---
title: "അഴകുള്ള പേരാമ്പ്രക്ക് ശുചിത്വ പഠനയാത്ര; ട്രാന്‍സറ്റ് വാക്ക് സംഘടിപ്പിച്ചു "
english_title: "A cleanliness study tour to beautiful Perambra; Transat Walk organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345100/a-cleanliness-study-tour-to-beautiful-perambra-transat-walk-organized"
published_at: "2026-03-02T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5341876987_gyttu.JPG"
keywords: []
---

# അഴകുള്ള പേരാമ്പ്രക്ക് ശുചിത്വ പഠനയാത്ര; ട്രാന്‍സറ്റ് വാക്ക് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും ശുചിത്വ മിഷന്റെ സഹകരണത്തോടെയും ജില്ലയില്‍ നടപ്പിലാക്കി വരുന്ന ''അഴകേറും കോഴിക്കോട്'' പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ''അഴകുള്ള പേരാമ്പ്ര'' എന്ന പേരില്‍ ട്രാന്‍സറ്റ് വാക്ക് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും ശുചിത്വ മിഷന്റെ സഹകരണത്തോടെയും ജില്ലയില്‍ നടപ്പിലാക്കി വരുന്ന ''അഴകേറും കോഴിക്കോട്'' പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ''അഴകുള്ള പേരാമ്പ്ര'' എന്ന പേരില്‍ ട്രാന്‍സറ്റ് വാക്ക് സംഘടിപ്പിച്ചു.

പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയാണ് പേരാമ്പ്രയില്‍ പരിപാടി ആരംഭിച്ചത്. പേരാമ്പ്ര ടൗണിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സംഘാടക സമിതി അംഗങ്ങള്‍ നേരിട്ട് നടന്ന് ശുചിത്വവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന പഠന പരിപാടിയായിരുന്നു ട്രാന്‍സറ്റ് വാക്ക്.

മാലിന്യ നിര്‍മാര്‍ജനം, പൊതുസ്ഥലങ്ങളുടെ ശുചിത്വം, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ രീതികള്‍, ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ നേരില്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഈ പഠനയാത്രയിലൂടെ ടൗണിലെ ശുചിത്വ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ശാശ്വത പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതാണ് ഉദ്ദേശ്യം. ജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ പേരാമ്പ്രയെ കൂടുതല്‍ ശുചിത്വവും സൗന്ദര്യവും നിറഞ്ഞ പ്രദേശമാക്കാനുള്ള സംയുക്ത ശ്രമമാണിത്.

ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ മരുതേരി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ്, വൈസ് പ്രസിഡന്റ് എടത്തുംകര ഇബ്രാഹിം, സ്ഥിരം സമിതി അംഗങ്ങളായ ആര്‍.കെ. രജീഷ് കുമാര്‍, വി.കെ. നാസിദ, അഡ്വ. അപര്‍ണ്ണ, അംഗങ്ങളായ കെ.എം ശ്രീനിവാസന്‍, യൂസഫ്, ബാബു കൊമ്മിണിയോട്ട്, വിനു നാഗത്ത്, വി.സി പ്രദീപ്, ഒ.എം രാധാകൃഷ്ണന്‍, ജസീല വാഴയില്‍, ധന്യ അനില്‍കുമാര്‍, വല്‍സന്‍ നായര്‍, പത്മകല, സാവിത്രി അടിയാറ്റില്‍, വി.കെ സജിന, വനജ , പത്മകല, സുനിജ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബൈജു ആയടത്തില്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ രാധാകൃഷ്ണന്‍, സരിത്ത് എന്നിവരും പങ്കെടുത്തു.

കൂടാതെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വ്യാപാര മേഖലയിലെ നേതൃത്വം ആരോഗ്യ പ്രവര്‍ത്തകര്‍, കോളെജ് എന്‍എസ്എസ് പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി 50 ഓളം പേര്‍ പങ്കാളികളായി.

മാര്‍ച്ച് 7 ന് ശനിയാഴ്ച രാവിലെ പേരാമ്പ്ര ടൗണ്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, വൈസ് പ്രസിഡന്റ് നവാസ് എന്നിവര്‍ നിര്‍വ്വഹിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345100/a-cleanliness-study-tour-to-beautiful-perambra-transat-walk-organized)