---
title: "പ്രസുടമകള്‍ പ്രിന്റിംഗ് റൂള്‍ പാലിക്കണം; കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍"
english_title: "Publishers should follow printing rules; Kerala Printers Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343307/publishers-should-follow-printing-rules-kerala-printers-association"
published_at: "2026-02-21T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699954ea4ec26_PRINT.JPG"
keywords: []
---

# പ്രസുടമകള്‍ പ്രിന്റിംഗ് റൂള്‍ പാലിക്കണം; കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍

> **Lead Summary:** **പേരാമ്പ്ര : **പോസ്റ്ററുകളും മറ്റ് പ്രചരണ സാമഗ്രികളും പ്രിന്റ് ചെയ്യുമ്പോള്‍ പ്രസുടമകളും ജീവനക്കാരും പ്രിന്റിംഗ് റൂള്‍ പാലിക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **പോസ്റ്ററുകളും മറ്റ് പ്രചരണ സാമഗ്രികളും പ്രിന്റ് ചെയ്യുമ്പോള്‍ പ്രസുടമകളും ജീവനക്കാരും പ്രിന്റിംഗ് റൂള്‍ പാലിക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പേരാമ്പ്ര പട്ടണത്തില്‍ ഇറങ്ങിയ ഒരു പ്രമോഷന്‍ പോസ്റ്ററില്‍ പ്രിന്റ്  ചെയ്ത സ്ഥാപനത്തിന്റെ പേരോ, ഫോണ്‍ നമ്പറോ വെച്ചിട്ടില്ല അതുപോലെ അതിലെ വാചകം ഭീഷണി പരത്തുന്നതായി ചിലര്‍ പ്രചരിപ്പിക്കുകയും പൊലീസ് ഇതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രിന്റെഴ്‌സ് അസോസിയേഷന്‍ ഇത്തരമൊരു നിര്‍ദ്ദേശം സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ഇതിന് മുമ്പും ഇത്തരം പോസ്റ്ററുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇറങ്ങിയ പോസ്റ്ററിലെ വാചകത്തിന് ജനങ്ങള്‍ മറ്റ് മാനങ്ങള്‍ കണ്ടതാണ് ചര്‍ച്ചക്ക് കാരണമായത്.

ഇത്തരം നാഥനില്ലാതെ ഇറങ്ങുന്ന പോസ്റ്ററുകള്‍ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും, സമൂഹത്തില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്ന തരത്തില്‍ ഇറക്കുന്ന ഇത്തരം പോസ്റ്ററുകളുടെ ഉറവിടം കണ്ടെത്തി ഉത്തരവാദപ്പെട്ടവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും മേലില്‍ ഇത്തരം പോസ്റ്ററുകള്‍ ഇറക്കുന്നത് നിയന്ത്രിക്കണമെന്നും കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ഏതെങ്കിലും സ്ഥാപനത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇറങ്ങുന്ന പരസ്യ വാചകങ്ങളാണെങ്കില്‍ പോലും അതില്‍ അച്ചടിച്ച സ്ഥാപനത്തിന്റെ വിലാസം നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന പ്രിന്റിംഗ് റൂള്‍ ബാധകമാക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് എല്ലാവിധ പിന്തുണയും സംഘടനയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നും മേഖലാ കമ്മറ്റി അറിയിച്ചു. മേഖലാ പ്രസിഡണ്ട് സബീഷ്, സബിത, സെക്രട്ടറി സി.വി. പ്രവീഷ്, ജില്ലാ കമ്മറ്റി ഭാരവാഹികളായ സത്യന്‍ പ്രയാഗ്, സുനില്‍ കുമാര്‍ ഗ്ലോബല്‍, സലി പ്രിന്റോണ്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343307/publishers-should-follow-printing-rules-kerala-printers-association)