---
title: "അഴകേറും കോഴിക്കോട് അഴകുള്ള പേരാമ്പ്ര പദ്ധതിക്ക് തുടക്കമായി"
english_title: "Azhakulla Perambra project in Kozhikode has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344227/azhakulla-perambra-project-in-kozhikode-has-begun"
published_at: "2026-02-25T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f03dead0ea_cheruvannur.JPG"
keywords: []
---

# അഴകേറും കോഴിക്കോട് അഴകുള്ള പേരാമ്പ്ര പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ശുചിത്വമിഷനുമായി ചേര്‍ന്ന് സംയുക്ത പദ്ധതി സ്വാഗത സംഘരൂപീകരണം സംഘടിപ്പിച്ചു. ജില്ലയില്‍ നടത്താനിരിക്കുന്ന അഴകേറും കോഴിക്കോട് അഴകുള്ള പേരാമ്പ്ര പദ്ധതിക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ശുചിത്വമിഷനുമായി ചേര്‍ന്ന് സംയുക്ത പദ്ധതി സ്വാഗത സംഘരൂപീകരണം സംഘടിപ്പിച്ചു. ജില്ലയില്‍ നടത്താനിരിക്കുന്ന അഴകേറും കോഴിക്കോട് അഴകുള്ള പേരാമ്പ്ര പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പേരാമ്പ്ര പഞ്ചായത്തില്‍ ആരംഭിക്കുവാന്‍ തീരുമാനിക്കുകയും ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം ചേരുകയും നൂറ് കണക്കിന് പേര്‍ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പേരാമ്പ്രയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുവാന്‍ മാര്‍ച്ച് ഒന്നിന് വൈകുന്നേരം 4 മണിക്ക് സംഘാടക സമിതി അംഗങ്ങള്‍ പേരാമ്പ്ര ടൗണിലൂടെ ട്രാന്‍സറ്റ് വാക്ക് ' സംഘടിപ്പിക്കുവാനും തുടര്‍ന്ന് മാര്‍ച്ച് 7 ശനിയാഴ്ച്ച കാലത്ത് 7 മണിക്ക് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്‍പ്പെട്ടവരുടെയും പേരാമ്പ്ര ടൗണില്‍ മാസ് ക്ലീനിങ്ങ് നടത്തുവാനും, തുടര്‍ന്ന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ബിന്നുകള്‍ സ്ഥാപിക്കുവാനും, വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനും, എല്ലാ സ്‌കൂളുകളിലും ബോധവത്കരണ സെമിനാറുകള്‍ സംഘടിക്കുവാനും തീരുമാനിച്ചു.

പേരാമ്പ്രയിലെ പൊതു ഇടങ്ങളില്‍ ട്വിന്‍ ബിന്നുകള്‍ സ്ഥാപിക്കുന്നതിനും , ബസ്റ്റാന്റിനോട് ചേര്‍ന്ന് ആധുനിക രീതിയിലുള്ള ഹൈടെക്ക് ശൗചാലയം നിര്‍മ്മിക്കുവാനും , നിലവിലെ കക്കൂസ് മാലിന്യ മൊബൈല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും, നഗര സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

ഗ്രാമ പഞ്ചായത്തിലെ ശൗചാലയമില്ലാത്ത എല്ലാ വീടുകള്‍ക്കും ശൗചാലയം നല്‍കുവാനുള്ള പദ്ധതി നടപ്പിലാക്കും. മരക്കാടി തോട് വീണ്ടെടുക്കുന്നതുള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങളിലൂടെ പേരാമ്പ്ര പട്ടണത്തെ കേരളത്തിലെ തന്നെ മികച്ച ഹരിത ടൗണാക്കി മാറ്റുവാനാണ് ലക്ഷ്യംവെക്കുന്നത്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ , പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ നാസിദ , ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ടി.ആദിവ് ലാലു ,അലന്‍ ബാസിലോ ഷാന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. വിവിധ രാഷ്ട്രീയ സാമൂഹ്യ വ്യാപാര മേഖലയിലെ പ്രമുഖര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കു ചേര്‍ന്നു.

സ്ഥലം എം.പി , എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍എന്നിവരെ സ്വാഗത സംഘം രക്ഷാധികാരികളായും, സ്വാഗത സംഘം ചെയര്‍മാനായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ലതികാ വിനോദിനെയും, കണ്‍വീനറായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ നാസിദയെയും, കോര്‍ഡിനേറ്റര്‍ ആയി അസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബൈജു ആയടത്തിലിനെയും, വര്‍ക്കിംങ് ചെയര്‍മാന്‍മാരായി യൂസഫ് കരിമ്പില്‍പൊയില്‍, ആര്‍.കെ രജീഷ് കുമാര്‍ എന്നിവരെയും,

വൈസ് ചെയര്‍മാന്‍മാരായി ബാബു കൊമ്മിണിയോട്ടിനേയും, സിഡിഎസ് ചെയ്യര്‍പേഴ്‌സണ്‍ ശ്രീജയെയും, ജോയിന്റ് കണ്‍വീനര്‍മാരായി പദ്മകലയെയും, വിനു നാഗത്തിനെയും, മറ്റു വിവിധ രാക്ഷ്ട്രീയ സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ വ്യാപാര സംഘടന പ്രതിനിധികള്‍ തുടങ്ങിയ എല്ലാ മേഖലയിലുള്ളവരെയും കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344227/azhakulla-perambra-project-in-kozhikode-has-begun)