---
title: "ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് സി.കെ ബാലകൃഷ്ണന്‍"
english_title: "CK Balakrishnan grows gold in the soil through organic farming"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344837/ck-balakrishnan-grows-gold-in-the-soil-through-organic-farming"
published_at: "2026-02-28T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2e39da956c_juh.JPG"
keywords: []
---

# ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് സി.കെ ബാലകൃഷ്ണന്‍

> **Lead Summary:** **അരിക്കുളം: **ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് അരിക്കുളം പഞ്ചായത്തിലെ ഇടപ്പള്ളി മീത്തല്‍ സി.കെ ബാലകൃഷ്ണന്‍ മാതൃകയായി. കഴിഞ്ഞവര്‍ഷം മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ബാലകൃഷ്ണന്‍ ഈ വര്‍ഷവും പച്ചക്കറി കൃഷിയില്‍ വിളവെടുപ്പ് നടത്തിയിരിക്കുകയാണ്.

## Article Content

**അരിക്കുളം: **ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് അരിക്കുളം പഞ്ചായത്തിലെ ഇടപ്പള്ളി മീത്തല്‍ സി.കെ ബാലകൃഷ്ണന്‍ മാതൃകയായി. കഴിഞ്ഞവര്‍ഷം മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ബാലകൃഷ്ണന്‍ ഈ വര്‍ഷവും പച്ചക്കറി കൃഷിയില്‍ വിളവെടുപ്പ് നടത്തിയിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഉന്നത ഉദ്യോഗസ്ഥരും കൃഷിവകുപ്പിന്റെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മികച്ച കര്‍ഷകനായി ബാലകൃഷ്ണനെ തെരഞ്ഞെടുത്തത്. ഈ വര്‍ഷത്തെ തക്കാളിയുടെ വിളവെടുപ്പാണ് നടത്തിയത്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി ബാലകൃഷ്ണന്‍ തക്കാളി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ സ്ഥലത്താണ് ബാലകൃഷ്ണന്‍ കൃഷി ചെയ്യുന്നത്. കൂടാതെ ടെറസിന്റെ മുകളിലും കൃഷി ചെയ്യുന്നുണ്ട്. തക്കാളി, ചീര, പയര്‍, വെള്ളരി, കുമ്പളം, പാവക്ക, വഴുതനങ്ങ, പച്ചമുളക്, എന്നിവയും ഇടവിള കൃഷിയായ മഞ്ഞള്‍, ഇഞ്ചി, ചേന, ചേമ്പ്, എന്നിവയും ബാലകൃഷ്ണന്‍ നട്ട് ഉണ്ടാക്കാറുണ്ട്. അരിക്കുളം കൃഷിഭവന്‍ മുഖേന പെരുവണ്ണാമൂഴി കൃഷിഭവനില്‍ നിന്നും കൊണ്ടുവന്ന തക്കാളി തൈകള്‍ ആണ് ഈ വര്‍ഷം ബാലകൃഷ്ണന്‍ നട്ടുവളര്‍ത്തിയത്.

ജലസേചനത്തിന് കിണറും മോട്ടോറും ഘടിപ്പിച്ച് ജലസേചന സൗകര്യം ഒരുക്കിയതിനാല്‍ കടുത്ത വേനലിലും പച്ചക്കറിക്കൃഷി ചെയ്യാന്‍ കഴിയുന്നതായി ബാലകൃഷ്ണന്‍ പറഞ്ഞു. പൂര്‍ണമായും ജൈവകൃഷി രീതിയില്‍ ഉണ്ടാക്കുന്ന വിഷരഹിത പച്ചക്കറികള്‍ വാങ്ങാന്‍ നിരവധി ആളുകള്‍ ബാലകൃഷ്ണന്റെ വീട്ടില്‍ എത്താറുണ്ട്. ബാലകൃഷ്ണന് കൂട്ടായി കുടുംബവും ഒപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344837/ck-balakrishnan-grows-gold-in-the-soil-through-organic-farming)