---
title: "അനുജിത്ത്കൃഷ്ണയുടെ സ്‌നേഹ മനസ്സിലുണ്ട് വൃതശുദ്ധിയുടെ ആത്മനിര്‍വൃതി"
english_title: "Anujit Krishna's love is in his mind, the self-fulfillment of Vritashuddhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346226/anujit-krishnas-love-is-in-his-mind-the-self-fulfillment-of-vritashuddhi"
published_at: "2026-03-07T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abe38b6f974_cheruvannur.JPG"
keywords: []
---

# അനുജിത്ത്കൃഷ്ണയുടെ സ്‌നേഹ മനസ്സിലുണ്ട് വൃതശുദ്ധിയുടെ ആത്മനിര്‍വൃതി

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ നടുക്കണ്ടി പാറയിലെ കുന്നുമല്‍ എന്ന വീട്ടിലെ ഭിന്നശേഷിക്കാരനായ അനുജിത്ത് കൃഷ്ണയുടെ നോമ്പുതുറയ്ക്ക് മാനത്ത് തെളിയുന്ന പെരുന്നാള്‍ അമ്പിളിയെക്കാളുംസ്‌നേഹമുള്ള അമ്പിളി തെളിച്ചമുണ്ട്.

## Article Content

**പേരാമ്പ്ര: **വാളൂര്‍ നടുക്കണ്ടി പാറയിലെ കുന്നുമല്‍ എന്ന വീട്ടിലെ ഭിന്നശേഷിക്കാരനായ അനുജിത്ത് കൃഷ്ണയുടെ നോമ്പുതുറയ്ക്ക് മാനത്ത് തെളിയുന്ന പെരുന്നാള്‍ അമ്പിളിയെക്കാളുംസ്‌നേഹമുള്ള അമ്പിളി തെളിച്ചമുണ്ട്.

നന്മയുടെ ഉറവ എന്നതിനൊപ്പം തിന്മകള്‍ക്കെതിരെയുള്ള പരിചകൂടിയായ നോമ്പിന് പറയാന്‍ സവിശേഷതകള്‍ ഏറെയുണ്ട്. അസ്തമയത്തോടൊപ്പം ആകാശത്ത് ബാങ്ക് വിളിയുടെ ശബ്ദം തെളിമയാര്‍ന്ന് മുഴങ്ങുമ്പോള്‍ അനുജിത്ത് കൃഷ്ണയെന്ന ഭിന്ന ശേഷിക്കാരന്റെ മനസില്‍ റമദാനും, നോമ്പ് തുറക്കലും, ഇഫ്താര്‍ വിരുന്നുമൊക്കെ സാഹോദര്യത്തിന്റെയും, മതസൗഹാര്‍ദത്തിന്റെയും തിളക്കങ്ങളാണെന്ന തിരിച്ചറിവുകള്‍ക്കപ്പുറം ഈ ലോകത്തിലെ നിറം മങ്ങിയ വാര്‍ത്തകള്‍ക്കൊന്നും സ്ഥാനവുമില്ല.

വിശപ്പിന്റെ കാഠിന്യവും ഭക്ഷണത്തിന്റെ വിലയും തിരിച്ചറിയുന്നതിനൊപ്പം പരസ്പര സ്‌നേഹവും ഐക്യവും വിളിച്ചോതുന്ന വൃതാനുഷ്ഠാന കാലം അവനെന്നും സന്തോഷത്തിന്റെ കാലമാണ്. അനുജിത്ത് കൃഷ്ണ കൊയിലാണ്ടി പുറക്കാട്ടേരി ശാന്തി സദനം ഡിഫറന്റലിഏബിള്‍ സ്‌ക്കൂളില്‍ വൊക്കഷനല്‍ പഠിക്കുന്ന 21 വയസുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയാണ്.

സ്‌ക്കൂളില്‍ അനുജിത്ത് കൃഷ്ണയുടെ കൂട്ടുകാരും അധ്യാപകരുമെല്ലാം നോമ്പ് എടുക്കുന്നവരാണ്. അങ്ങനെ നോമ്പിന്റെ മഹത്വം കണ്ടും കേട്ടും അറിഞ്ഞതോടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ നോമ്പ് എടുക്കാന്‍ ഈ ഭിന്നശേഷിക്കാരന്‍ തയ്യാറായത്.പതിവുപോലെ നോമ്പുകാലത്ത് സ്‌ക്കൂള്‍ വിട്ട് വീട്ടിലെത്തിയ അനുജിത്ത് കൃഷ്ണ എനിക്ക് ഇന്നു മുതല്‍ നോമ്പ് എടുക്കണമെന്ന് അമ്മ ഷൈജയോട് ആവശ്യപ്പെടുകയായിരുന്നു.

മകന്റെ തീരുമാനം കേട്ട് ആദ്യമൊന്ന് പകച്ച അമ്മ പിന്നീട് അവന്റെ ആഗ്രഹം തിരിച്ചറിയുകയും അപ്പോള്‍ തന്നെ അതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കൃത്യമായി 27 ദിവസം വൃതം അനുഷ്ഠിച്ചിട്ടുണ്ട്.

ഈ പ്രാവിശ്യം നോമ്പ് ഒന്നുപോലും തെറ്റാതെ അനുഷ്ഠിക്കുകയാണിവന്‍. വൈകുന്നേരം പള്ളിയില്‍ നിന്നും ബാങ്ക് വിളിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ നോമ്പുതുറക്കും. പിന്നീട് നോമ്പ് അനുഷ്ഠിക്കേണ്ട പുലര്‍ച്ചെക്കുള്ള തയ്യാറെടുപ്പിനായി നാലു മണിക്കു മുമ്പേ തന്നെ അമ്മയെ വിളിച്ച് ഉണര്‍ത്തി ഭക്ഷണം പാകം ചെയ്യാന്‍ പറയും.

സമയം നോക്കാന്‍ അനുജിത്ത് കൃഷ്ണക്ക് അറിയില്ല. മകന്റെ ആഗ്രഹം കൃത്യമായി തന്നെ അമ്മയും അച്ഛനും നടത്തി കൊടുക്കുകയും ചെയ്യും. അനുജിത്ത് കൃഷ്ണയുടെ അമ്മ ഷൈജയും വിവാഹത്തിനു മുന്‍പ് നോമ്പ് എടുത്ത കാര്യം ഓര്‍മ്മപ്പെടുത്തുന്നു. സ്‌ക്കൂളിലുള്ളവര്‍ അനുജിത്ത് കൃഷ്ണക്ക് നോമ്പ് പൂര്‍ത്തികരിക്കാനുള്ള എല്ലാ സഹായം നല്‍കി ഒപ്പമുണ്ട്.

നോമ്പ് തുറക്കുന്നതിനു വേണ്ട പല സാധനങ്ങളും വാങ്ങി കൊടുക്കാറുണ്ട്. വീടിന് ചുറ്റുപാടുമുള്ളവര്‍ ജാതി മത ഭേദമന്യേ നോമ്പുതുറക്കാന്‍ വിളിക്കുകയും, നോമ്പുതുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാറുള്ളതും ഇവര്‍ സ്‌നേഹത്തോടെ പങ്ക് വെയ്ക്കുന്നു.

ശിവരാത്രി ദിവസം തെറ്റാതെ വൃതം നോല്‍ക്കുന്ന പതിവും അനുജിത്ത് കൃഷ്ണക്കുണ്ട്. അന്നേ ദിവസം മുഴുവന്‍ ഉറങ്ങാതിരുന്നു വൃതം പൂര്‍ത്തീകരിക്കും. കൂടാതെ പ്രദേശത്തെ പല ക്ഷേത്രങ്ങളിലും ഉത്സവനാളില്‍ ദര്‍ശനം നടത്തുന്ന പതിവും ഈ നന്മയുള്ള മനസ്സിനുണ്ട്. നോമ്പ് തുറക്കുന്നതിനും നോല്‍ക്കുന്നതിനും മുന്‍പ് സ്‌കൂളിലെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും , വീട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

അതിനു ശേഷമെ നോമ്പിന് മുന്‍പ് ഭക്ഷണം കഴിക്കൂ. പടച്ചോനില്‍ വിശ്വാസം ഉള്ളത് കൊണ്ടാണ് ഞാന്‍ നോമ്പ് നോല്‍ക്കാന്‍ തുടങ്ങിയതെന്ന് അനുജിത്ത് കൃഷ്ണ പറയുന്നു. മകന്റെ വൃതാനുഷ്ഠാനത്തില്‍ പൂര്‍ണ്ണ പിന്തുണയാണ് അച്ഛന്‍ ബാലകൃഷ്ണനും അമ്മ ഷൈജയും നല്‍കി വരുന്നത്.

രണ്ടു മക്കളില്‍ ഇളയവനാണ് അനുജിത്ത് കൃഷ്ണ. പുണ്യങ്ങളുടെ വസന്ത കാലത്ത് വൃതശുദ്ധിയുടെ ആത്മ നിര്‍വൃതിയില്‍ അനുജിത്ത് കൃഷ്ണയ്ക്ക് ഒരോയൊരു മതം സ്‌നേഹം മാത്രമാണ്. സംസാരിക്കുന്ന ഒരേയൊരു ഭാഷയാവട്ടെ നന്മയുടെ ഉറവകളുടേതും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346226/anujit-krishnas-love-is-in-his-mind-the-self-fulfillment-of-vritashuddhi)