---
title: "വനിതാ ദിനത്തില്‍ മകനു വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു മാതാവ്"
english_title: "A mother prays for her son on Women's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346437/a-mother-prays-for-her-son-on-womens-day"
published_at: "2026-03-08T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad4de89f356_PTHU.JPG"
keywords: []
---

# വനിതാ ദിനത്തില്‍ മകനു വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു മാതാവ്

> **Lead Summary:** **പേരാമ്പ്ര: **വനിതാ ദിനത്തില്‍ മകനു വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു മാതാവ്. 45 വര്‍ഷം മകന് വേണ്ടി മാത്രം ജീവിച്ച ഒരു മാതാവിന്റെ കഥ. പേരാമ്പ്ര ചിരുതോന്നുമ്മല്‍ മുറിച്ചാണ്ടി മീത്തല്‍ പാത്തുമ്മ ആണ് ഈ വനിത. മകന്‍ മുനീര്‍ പിറന്ന് 6 മാസം ആയപ്പോഴേക്കും പോളിയോ ബാധിച്ച് തളര്‍ന്ന് 2 കാലുകളും വളരാതെ രണ്ട് ഭാഗത്തേക്ക് വളഞ്ഞ അവസ്ഥയിലായിരുന്നു. 6 മാസം വരെ മകനെ എടുത്തു നടന്ന ഉമ്മ പിന്നെയും മകനെ എടുത്ത് നടക്കേണ്ട അവസ്ഥയായിരുന്നു. മകന്‍ വലുതായതോടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കേണ്ട സ്ഥിതിയിലുമായി.

## Article Content

**പേരാമ്പ്ര: **വനിതാ ദിനത്തില്‍ മകനു വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു മാതാവ്. 45 വര്‍ഷം മകന് വേണ്ടി മാത്രം ജീവിച്ച ഒരു മാതാവിന്റെ കഥ. പേരാമ്പ്ര ചിരുതോന്നുമ്മല്‍ മുറിച്ചാണ്ടി മീത്തല്‍ പാത്തുമ്മ ആണ് ഈ വനിത. മകന്‍ മുനീര്‍ പിറന്ന് 6 മാസം ആയപ്പോഴേക്കും പോളിയോ ബാധിച്ച് തളര്‍ന്ന് 2 കാലുകളും വളരാതെ രണ്ട് ഭാഗത്തേക്ക് വളഞ്ഞ അവസ്ഥയിലായിരുന്നു. 6 മാസം വരെ മകനെ എടുത്തു നടന്ന ഉമ്മ പിന്നെയും മകനെ എടുത്ത് നടക്കേണ്ട അവസ്ഥയായിരുന്നു. മകന്‍ വലുതായതോടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കേണ്ട സ്ഥിതിയിലുമായി.

6 മാസം കഴിഞ്ഞപ്പോള്‍ പനി വന്ന് മാസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അന്നു മുതല്‍ അപസ്മാരവും തുടങ്ങി. അന്നു തുടങ്ങിയതാണ് മരുന്നുമായുള്ള കളി. വീടിനു ഉള്ളിലൂടെ ഇഴഞ്ഞാണ് മുനീര്‍ സഞ്ചരിക്കുന്നത്. ശുചിമുറിയില്‍ പോലും പരസഹായം ഇല്ലാതെ പോകാന്‍ കഴിയില്ല. കട്ടിലില്‍ കയറി കിടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. എടുത്ത് നടക്കുന്ന കാലത്താണ് മുനീര്‍ കട്ടിലില്‍ കിടന്ന് ഉറങ്ങിയതെന്നാണ് മാതാവ് പാത്തുമ്മ പറയുന്നത്. 35 വര്‍ഷത്തോളമായി നിലത്ത് പായ വിരിച്ചാണ് മുനീറിന്റെ ഉറക്കം. പേരാമ്പ്ര മാര്‍ക്കറ്റിലെ പോട്ടറായിരുന്ന സി.അബ്ദുല്ലയുടെയും പാത്തുമ്മയുടെയും 4 മക്കളില്‍ 4-ാമത്തെ മകനാണ് 45 കാരനായ മുനീര്‍.

വര്‍ഷങ്ങളായി വീടിനു ഉള്ളില്‍ തന്നെ കഴിയുന്ന മുനീര്‍ 25 വര്‍ഷമായി പ്രമേഹ രോഗിയാണ്. ദിവസവും 2 തവണ ഇന്‍സുലില്‍ ചെയ്താണ് കഴിഞ്ഞു പോകുന്നത്. 17 വര്‍ഷം മുന്‍പാണ് മുനീറിന്റെ പിതാവ് മരിച്ചത്. അതിനു ശേഷം ഉമ്മയും മകനും മൂന്നാമത്തെ മകന്‍ ഷമീറിന്റെ ഒപ്പമാണ് താമസം. ഉമ്മയെയും സഹോദരനെയും പിരചരിക്കുന്നതില്‍ ഷമീറും സന്തുഷ്ടനാണ്. യാതൊരു കുറവും വരുത്താതെയാണ് പരിചരിക്കുന്നതെങ്കിലും തന്റെ കാല ശേഷം മകന്റെ കാര്യം എന്താകും എന്ന ആവലാതിയിലാണ് 70 കാരിയായ മാതാവ് പാത്തുമ്മ.

10 വര്‍ഷം മുന്‍പ് പാത്തുമ്മയും സ്‌ട്രോക്ക് വന്ന് കിടപ്പിലായിരുന്നു. ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുകയാണ്. മകന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ടെന്‍ഷനാണ് ഈ ഉമ്മയെ ഹൃദ്രോഗിയാക്കി മാറ്റിയതും. രോഗിയായാലും നോമ്പുകള്‍ എല്ലാം കൃത്യമായി എടുക്കുന്ന പാത്തുമ്മ തന്റെ മകനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുയാണ്. നോമ്പ് കാലത്തുള്ള വനിതാ ദിനത്തില്‍ എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്ന അഭ്യര്‍ഥനയും ഉണ്ട് ഈ മാതാവിന് പല പെരുന്നാള്‍ സമയങ്ങളിലും പലരും മകനെ സഹായിച്ചിട്ടുണ്ടെന്നും ഇനിയും സഹായം ഉണ്ടാകണം എന്നുമാണ് പ്രാര്‍ഥനയെന്നും ഉമ്മ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346437/a-mother-prays-for-her-son-on-womens-day)