---
title: "സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക് "
english_title: "Suraksha Pain and Palliative Society moves to new building at valiyacode "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344569/suraksha-pain-and-palliative-society-moves-to-new-building-at-valiyacode"
published_at: "2026-02-27T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a14c7b09b24_lko.jpg"
keywords: []
---

# സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക് 

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂര്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടം കോഴിമുക്കില്‍ ഉദ്ഘാടനം ചെയ്തു. 2022 മുതല്‍ കല്പത്തൂരില്‍ പ്രവര്‍ത്തിച്ച് വരുന്ന സുരക്ഷ ഹോം വിസിറ്റ് ഉള്‍പ്പെടെയുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായി ചെയ്ത് വരികയാണ്.

## Article Content

**പേരാമ്പ്ര: **കല്പത്തൂര്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടം കോഴിമുക്കില്‍ ഉദ്ഘാടനം ചെയ്തു. 2022 മുതല്‍ കല്പത്തൂരില്‍ പ്രവര്‍ത്തിച്ച് വരുന്ന സുരക്ഷ ഹോം വിസിറ്റ് ഉള്‍പ്പെടെയുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായി ചെയ്ത് വരികയാണ്.

ഫിസിയോതെറാപ്പി, ഡോക്ടറുടെ സേവനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നത്. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചികിത്സാസഹായം ആവശ്യമുള്ള സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് സന്നദ്ധ സംഘടനകളിലൂടെ ലഭിക്കുന്നതെന്നും പൊതുജനാരോഗ്യ മേഖലയുടെ സംരക്ഷണം ഓരോ പൗരന്റെയും സാമൂഹിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാ മേഖലയില്‍ കോടികളുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് നാം ജാഗരൂകരാകണമെന്നും അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോട് അടക്കമുള്ള നഗരങ്ങളിലെ വന്‍കിട ആശുപത്രികളില്‍ നിക്ഷേപം നടത്തുകയാണ്. ഇത് ചികിത്സാച്ചെലവ് വര്‍ധിക്കുന്നതിനും സാധാരണക്കാരന് വിദഗ്ധ ചികിത്സ അപ്രാപ്യമാകുന്നതിനും കാരണമാകും. ചികിത്സാ രംഗത്തെ ഇത്തരം വാണിജ്യവല്‍ക്കരണത്തെ സാധാരണക്കാര്‍ എങ്ങനെ താങ്ങുമെന്ന് നാം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെ നിയമപരമായി വേണം നേരിടാന്‍. അല്ലാതെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുന്ന പ്രവണത ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ ഒരു പ്രശ്‌നത്തിനും പരിഹാരമാകില്ല. ആരോഗ്യവകുപ്പിനെയും ആരോഗ്യ മന്ത്രിയെയും ഉള്‍പ്പെടെ ആക്രമിക്കുന്ന സമീപനം നാം ഗൗരവത്തോടെ കാണണം. അത്തരം നടപടികള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് നാം ചിന്തിക്കണം. ഇത്തരം തെറ്റായ പ്രവണതകള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുരക്ഷ രക്ഷാധികാരി എം. കുഞ്ഞമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ. ഹനീഫ, സുരക്ഷ സോണല്‍ കണ്‍വീനര്‍ കെ. രാജീവന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബുരാജ്, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. നസീര്‍, സി.കെ. സുജിത്ത്, രമ്യഅമ്പാളി, വി.ഡി. ദിനൂജ്, ഇ.ടി. സോമന്‍, സലീം മിലാസ്, അനീഷ് ചാലിക്കര തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ക്ലാരിയില്‍ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ സി.പി. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344569/suraksha-pain-and-palliative-society-moves-to-new-building-at-valiyacode)