"
keywords: []
---

# പച്ചക്കറി വിളവെടുപ്പും വനിത കര്‍ഷകര്‍ക്ക് അനുമോദനവും

> **Lead Summary:** **കാവുന്തറ: **ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പും കര്‍ഷകര്‍ക്ക് ആദരവുമൊരുക്കി കാവില്‍ സൗഹൃദം സ്വയം സഹായ സംഘം. സൗഹൃദം സ്വയം സഹായ സംഘത്തിലെ വനിതാ കൂട്ടായുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.

## Article Content

**കാവുന്തറ: **ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പും കര്‍ഷകര്‍ക്ക് ആദരവുമൊരുക്കി കാവില്‍ സൗഹൃദം സ്വയം സഹായ സംഘം. സൗഹൃദം സ്വയം സഹായ സംഘത്തിലെ വനിതാ കൂട്ടായുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.

പുതുശ്ശേരി കനാല്‍ ഭാഗത്ത് വര്‍ഷങ്ങളായി മാലിന്യങ്ങള്‍ നിറഞ്ഞ് തരിശായി കിടന്ന പ്രദേശത്തെ കൃഷി യോഗ്യമാക്കി മാറ്റിയിരിക്കുകയാണ് കാര്‍ഷിക ഗ്രൂപ്പിലെ അംഗങ്ങള്‍. പാവല്‍, പടവലം, വെണ്ട, തക്കാളി, വഴുതിന, ചീര, പച്ചമുളക്, വെള്ളരി, കക്കിരി, പയര്‍, മത്തന്‍ തുടങ്ങിയ വിഷരഹിത പച്ചക്കറിയാണ് വിവിധ സ്ത്രീ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ കൃഷി നടത്തിയത്.

കൃഷിയിലൂടെ നല്ല വിളവാണ് ഇവിടെ നിന്നും ലഭിച്ചത്. പുതുശ്ശേരി കനാലില്‍ നടത്തിയ പച്ചക്കറി വിളവെടുപ്പും പച്ചക്കറി കൃഷിക്ക് നേതൃത്വം കൊടുത്ത വനിത കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് ആദരിക്കലും നടുവണ്ണൂര്‍ കൃഷി ഓഫീസര്‍ രമ്യ ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മയിലൂടെ ലഭിച്ച വിളവ് കേവലം ഒരുകൃഷി ഫലമല്ലെന്നും, കൂട്ടായ്മയുടെയും കാര്‍ഷിക ആത്മ വിശ്വാസത്തിന്റെയും തെളിവാണന്നും, പച്ചക്കറി കൃഷിയിലൂടെ വരുമാനം ഉണ്ടാക്കുക മാത്രമല്ല ഭക്ഷ്യ സുരക്ഷയും ആരോഗ്യം സംരക്ഷിക്കുന്ന സാമൂഹിക ദൗത്യം കൂടിയാണന്നും അവര്‍ പറഞ്ഞു.

പുതുശ്ശേരി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പച്ചക്കറി കൃഷിക്ക് നേതൃത്വം കൊടുത്ത വനിത കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം സി.കെ. ബാലകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി. തരിശായി കിടന്ന പ്രദേശത്തെ കൃഷി യോഗ്യമാക്കി വന്‍ വിളവ് ഉണ്ടാക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണിവര്‍.

ബിജു കാവില്‍, സി.എം. ശശി, എം.സി. കുമാരന്‍, കെ.കെ. അബ്ദുള്ള, ലീന കുമാരന്‍, പി. അനിത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പച്ചക്കറികളുടെയും മധുര പലഹാരങ്ങളുടെ വില്പനയും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342861/vegetable-harvesting-and-appreciation-ceremony-held)