---
title: "റോട്ടറി ക്ലബ്ബ് ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി"
english_title: "The Rotary Club celebrated its 22nd anniversary and family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34558/the-rotary-club-celebrated-its-22nd-anniversary-and-family-reunion"
published_at: "2022-03-29T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242b583e782f_0000 WATER MARK.JPG"
keywords: []
---

# റോട്ടറി ക്ലബ്ബ് ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി

> **Lead Summary:** **പേരാമ്പ്ര : **ഒട്ടനവധി സാമൂഹിക സേവന പ്രവര്‍ത്തനം നടത്തി പേരാമ്പ്രയുടെ മനസ്സില്‍ സ്ഥാനം പിടിച്ച റോട്ടറി ക്ലബ്ബിന്റെ ഇരുപത്തി രണ്ടാം വാര്‍ഷിക ആഘോഷം പേരാമ്പ്രയിലെ പഴയ തറവാടു വീടായ നടുക്കണ്ടി മൂസയുടെ വീട്ടില്‍ വച്ച് നടന്നു.

## Article Content

**പേരാമ്പ്ര : **ഒട്ടനവധി സാമൂഹിക സേവന പ്രവര്‍ത്തനം നടത്തി പേരാമ്പ്രയുടെ മനസ്സില്‍ സ്ഥാനം പിടിച്ച റോട്ടറി ക്ലബ്ബിന്റെ ഇരുപത്തി രണ്ടാം വാര്‍ഷിക ആഘോഷം പേരാമ്പ്രയിലെ പഴയ തറവാടു വീടായ നടുക്കണ്ടി മൂസയുടെ വീട്ടില്‍ വച്ച് നടന്നു.

റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ സുധീര്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം തോട്ടത്തില്‍ വേണുഗോപാലിനെ റോട്ടറി പ്രസിഡണ്ട് സി.കെ. സാജു മാസ്റ്റേഴ്‌സ് ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു.

റോട്ടറി ചാപ്റ്റര്‍ അംഗങ്ങളായ കെ.ടി. വിശ്വനാഥന്‍ നായര്‍, വൈ. എം. റഷീദ്, വി.പി. ശശിധരന്‍ എന്നിവരെ ചടങ്ങില്‍ ഫലകം നല്‍കി ആദരിച്ചു.

കാലാവസ്ഥാ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ റോട്ടറി മെമ്പര്‍ ജയരാജന്‍ കല്പകശ്ശേരിയുടെ മകള്‍ ആര്‍. രാജേശ്വരിക്ക് ചടങ്ങില്‍ ഫസ്റ്റ് ലേഡി അനുഷ മാസ്റ്റേഴ്‌സ് ഫലകം നല്‍കി.

എല്‍എസ്എസ് ജേതാവ് സെലിന്‍ സഹറിനെ മാത്തുക്കുട്ടി അഭിനന്ദിച്ചു.

2013 ല്‍ റോട്ടറിയുടെ നേതൃത്വത്തില്‍ കൂത്താളിയില്‍ വച്ച് നടന്ന അഖിലേന്ത്യ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, 2016 ല്‍ നടന്ന സ്പീച്ച് ആന്റി ഹിയറിങ് ക്യാമ്പ്, 2018 ല്‍ നടന്ന റോട്ടറി എക്‌സ്‌പോ, കഴിഞ്ഞവര്‍ഷം എടവരാട് വെച്ച് നടന്ന ദ്വിദിന വാക്‌സിനേഷന്‍ ക്യാമ്പ് എന്നിവയുടെ ഓര്‍മ്മകള്‍ ചടങ്ങില്‍ അംഗങ്ങള്‍ പങ്കുവെച്ചു.

പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോ, പരപ്പില്‍ ജനനി വനിതാ കൂട്ടായ്മയുടെ തിരുവാതിരക്കളി എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി.

റോട്ടറി അംഗം രാജ ബാലന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേള ചടങ്ങിന് ഉണര്‍വേകി. മതസൗഹാര്‍ദ്ദം തുളുമ്പുന്ന സ്വന്തം കവിത കെ.എം. ശ്രീനിവാസന്‍ അവതരിപ്പിച്ചു.

വരുംവര്‍ഷങ്ങളിലും സാമൂഹിക പ്രതിബദ്ധതയുള്ള പ്രോഗ്രാമുകള്‍ ഏറ്റെടുത്തു നടത്താന്‍ ക്ലബ്ബ് തയ്യാറാണെന്ന് മീറ്റിംഗില്‍ സംസാരിച്ച മുഴുവന്‍ അംഗങ്ങളും അഭിപ്രായപ്പെട്ടു.

120 ഓളം അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുരഭി സുരേഷ് സ്വാഗതവും സെക്രട്ടറി എന്‍.പി. സുധീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34558/the-rotary-club-celebrated-its-22nd-anniversary-and-family-reunion)