---
title: "ആചാര്യ ഫിലിം സൊസൈറ്റി അവാര്‍ഡ് ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്"
english_title: "Acharya Film Society Award goes to Chakkitapara native Jinto Thomas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345135/acharya-film-society-award-goes-to-chakkitapara-native-jinto-thomas"
published_at: "2026-03-02T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a54cab19111_jinto.JPG"
keywords: []
---

# ആചാര്യ ഫിലിം സൊസൈറ്റി അവാര്‍ഡ് ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്

> **Lead Summary:** **ചക്കിട്ടപാറ:** ആചാര്യ ഫിലിം സൊസൈറ്റിയുടെ 2025-ലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന് ലഭിച്ചു. 'ഇരുനിറം' എന്ന ചിത്രത്തിലെ മികവിനാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

## Article Content

**ചക്കിട്ടപാറ:** ആചാര്യ ഫിലിം സൊസൈറ്റിയുടെ 2025-ലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന് ലഭിച്ചു. 'ഇരുനിറം' എന്ന ചിത്രത്തിലെ മികവിനാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്ന മഹത്തായ സന്ദേശമാണ് 'ഇരുനിറം' ചര്‍ച്ച ചെയ്യുന്നത്. മൗലികമായ പ്രമേയവും അവതരണ ശൈലിയുമാണ് ചിത്രത്തെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാക്കിയത്.

കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും നിരവധി ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയതാണ് ഇരുനിറം. വിയറ്റ്‌നാം, കൊറിയന്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും. അതുപോലെതന്നെ ചിത്രത്തിലെ അഭിനയത്തിന് തന്മയാസോള്‍ മികച്ച ബാലതാരവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജെസ്സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, സത്യജിത്ത് റായി ഫിലിം സൊസൈറ്റി അവാര്‍ഡ്, പുലരി ടിവി ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ വര്‍ഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജിന്റോ തോമസിന് ലഭിക്കുകയുണ്ടായി.

സംസ്ഥാനത്തെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും അടങ്ങുന്ന ജൂറിയാണ് ജിന്റോയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. നവാഗതരുടെ ഇടയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ദൃശ്യഭാഷയും പ്രമേയത്തിലെ പുതുമയുമാണ് ജിന്റോയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

'ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഈ സിനിമ സംസാരിക്കുന്നതെന്നും വെളുപ്പും കറുപ്പുമെന്നു വേര്‍തിരിക്കുന്ന ഒരു മതില്‍ ഇപ്പോഴും ഇവിടെ യുണ്ട്. ആ മതിലാണു നമ്മള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും' ജിന്റോ തോമസ് പറഞ്ഞു.

സാമൂഹിക വേര്‍തിരിവുകളെയും മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളെയും പച്ചയായി ആവിഷ്‌കരിച്ച ജിന്റോ തോമസിന്റെ സംവിധാനശൈലി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഒരു കുടിയേറ്റ ഗ്രാമത്തില്‍ നിന്നും സിനിമയുടെ വലിയ ലോകത്തേക്ക് തന്റേതായ പാത വെട്ടിത്തെളിച്ച ജിന്റോ തോമസിന്റെ വിജയം മലയോര നാട്ടിലെ യുവപ്രതിഭകള്‍ക്ക് സിനിമ പോലുള്ള സര്‍ഗ്ഗാത്മക മേഖലകളില്‍ ചുവടുറപ്പിക്കാന്‍ സാധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345135/acharya-film-society-award-goes-to-chakkitapara-native-jinto-thomas)