---
title: "ചേര്‍മല കേവ് ടൂറിസം പദ്ധതി ഉദ്ഘാടനം സി പി എം പാര്‍ട്ടി മേളയാക്കി മാറ്റി; യുഡിഎഫ് "
english_title: "Chermala Cave Tourism Project Inauguration Turned into a CPM Party Fair; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344851/chermala-cave-tourism-project-inauguration-turned-into-a-cpm-party-fair-udf"
published_at: "2026-02-28T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2e9889c3cc_kj.JPG"
keywords: []
---

# ചേര്‍മല കേവ് ടൂറിസം പദ്ധതി ഉദ്ഘാടനം സി പി എം പാര്‍ട്ടി മേളയാക്കി മാറ്റി; യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര:** സംസ്ഥാന സര്‍ക്കാറിന്റെ മൂന്നര കോടി രൂപ ചിലവഴിച്ചു നടപ്പിലാക്കിയ ചേര്‍മല കേവ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം സിപിഎം പാര്‍ട്ടി മേളയാക്കി മാറ്റിയതായി യുഡിഎഫ് ജനപ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര:** സംസ്ഥാന സര്‍ക്കാറിന്റെ മൂന്നര കോടി രൂപ ചിലവഴിച്ചു നടപ്പിലാക്കിയ ചേര്‍മല കേവ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം സിപിഎം പാര്‍ട്ടി മേളയാക്കി മാറ്റിയതായി യുഡിഎഫ് ജനപ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പേരാമ്പ്ര പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന രണ്ടര ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കു വേണ്ടി വിട്ടു നല്‍കിയത്. വാര്‍ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ടിനെയോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയോ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും സ്വാഗത സ്വംഘം യോഗം പോലും വിളിച്ചു ചേര്‍ക്കാതെ വളരെ ധൃതി പിടിച്ച് ഉദ്ഘാടനം നടത്തുകയാണ് ഉണ്ടായതെന്ന് അവര്‍ ആരോപിച്ചു.

യുഡിഎഫ് പ്രതിനിധികളെയും പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ല എന്നും ചേര്‍മല സാംബവ ഉന്നതിയിലെ കുടിവെള്ള പദ്ധതിയുടെ വെള്ളം ഉപയോഗിച്ചാണ് ടൂറിസം പദ്ധതിയിലേക്ക് ആവശ്യമായ വെള്ളം എടുത്തു കൊണ്ടിരിക്കുന്നത്. ഇത് ഉന്നതി നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തെയും ബാധിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

മാത്രമല്ല ഈ ടൂറിസം പദ്ധതി പ്രദേശത്തെക്കുള്ള റോഡിന്റെ അവസ്ഥ ശോചനീയമാണ്. ഇതിന്റെ ഉദ്ഘാടന പരിപാടിക്കു നേതൃത്വം നല്‍കിയ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിരുത്തരവാദപരമായാണ് പെരുമാറിയത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അപമാനിക്കുന്നതിന് നേതൃത്വം നല്‍കിയ ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയിലെ ജനങ്ങളോടു മാപ്പു പറയണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ മരുതേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തും കര ഇബ്രാഹിം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആര്‍.കെ. രജീഷ് കുമാര്‍, ജസീല വാഴയില്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍, ചന്ദ്രന്‍ പടിഞ്ഞാറക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344851/chermala-cave-tourism-project-inauguration-turned-into-a-cpm-party-fair-udf)