---
title: "സെന്റ് പാട്രിക്‌സ് പള്ളിയില്‍ വന്‍ തീപിടിത്തം"
english_title: "Major fire breaks out at St. Patrick's Church"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346246/major-fire-breaks-out-at-st-patricks-church"
published_at: "2026-03-07T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abee32a4695_cheruvannur.JPG"
keywords: []
---

# സെന്റ് പാട്രിക്‌സ് പള്ളിയില്‍ വന്‍ തീപിടിത്തം

> **Lead Summary:** **പേരാമ്പ്ര**: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സമീപം സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസില്‍ വന്‍ തീപിടിത്തം. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.

## Article Content

**പേരാമ്പ്ര**: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സമീപം സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസില്‍ വന്‍ തീപിടിത്തം. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.

കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന പള്ളി വികാരിയുടെ കാറിനും ഭാഗികമായി തീപിടിച്ചു. പള്ളിയുടെ കെട്ടിടത്തിനും കാറിനും ആരോ തീയിട്ടുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ 4.45 ന് ചാലപ്പുറം പുഷ്പ ജംക്ഷനു സമീപം ഫ്രാന്‍സിസ് പാലത്തിന്റെ തുടക്കത്തില്‍ റെയില്‍വേ പാളത്തിന് തൊട്ടടുത്തുള്ള സെന്റ് പാട്രിക്സ് പള്ളിയില്‍ ആണ് സംഭവം .

ഈ പള്ളിക്ക് പിന്നില്‍ മതബോധന ക്ലാസുകള്‍ നടത്തുന്ന പഴയ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. രൂപക്കൂട്, വിളക്ക്, രൂപങ്ങള്‍, പളളിയുമായി ബന്ധപ്പെട്ട രേഖകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് അവിടെ ഉണ്ടായിരുന്നത്. പള്ളിയുടെ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതിനിടെ ഒരാള്‍ മുകളിലൂടെ കടന്നു പോകുന്നതും തുടര്‍ന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം .

മേല്‍ക്കൂരയും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ കെട്ടിടം പൂര്‍ണമായും നശിച്ചു. പളളിപ്പെരുന്നാളിന് സൂക്ഷിച്ച സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ദുരൂഹത ഉള്ളതിനാല്‍ ചെമ്മങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346246/major-fire-breaks-out-at-st-patricks-church)