---
title: "പേരാമ്പ്ര ചേര്‍മല കേവ് പാര്‍ക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു"
english_title: "Minister dedicates Perambra Chermala Cave Park to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344664/minister-dedicates-perambra-chermala-cave-park-to-the-nation"
published_at: "2026-02-27T23:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1e1f95aa8a_gty.JPG"
keywords: []
---

# പേരാമ്പ്ര ചേര്‍മല കേവ് പാര്‍ക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചേര്‍മല കേവ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലബാറിന്റെ ടൂറിസം വികസനം കേരളത്തിനാകെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചേര്‍മല കേവ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലബാറിന്റെ ടൂറിസം വികസനം കേരളത്തിനാകെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരമേഖലയില്‍ യാത്ര-താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ അധികമായി 32 കോടി രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായതെന്നും ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയുടെ വികസനം ഗതാഗത സൗകര്യ മേഖലയില്‍ മികച്ച നേട്ടം കേരളത്തിന് സമ്മാനിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചേര്‍മല കുന്നിന്‍മുകളില്‍ 2.10 ഏക്കര്‍ സ്ഥലത്ത് ടൂറിസം വകുപ്പ് അനുവദിച്ച 3.72 കോടി രൂപ വിനിയോഗിച്ചാണ് ഓപണ്‍ എയര്‍ തിയേറ്റര്‍ ഉള്‍പ്പെടുന്ന പാര്‍ക്ക് വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയത്. സര്‍ക്കാരിനുകീഴിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡാണ് (കെല്‍) പ്രവൃത്തി പൂര്‍ത്തീകരിച്ചത്. നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ശൗചാലയം, കഫ്റ്റീരിയ, ഉല്‍പന്ന-വിപണന കേന്ദ്രം, സ്റ്റേജ്, ചുറ്റുമതില്‍, എല്‍ഇഡി വിളക്കുകള്‍, പ്രവേശന കവാടം എന്നിവ ഉള്‍പ്പെടെയാണ് പാര്‍ക്ക് നിര്‍മിച്ചത്. ചേര്‍മലയിലെ നരിമഞ്ച എന്നറിയപ്പെടുന്ന ഗുഹയും സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരത്തില്‍, റോട്ടറി ക്ലബ് സെക്രട്ടറി ബിജു ചാലിക്കര, വിനോദ്, സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344664/minister-dedicates-perambra-chermala-cave-park-to-the-nation)