---
title: "എംഡിഎംഎ; മുഖ്യകണ്ണി പൊന്ന് അജ്മല്‍ കര്‍ണാടക പൊലീസിന്റെ പിടിയില്‍"
english_title: "MDMA; Chief of Police Ponnu Ajmal arrested by Karnataka Police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343123/mdma-chief-of-police-ponnu-ajmal-arrested-by-karnataka-police"
published_at: "2026-02-20T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998241b03203_ponn.JPG"
keywords: []
---

# എംഡിഎംഎ; മുഖ്യകണ്ണി പൊന്ന് അജ്മല്‍ കര്‍ണാടക പൊലീസിന്റെ പിടിയില്‍

> **Lead Summary:** **പേരാമ്പ്ര: **കേരളത്തിലെ രാസലഹരിവില്പനയിലെ മുഖ്യകണ്ണി വേളം ചെന്നിലോട്ട് അജ്മല്‍ എന്ന പൊന്ന് അജ്മല്‍ കര്‍ണാടക പൊലീസിന്റെ പിടിയില്‍. കഴിഞ്ഞദിവസം കര്‍ണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കര്‍ണാടകയിലെ പുത്തൂരില്‍ നിന്ന് വാഹന പരിശോധനയില്‍ അജ്മല്‍ അടക്കം മൂന്നു പേരെ കര്‍ണാടക പൊലീസ് പിടികൂടിയത്.

## Article Content

**പേരാമ്പ്ര: **കേരളത്തിലെ രാസലഹരിവില്പനയിലെ മുഖ്യകണ്ണി വേളം ചെന്നിലോട്ട് അജ്മല്‍ എന്ന പൊന്ന് അജ്മല്‍ കര്‍ണാടക പൊലീസിന്റെ പിടിയില്‍. കഴിഞ്ഞദിവസം കര്‍ണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കര്‍ണാടകയിലെ പുത്തൂരില്‍ നിന്ന് വാഹന പരിശോധനയില്‍ അജ്മല്‍ അടക്കം മൂന്നു പേരെ കര്‍ണാടക പൊലീസ് പിടികൂടിയത്.

നാട്ടില്‍ ഏകദേശം രണ്ടു കോടി രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അജ്മല്‍ ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎ നിര്‍മ്മിക്കുകയും അത് പലസ്ഥലങ്ങളിലും ഏജന്റുമാരെ വെച്ച് വിതരണം ചെയ്തുവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇടയ്ക്കിടെ താവളം മാറ്റിക്കൊണ്ടിരുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് കാരണം പൊലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കാറില്‍ വൈഫൈ സംവിധാനം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയിരുന്നത്. പല സ്ഥലങ്ങളിലായി ഷോപ്പുകളും വാഹനങ്ങളും അടക്കം കോടികണക്കിന് രൂപയുടെ ആസ്തിയുള്ള അജ്മലിന്റെ സമ്പാദിച്ച സ്വത്തുക്കള്‍ ഒക്കെ തന്നെയും ബിനാമികളുടെ പേരില്‍ ആയിരുന്നു എന്നും പൊലീസ് പറഞ്ഞു.

കാസര്‍കോട് വയനാട് കണ്ണൂര്‍ മലപ്പുറം കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളിലായി അടുത്തിടെ എംഡി എം എയുമായി പിടിക്കപ്പെട്ട പല കേസുകളുടെയും ഉറവിടം എത്തിച്ചേര്‍ന്നത് ഇയാളില്‍ ആണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട് 700 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ അജ്മലിന്റെ അടുത്ത ബന്ധുവായ ഷലൂലിനെ പൊലീസ് റിമാന്‍ഡ് ചെയ്തിരുന്നു. ഷെലുലിന് എംഡിഎംഐ എത്തിച്ചു നല്‍കിയതും അജ്മല്‍ ആണെന്ന് പൊലീസ് പറഞ്ഞു.

അജ്മലിനെതിരെ നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നെങ്കിലും ഇവര്‍ക്കെതിരെ അജ്മല്‍ ഭീഷണി മുഴക്കിയിരുന്നു. കൗമാരപ്രായക്കാരായ ആണ്‍കുട്ടികളെ ഇടനിലക്കാരാക്കി ആയിരുന്നു അജ്മല്‍ രാസ ലഹരി വിതരണം ചെയ്തിരുന്നത്. പൊലീസിന്റെ നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കി ഇടയ്ക്കിടെ വിതരണക്കാരായ അംഗങ്ങളെ മാറ്റുന്ന രീതിയും ഇയാള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുതുവണ്ണാച്ച സ്വദേശി സംഷീറും മാനന്തവാടി സ്വദേശി ഇസ്മയിലുമാണ് കര്‍ണാടക പൊലീസിന്റെ പിടിയിലായ മറ്റു രണ്ടുപേര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343123/mdma-chief-of-police-ponnu-ajmal-arrested-by-karnataka-police)