---
title: " പേരാമ്പ്രയില്‍ ഇനി വിനോദസഞ്ചാര വിസ്മയം; ചേര്‍മല കേവ് പാര്‍ക്ക് നാളെ മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും"
english_title: "A new tourist wonder in Perambra; Minister Muhammad Riyaz will dedicate the Chermala Cave Park to the nation tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344335/a-new-tourist-wonder-in-perambra-minister-muhammad-riyaz-will-dedicate-the-chermala-cave-park-to-the-nation-tomorrow"
published_at: "2026-02-26T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fe5fb2585f_jk.JPG"
keywords: []
---

#  പേരാമ്പ്രയില്‍ ഇനി വിനോദസഞ്ചാര വിസ്മയം; ചേര്‍മല കേവ് പാര്‍ക്ക് നാളെ മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും

> **Lead Summary:** **പേരാമ്പ്ര: **മലബാറിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് പുതിയൊരു അധ്യായം കൂടി ചേര്‍ക്കാനൊരുങ്ങി പേരാമ്പ്ര. താലൂക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറുന്ന 'ചേര്‍മല കേവ് പാര്‍ക്ക്' ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. രാത്രി ഏഴുമണിക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി നാടിന് സമര്‍പ്പിക്കും. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

## Article Content

**പേരാമ്പ്ര: **മലബാറിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് പുതിയൊരു അധ്യായം കൂടി ചേര്‍ക്കാനൊരുങ്ങി പേരാമ്പ്ര. താലൂക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറുന്ന 'ചേര്‍മല കേവ് പാര്‍ക്ക്' ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. രാത്രി ഏഴുമണിക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി നാടിന് സമര്‍പ്പിക്കും. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പേരാമ്പ്ര പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ചേര്‍മലയെ, പ്രകൃതിഭംഗി ഒട്ടും ചോര്‍ന്നുപോകാതെയാണ് വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.32 കോടി രൂപ ചെലവഴിച്ചാണ് രണ്ട് ഏക്കറിലേറെ വരുന്ന പ്രദേശം ദൃശ്യവിസ്മയമാക്കി മാറ്റിയത്. 2021-ല്‍ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും 2023 ഫെബ്രുവരിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ ആണ് പദ്ധതിയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള 'നരിമഞ്ച' എന്ന ചെങ്കല്‍ ഗുഹയാണ് ചേര്‍മലയിലെ പ്രധാന ആകര്‍ഷണം. വിശാലമായ ചെങ്കല്‍ പാളിക്കടിയില്‍ മണ്ണ് മൂടിക്കിടന്ന ഈ ഗുഹ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നവീകരിച്ചത്. ഗുഹയ്ക്കുള്ളിലെ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്തതോടെ സഞ്ചാരികള്‍ക്ക് ഉള്ളിലേക്ക് നടന്നുപോകാവുന്ന നിലയിലായി. ജില്ലയില്‍ ഇതുവരെ കണ്ടെത്തിയ പ്രകൃതിദത്ത ഗുഹകളില്‍ വലിപ്പമേറിയ ഒന്നാണ് ചേര്‍മലയിലേതെന്നാണ് വിദഗ്ധാഭിപ്രായം.

സഞ്ചാരികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ഓപ്പണ്‍ എയര്‍ തിയറ്റര്‍, മനോഹരമായ പാത്ത് വേകള്‍, സ്റ്റേജ്, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റ് ബ്ലോക്ക്, ലാന്‍ഡ്സ്‌കേപ്പിങ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സുരക്ഷിതമായ സന്ദര്‍ശനത്തിനായി ചുറ്റുമതിലും സെക്യൂരിറ്റി കാബിനും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കാനായി പ്രത്യേക ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി.

ഉയരമേറിയ കുന്നിന്‍ പ്രദേശമായതിനാല്‍ ചേര്‍മലയില്‍ നിന്നുള്ള സൂര്യാസ്തമയ കാഴ്ച സഞ്ചാരികളെ ആകര്‍ഷിക്കും. സായാഹ്നങ്ങളില്‍ പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒത്തുചേരാനുള്ള പ്രധാന കേന്ദ്രമായി ചേര്‍മല മാറും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഇവിടെ ഒരു 'ഗ്ലാസ് ബ്രിഡ്ജ്' സ്ഥാപിക്കാനുള്ള ആലോചനയും ടൂറിസം വകുപ്പിനുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം സ്‌പോട്ടായി പേരാമ്പ്ര മാറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344335/a-new-tourist-wonder-in-perambra-minister-muhammad-riyaz-will-dedicate-the-chermala-cave-park-to-the-nation-tomorrow)