---
title: " ചക്കിലാട്ടിയ വെളിച്ചെണ്ണയും മസാലപൊടികളുമായ് ശ്രീപാദത്തില്‍ ബാലകൃഷ്ണന്‍"
english_title: "Sreepadathil Balakrishnan with coconut oil and spices meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34580/sreepadathil-balakrishnan-with-coconut-oil-and-spices-meppayoor"
published_at: "2022-03-29T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242c7dc9b4b5_0000 WATERMARK.jpg"
keywords: []
---

#  ചക്കിലാട്ടിയ വെളിച്ചെണ്ണയും മസാലപൊടികളുമായ് ശ്രീപാദത്തില്‍ ബാലകൃഷ്ണന്‍

> **Lead Summary:** ** മേപ്പയ്യൂര്‍:** വിശ്രമ ജീവിതത്തില്‍ നന്മ നിറഞ്ഞ രുചി കൂട്ടുകളും വെളിച്ചെണ്ണയുമൊരുക്കി മേപ്പയ്യൂര്‍ മഠത്തു ഭാഗത്ത് മൈത്രി നഗര്‍ ശ്രീപാദത്തില്‍ ബാലകൃഷ്ണന്‍. ജീവിതത്തിന്റെ സായന്തനത്തില്‍ നാടിന് നന്മയുള്ള എന്തെങ്കിലും പ്രവൃത്തി എടുക്കണമെന്ന തീരുമാനമാണ് ഇദ്ദേഹത്തെ മില്ല് മേഖലയില്‍ എത്തിച്ചത്. നാടും നഗരവും സാഗരവും കടന്ന് വിദേശങ്ങളില്‍ പോലും പ്രിയങ്കരമായിരിക്കുകയാണ് ഇദ്ദേഹത്തിന്റെ മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയും മറ്റ് പൊടികളും.

## Article Content

** മേപ്പയ്യൂര്‍:** വിശ്രമ ജീവിതത്തില്‍ നന്മ നിറഞ്ഞ രുചി കൂട്ടുകളും വെളിച്ചെണ്ണയുമൊരുക്കി മേപ്പയ്യൂര്‍ മഠത്തു ഭാഗത്ത് മൈത്രി നഗര്‍ ശ്രീപാദത്തില്‍ ബാലകൃഷ്ണന്‍. ജീവിതത്തിന്റെ സായന്തനത്തില്‍ നാടിന് നന്മയുള്ള എന്തെങ്കിലും പ്രവൃത്തി എടുക്കണമെന്ന തീരുമാനമാണ് ഇദ്ദേഹത്തെ മില്ല് മേഖലയില്‍ എത്തിച്ചത്. നാടും നഗരവും സാഗരവും കടന്ന് വിദേശങ്ങളില്‍ പോലും പ്രിയങ്കരമായിരിക്കുകയാണ് ഇദ്ദേഹത്തിന്റെ മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയും മറ്റ് പൊടികളും.

ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത ബാലകൃഷ്ണന്‍ കൊപ്രയും മുളകും മല്ലിയും മഞ്ഞളും അരിയുമെല്ലാം ഏറ്റവും മുന്തിയത് മാത്രം വാങ്ങി അവയിലെ മോശപ്പെട്ടവയെ തരംതിരിച്ച് ഒഴിവാക്കിയാണ് വെളിച്ചെണ്ണയും മസാലപൊടികളും നിര്‍മ്മിക്കുന്നത്. ഇവയുടെ ഗുണമേന്മ പറഞ്ഞ് കേട്ട് ആവശ്യക്കാര്‍ ഏറിവരുകയാണ്.

നാട്ടില്‍ മാത്രമല്ല കോഴിക്കോട് പട്ടണത്തില്‍ നിന്നും കേരളത്തിന് പുറത്തു നിന്നുപോലും ആവശ്യക്കാര്‍ എത്തുന്നതായി ബാലകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട്ടെ പ്രമുഖ ബേക്കറി ഗ്രൂപ്പ് വര്‍ഷങ്ങളായി ഇവിടെ നിര്‍മ്മിക്കുന്ന ചക്കിലാട്ടിയ വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത് എന്നത് ഇവരുടെ ഗുണമേന്മക്കുള്ള മികച്ച സര്‍ട്ടിഫിക്കറ്റായി ഇദ്ദേഹം കരുതുന്നു.

കോണ്‍ട്രാക്ടര്‍ ജോലിയും പ്രവാസവും കഴിഞ്ഞ് ഇനി എന്ത് എന്ന ആലോചനയാണ് വീട്ടിനോട് ചേര്‍ന്ന് ഒരു മില്ല് തുടങ്ങുക എന്നതിലേക്ക് എത്തിയതെന്ന് 77 കാരനായ ബാലകൃഷ്ണന്‍ പറയുന്നു. 15 വര്‍ഷം മുമ്പ് ഇത്തരമൊരു ആലോചന നടക്കുന്നതിനിടയില്‍ അയല്‍ക്കാരനും അധ്യാപകനുമായ വേണുവാണ് ശുദ്ധമായ വെളിച്ചെണ്ണയുടെ ആവശ്യകത അറിയിച്ചതും അതിന് മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടതും. എന്നും വ്യത്യസ്തത ആഗ്രഹിക്കുന്ന ബാലകൃഷ്ണനെ മരചക്കിനായുള്ള അന്വേഷണം എത്തിച്ചത് ഈറോഡ് ആണ്ടവര്‍ ഇന്‍ഡസ്ട്രീസിലാണ്.

2.5 ലക്ഷം രൂപ കൊടുത്ത് മരചക്ക് വാങ്ങി നാട്ടിലെത്തിയപ്പോള്‍ സുഹൃത്തുക്കളും മറ്റ് മില്ലുടമകളും ഇദ്ദേഹത്തിന്റെ തീരുമാനത്തെ പുഛ്ചിച്ചു. തേങ്ങ ആട്ടുന്നതിന് എക്സ്പല്ലര്‍ മെഷീനുകള്‍ വ്യാപകമായി കൊണ്ടിരിക്കുന്ന കാലത്താണ് ഇയാള്‍ പഴഞ്ചന്‍ രീതിയിലുള്ള മരചക്ക് കൊണ്ട് വെളിച്ചണ്ണ ആട്ടുന്നത് എന്നതായിരുന്നു ആരോപണം. എക്സ്പല്ലര്‍ ഉപയോഗിച്ച് തേങ്ങ ആട്ടുമ്പോള്‍ 70 % വെളിച്ചെണ്ണ ലഭിക്കുമെങ്കില്‍ മരചക്കില്‍ നിന്നും 60 % വെളിച്ചെണ്ണ മാത്രമേ ലഭിക്കുകയുള്ളൂ. ഇതില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന പിണ്ണാക്കിനും ഗുണം കൂടും.

തേങ്ങ ചൂടാവാതെ ഉല്പാദിപ്പിക്കാന്‍ കഴിയുന്നതിനാല്‍ ചക്കു വെളിച്ചണ്ണ, ഔഷധ ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ ലഭിക്കുകയും ചെയ്യും. മാര്‍ക്കറ്റില്‍ ലഭിക്കുന്ന മറ്റ് വെളിച്ചണ്ണെയെക്കാള്‍ വിലയില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും നല്ലത് നോക്കിവാങ്ങുന്നവര്‍ ഇവിടെ തന്നെ എത്തുന്നു. ആവശ്യക്കാര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ കൊടുക്കാന്‍ കഴിയുന്നില്ല. വെളിച്ചെണ്ണ പോലെത്തന്നെ മറ്റ് ഉല്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

നാടന്‍ മഞ്ഞളും, വിപണിയില്‍ ലഭിക്കുന്ന മുന്തിയ ഇനം മുളക്, മല്ലി, അരി, ഗോതമ്പ് എന്നിവ കഴുകി ഉണക്കിയതിന് ശേഷമാണ് പൊടിച്ച് വില്പന നടത്തുന്നത്. മറ്റ് കടകളില്‍ വില്പനക്ക് കൊടുക്കാന്‍ ഇവരുടെ വെളിച്ചെണ്ണയും പൊടികളും ഉണ്ടാവാറില്ല. വിദ്യാലങ്ങളിലേക്കും, ഡോക്ടര്‍മാര്‍, പൊലീസുകാര്‍, വിവാഹ പാര്‍ട്ടികള്‍ എന്നിവര്‍ ഇവിടെ എത്തി ഉല്പന്നങ്ങള്‍ വാങ്ങുന്നു.

കോഴിക്കോട്ടെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് തങ്ങള്‍ക്ക് മൈത്രി മില്ലിന്റെ ചക്കിലാട്ടിയ വെളിച്ചെണ്ണ വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. ഓര്‍ഡര്‍ ഏറ്റെടുത്താന്‍ ആവശ്യത്തിനനുസരിച്ച് കൊടുക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ബാലകൃഷ്ണന്‍. മൂന്ന് ജീവനക്കാരെ വെച്ച് കൊണ്ടാണ് മില്ലിന്റെ പ്രവര്‍ത്തനം നടത്തുന്നതെങ്കിലും ബാലകൃഷ്ണന്റെയും ഭാര്യ ജയശ്രീയുടെയും മേല്‍നോട്ടം എല്ലാ കാര്യങ്ങള്‍ക്കും ഉണ്ട്. ഒരു മില്ല് തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടന്ന ബാലകൃഷ്ണന്‍ അത് വിജയിപ്പിച്ചെടുത്തതിന്റെയും നാട്ടുകാര്‍ക്കും നല്ലത് ആഗ്രഹിക്കുന്നവര്‍ക്കും ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതിന്റെയും ചാരിതാര്‍ത്ഥ്യത്തിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34580/sreepadathil-balakrishnan-with-coconut-oil-and-spices-meppayoor)