---
title: "പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുതിയ കോടതി റോഡില്‍ സ്ഥാപിച്ച ഇരുമ്പ് പാലം അപകടാവസ്ഥയില്‍ "
english_title: "The iron bridge over New Court Road in the heart of the city is in disrepair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34610/the-iron-bridge-over-new-court-road-in-the-heart-of-the-city-is-in-disrepair"
published_at: "2022-03-29T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242eb7fdc127_0000 WATER MARK.JPG"
keywords: []
---

# പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുതിയ കോടതി റോഡില്‍ സ്ഥാപിച്ച ഇരുമ്പ് പാലം അപകടാവസ്ഥയില്‍ 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുതിയ കോടതി റോഡില്‍ സ്ഥാപിച്ച ഇരുമ്പ് പാലം അപകടാവസ്ഥയില്‍.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുതിയ കോടതി റോഡില്‍ സ്ഥാപിച്ച ഇരുമ്പ് പാലം അപകടാവസ്ഥയില്‍.

കോടതി റോഡിലൂടെ ഒഴുകി വരുന്ന വെള്ളം പ്രധാന റോഡിലെ ഓവുചാലിലേക്ക് പതിക്കുന്നതിനാണ് ഇവിടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഓടയുടെ മുകള്‍ ഭാഗം മൂടി ഇരിക്കുന്നത്.

ഗുണമേന്മ കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതാണ് പാലം തകരാന്‍ കാരണമെന്ന് കരുതുന്നു.

നിത്യേന ഇരുചക്ര വാഹനക്കാര്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍ പെടുന്നു. ഇത് തകര്‍ന്ന് വന്‍ അപകടത്തിനും സാധ്യത ഏറെയാണ്.

നിരവധി വാഹനങ്ങള്‍ കടന്നു പോവുന്നതും നിത്യേന നൂറുകണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്നതും, പൊലീസ് സ്റ്റേഷന്‍, ഗ്രാമപഞ്ചായത്ത്, കോടതി, ആശുപത്രി, സര്‍ക്കാര്‍ യു.പി. സ്‌കൂള്‍, ആശുപത്രി മറ്റ് നിരവധി സ്ഥാപനങ്ങളും, വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ദിവസേന യാത്ര ചെയ്യുന്നതുമായ റോഡിലാണ് പാലം തകര്‍ന്നു കിടക്കുന്നത്.

പേരാമ്പ്രയിലെ പ്രധാന ബൈപാസായി മേപ്പയ്യൂര്‍ റോഡില്‍ എത്താവുന്ന പാതയുടെ ശോചനീയമായ അവസ്ഥയാണിത്.

ഇരുമ്പു കമ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ഈ പാലം, പല തവണ അറ്റകുറ്റ പണികള്‍ ചെയ്യുകയും മാറ്റി സ്ഥാപിക്കുകയും ചെയ്തതാണ്.

പൊലീസുകാര്‍, ജനപ്രധിനിധികളും ദിവസേന കടന്നു പോകുന്ന റോഡും കൂടിയാണിത്.

കോടതി റോഡില്‍ നിന്നും ഒഴുകി വരുന്ന വെള്ളം ഒഴിഞ്ഞ് പോവാന്‍ ഈ റോഡിന് ഇരുവശത്തും കാന നിര്‍മ്മിച്ച് പ്രധാന ഓടയിലേക്ക് വെള്ളം എത്തിച്ചാല്‍ റോഡിലൂടെ വെള്ളമൊഴുകുന്നത് ഒഴിവാക്കാനാവും.

അതോടൊപ്പം ഇരുമ്പ് പൈപ്പ് മാറ്റി ഓടക്ക് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബും സ്ഥാപിക്കാന്‍ കഴിയും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34610/the-iron-bridge-over-new-court-road-in-the-heart-of-the-city-is-in-disrepair)